Monday, 28 December 2009

ഡബ്ബാ മാജിക്

എന്‍റെ അപ്പൂപ്പന്‍ ആളൊരു കിടിലമായിരുന്നു .സ്ഥലത്തെ പേരുകേട്ട വൈദ്യന്‍, പ്രമാണി ..എല്ലാത്തിലും ഉപരി രാജകീയമായ ആ നടത്തയും പ്രൌഡിയും ഒക്കെ ഒന്ന് കാണേണ്ട കാഴ്ചയായിരുന്നു.

അപ്പൂപ്പന്‍ ശബ്ദമുയര്‍തിയാല്‍ മുതിര്‍ന്നവര്‍ വരെ നിന്നിടം നനയ്ക്കും. പക്ഷെ മൂത്ത പേരക്കുട്ടി എന്ന പരിഗണനയില്‍ എനിക്ക് അപ്പൂപ്പന്‍റെ അടുത്ത് ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരുന്നു. അപ്പൂപ്പന്‍ തന്‍റെ ചൂരല്‍ വരിഞ്ഞ നീണ്ട കയ്യുള്ള ചാരുകസേരയില്‍ ഞെളിഞ്ഞിരുന്നു മരുന്ന് പെരയിലെ ജോലിക്കാര്‍ക്ക് ആജ്ഞകള്‍ നല്‍കുമ്പോള്‍ അപ്പൂപ്പന്‍റെ പിന്നില്‍ കഴുത്തിലൂടെ കയ്യിട്ടു കൊട്ടാമ്പുരതുണ്ണി ആയി ഞാനുണ്ടാവും.

അപ്പൂപ്പന്‍ ഉറക്കെ അലറി വഴക്ക് പറയുമ്പോ പുറത്തു പറ്റിയിരിക്കുന്ന എന്‍റെ നെഞ്ചില്‍ ഒരു പെരുമ്പറ മുഴങ്ങും പോലെ തോന്നും. ജോലിക്കാര്‍ നിന്നു വിറക്കുമ്പോള്‍ ഞാന്‍ ചരിഞ്ഞു നിന്നു ആരാധനയോടെ അപ്പൂപ്പനെ നോക്കും. അവര് പോയിക്കഴിയുമ്പോള്‍ " പൊടി അഴുക്കെ" എന്ന് പറഞ്ഞു എന്‍റെ കവിളില്‍ നുള്ളും അപ്പൂപ്പന്‍.

അപ്പൂപ്പന്‍റെ പേന അപ്പൂപ്പന്‍റെ ചെവിതോണ്ടി അപ്പോപ്പന്റെ കട്ടില്‍ - എല്ലാത്തിനും അപ്പൂപ്പന് ഒരു സ്പെഷ്യല്‍ എഫ്ഫക്റ്റ്‌ ഉണ്ട് . അമ്മൂമ്മ കഴിഞ്ഞാല്‍ ഇതെല്ലാം പെരുമാറാന്‍ ഉള്ള ഭാഗ്യം എനിക്ക് മാത്രമേ ഉണ്ടായിട്ടുള്ളൂ.

സിഗരറ്റ് മുറുക്കാന്‍ - ഇവ രണ്ടും അപ്പൂപ്പന്റെ (ദു) ശീലങ്ങള്‍ ആയിരുന്നു.സിഗരറ്റ് വായില്‍ വെച്ച് കൊടുക്കാനും ഫ്രിഡ്ജില്‍ നിന്നു കേടില്ലാത്ത വെറ്റില എടുത്തു അമ്മുമ്മയെ കൊണ്ട് മുറുക്കാന്‍ പൊതിഞ്ഞു വാങ്ങി കൊടുക്കാനും എനിക്ക് വലിയ ഉത്സാഹമായിരുന്നു.. ഇതിനു പകരം സിഗരറ്റ്  കൂടിന്‍റെ ഉള്ളിലെ വെള്ളി ഫോയില്‍ പേപ്പറും പിന്നെ സിഗരെറ്റിന്റെ കൂട് വെച്ചുണ്ടാക്കിയ തവളകളും എനിക്ക് കിട്ടുമായിരുന്നു. അതുകൊണ്ട് ഈ വക (ദു) ശീലങ്ങള്‍ ഞാന്‍ മാക്സിമം പ്രോത്സാഹിപ്പിച്ചിരുന്നു.

എല്ലാ പ്രത്യേക പരിഗണന ഉണ്ടെങ്കിലും അപ്പൂപ്പന്റെ ഒരു സമ്പാദ്യം മാത്രം എനിക്ക് അപ്രാപ്യം ആയിരുന്നു . മുറുക്കാന്‍ വായിലിട്ടു മേശയുടെ വലിപ്പില്‍ നിന്നു ഒരു നീല ഡബ്ബ എടുത്തു ഒരു കുഞ്ഞു വെള്ള സ്പൂണില്‍ അതില്‍ നിന്ന എന്തോ എടുത്തു വായിലേക്ക് ഒറ്റ ഏറു ഏറിയും..അത് കൃത്യം വായില്‍ പിടിച്ചിട്ടു  ആസ്വദിച്ചു ചവച്ചുകൊണ്ട് ആ ഡബ്ബ അത് പോലെ തിരികെ മേശക്കുള്ളില്‍ വെക്കും ..

ഒരു ദിവസം ഞാന്‍ ആ നീല ഡബ്ബയുടെ  മേലെ സ്വര്‍ണ ലിബികള്‍ വായിച്ചു .." പാന്‍ പരാഗ്" ഇതാണോ ആ വിശേഷ ഭോജ്യം ..ആ ഡബ്ബയുടെ മുകളിലത്തെ ചിത്രപ്പണി കണ്ടു തീരും മുമ്പേ അപ്പോപ്പന്‍ "ഡീ" എന്നലറി അത് തട്ടിപ്പറിച്ചു ..

അന്ന് മുതല്‍ ആ ഡബ്ബ എന്‍റെ ലക്ഷ്യമായിതീര്‍ന്നു .. എങ്ങനെയും അത് കയ്ക്കലാക്കണം..ഞാന്‍ കാത്തിരുന്നു .

ഒരു ദിവസം രാവിലെ ഒരു കല്യാണത്തിന് പോകുന്ന തിരക്കില്‍ അപ്പൂപ്പന്‍ അത് മേശയില്‍ വെക്കാന്‍ മറന്നു ..അപ്പൂപ്പന്‍ പോവുമ്പോള്‍ പടിഞ്ഞാറെ വരാന്തയില്‍ പട്ടികയില്‍ കെട്ടിയ ഉഞ്ഞാളില്‍  ആടി ഞാന്‍ ഇത് ശ്രധിച്ച്ചിരിക്കുക്കയായിരുന്നു. അവര്‍ പോയതും ഞാന്‍ അപ്പൂപ്പന്‍റെ  ചാരുകസേരയില്‍ കയറി ഇരുന്നു.. എന്നിട്ട് ഒരു  സൈഡില്‍ അമ്മുമ്മയെ സങ്കല്പിച്ചു ഒരു സാങ്കല്പിക മുറുക്കാന്‍ വാങ്ങി വായിലിട്ടു ..പിന്നെ ആ സുന്ദര ഡബ്ബ എടുത്തു തുറന്നു ഒരു കട്ട ആ കുഞ്ഞു സ്പൂണില്‍ എടുത്തു വായിലോട്ടു ഒറ്റ ഏറു കൊടുത്തു.. അതെന്‍റെ തലയുടെ മോളിലൂടെ പോയി തട്ടില്‍ ഇരുന്ന ബോമ്മയുടെ തിരുനെറ്റിയില്‍ തന്നെ സൂക്ഷം ചെന്നടിച്ചു.. അത് തല ആയത്തിലാട്ടി എന്നെ കളിയാക്കി ..ആഹാ എന്ന ന്നാ ഇപ്പൊ കണ്ടോ ..ഒന്നുടെ ഉന്നം വെച്ച് ഒരേറ്..ടപ്പ്.. കൃത്യം വായില്‍..

എന്ടമ്മോ എന്തോരെരിവ് .. ഇതാണോ അപ്പൂപ്പന്‍  കണ്ണടച്ച് ആസ്വതിക്കണ രുചി? എന്തേലും ആവട്ടെ അപ്പൂപ്പന്‍ തുപ്പുന്ന പോലെ ചുമന്നു  വളച്ചു തുപ്പിയാലെ ഈ പക്രിയ തീരു .. അത് വരെ ക്ഷമിച്ചേ പറ്റു.

പക്ഷെ വായില്‍ മാത്രമല്ല ഉള്ളില്‍ നിന്നും പരാക്രമം തുടങ്ങി .. എന്തക്കെയോ ഉരുണ്ടു കേറി വരാണ്..  ഗ്വാ ... ചുമന്നല്ലേലും ഞാന്‍ വളച്ചു തുപ്പി .. അന്നും അതിന്റെ തലേന്നും കഴിച്ച എല്ലാം വളച്ചു തുപ്പി ..

ഇത്രയും ആയപ്പോലെക്കും അമ്മൂമ്മ ഓടി വന്നു .." എന്നാ പറ്റി മോളെ"    എന്ന് ചോദിച്ചു കൊണ്ട് ഒന്നല്ല 3 അമ്മൂമ്മ .മൂന്നു പേരും കറങ്ങുന്നു ..ബൊമ്മ കളിയാക്കിയ പോലെ അമ്മൂമ്മയും കളിയാക്കുക്കുകയാണോ? കരച്ചില്‍ വിങ്ങി തൊണ്ട നോവുന്നുണ്ട്. അമ്മൂമ്മ അടുതെതും മുമ്പേ ഞാന്‍ താഴേക്ക്‌ വീണു .


പിന്നെ വിയര്‍ക്കുകയോ  കറങ്ങുകയോ  എന്തക്കയോ ഉണ്ടായി. ഒരു ഉറക്കം കഴിഞ്ഞു എണീക്കും വരെ എല്ലാം മൂന്നായാണ് കണ്ടിരുന്നത്‌. അപ്പൂപ്പന്‍ കല്യാണത്തിന് പോയി വന്നു എന്‍റെ കയ്യില്‍ നാരങ്ങ തിരുകി തന്നു ..എന്നിട്ട് കല്യാണത്തിന് കിട്ടിയ ചെണ്ടില്‍ ഉള്ള വാടാമല്ലി എന്‍റെ കവിളില്‍ കുത്തി വിളിച്ചു.." എടി അഴുക്കെ നീ ഇതെന്നാടി ഒപ്പിച്ചേ .."

പാതി തുറന്ന കണ്ണിലൂടെ ഞാന്‍ അപ്പൂപ്പനെ നോക്കി കര്‍ശനമായി പറഞ്ഞു
 
" അപ്പൂപ്പാ ഇനി മുറുക്കരുത് അത് ചീത്തയാ‌ ."

Monday, 7 December 2009

DIVIDE AND RULE


കന്യാ സ്ത്രീകള്‍ക്ക് ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ മിണ്ടനത് ഇഷ്ടമല്ല
ആറാം ക്ലാസ്സ് വരെ ഞങ്ങളെ ഭിന്നിച്ചു നിര്‍ത്തി.. തമ്മില്‍ കണ്ടാല്‍ കീരിം പാമ്പും മാതിരി ..(ആംഗലേയ ഭാഷയുടെ പ്രചരണം പോലെ ഭിന്നിച്ചു ഭരിക്കുക എന്ന അടവും ബ്രിടിഷുകാര്‍ കനിഞ്ഞു നല്‍കിയതാണ് ഇവര്‍ക്ക്)


ഏഴാം ക്ലാസ്സ് വരെ മാത്രേ ഞങ്ങളുടെ സ്കൂളില്‍ ആണ്‍കുട്ടികള്‍ ഒള്ളു. അതുകൊണ്ട് എഴില്‍ ഒരു നല്ല ചങ്ങാത്തം ഞങ്ങള്‍ ആണ്‍കുട്ടികളും ആയി പുലര്‍ത്തിയിരുന്നു.. കൌമാരത്തിന്റെ തുടക്കത്തിലെ ചില ചിന്ന പ്രേമങ്ങളും ഉണ്ടായിരുന്നു.. സ്കൂള്‍ വിട്ടു പോയാലും ഇണ പിരിയില്ല എന്ന് ശബദം ചെയ്ത ചില ലൈല മജ്നുമാരെ എനിക്ക് നേരിട്ടറിയാം.


ടിവയ്ട് ആണ്ട് റൂള്‍ എന്ന പദ്ധതിക്ക് ഖടക വിരുദ്ധമായ ഈ പരിവര്‍ത്തനം സിസ്റ്റര്‍മാര്‍ക് തീരെ പിടിച്ചില്ല. അത് കൊണ്ട് എപ്പോളും ഞങ്ങളുടെ ക്ലാസ്സിനെ ശ്രദ്ധിക്കണം എന്നും പ്രശ്നം കണ്ടാല്‍ അപ്പൊ ക്രൂശിക്കണം എന്നും എല്ലാ അധ്യാപകര്‍ക്കും പ്രത്യേക നിര്‍ദ്ദേശം ഉണ്ടായിരുന്നു


ഫുള്‍   ഊണിഫോരം എന്നത് എന്നും ഞങ്ങള്‍ക്ക് ഒരു പ്രശ്നം ആയിരുന്നു  . അസ്സെമ്പ്ലിക്ക് പോകും മുമ്പേ റിബ്ബന്‍  ഒപ്പിക്കാനും സോക്ക്സ് സാന്ടല്‍ ബെല്‍റ്റ്‌ എല്ലാം ഉറപ്പാക്കാനും ഒരു ബഹളം ആയിരിക്കും. ക്ലാസ്സ്‌ ലീഡര്‍ അയ ഞാന്‍ 51 തോണ്ടാമാക്രികളോട് കീപ്‌ ക്വോയറ്റ് എന്ന് പറഞ്ഞാല്‍ എവിടെ യേശാന്‍ ..അവരെ യെധേഷ്ടം ശബ്ദിക്കാന്‍ വിട്ടിട്ടു ഞാന്‍ ഒരു മുട്ടന്‍ നെല്ലിക്ക ചപ്പി ഇരിപ്പായി . സെവെന്‍ ബി ബഹളമയം ആയതും ഹെഡ്മിസ്ട്രെസ്സ് നേരിട്ട് വരികയും ക്ലാസ്സില്‍ പിടിവലി മുടിചീകല്‍ ഷൂ പോളിഷ് എന്നിങ്ങനെ പലവിധ പരിപാടികള്‍ കണ്ടു മുട്ടന്‍ ചൂരല്‍ എടുത്തു വാതിലില്‍ ആഞ്ഞു  തല്ലി അച്ചടക്കത്തിന്റെ അപായമണി മുഴക്കുകയും  ചെയ്തു


 .വയെര്‍ ഈസ്‌ ദി ക്ലാസ്സ്‌ ലീഡര്‍ ? ...അതൊരു അലര്‍ച്ച ആയിരുന്നു .. ഞാന്‍ അറിയാതെ തന്നെ മുന്‍പോട്ടു നീങ്ങി നിന്നു.. "ഇങ്ങനെ ആണോ ക്ലാസ്സില്‍ ടിസ്സിപ്ലിന്‍" ..   സിസ്റ്റര്‍ ചോദിച്ചു .. " ഊഹൂം " ഞാന്‍ മൊഴിഞ്ഞു .. മിണ്ടാന്‍ പറ്റെണ്ടേ വായില്‍ മുട്ടന്‍  നെല്ലിക്ക കിടക്കുകയാ.. " ഇതെന്താ തന്റെ വായില്‍ " .. " ഊഹൂം "..തുറക്കെടോ വായ ..ഞാന്‍ തുറന്നു.. അത്രേം വലിയ നെല്ലിക്ക ഒറ്റയ്ക്ക് തിന്നതിനാണോ എന്നറിയില്ല നെല്ലിക്ക വേസ്റ്റ് പേപ്പര്‍ ബാസ്കറ്റില്‍ കളയാന്‍ പറഞ്ഞു .. ലീഡര്‍ എല്ലാ കുട്ടികളേം കൂട്ടി ഉച്ച വരെ വെയിലത്ത്‌ നിക്കണ്ടിയും വന്നു ..


അന്ന് നഗരത്തിലെ ഒരു പ്രമുഖ ക്ലബ്‌ നടത്തുന്ന പാട്ട് മത്സരം ആണ് സ്കൂളില്‍. അച്ഛന്‍ ആ ക്ലബ്ബില്‍ മെമ്പര്‍ ആണ്. അച്ഛന്‍ വന്നില്ലേലും അച്ഛന്റെ കൂടുകാരോക്കെ കണ്ടു അച്ഛന്റെ മോള്‍ ഒരു വാനരപ്പടയുമായി വെയില് കായുനത്.. വീട്ടില്‍ അന്ന് വൈകുന്നേരം അച്ഛന്റെ അധ്യക്ഷതയില്‍ പ്രത്യേക അനുമോദന യോഗം ഉണ്ടായിരുന്നു..


.............................................................................


അങ്ങനെ എല്ലാ വെടിപടക്കങ്ങലോടും കൂടി വളരെ ആര്‍ഭാടമായി ഞങ്ങള്‍ ഏഴാം ക്ലാസ്സു കാര്‍ പഠനം തുടര്‍ന്നു. ആയിടെ ഞങ്ങളുടെ പത്തിമടക്കാന്‍ അന്നാമ്മ ജോസഫ്‌ എന്നൊരു സൂവോലോജി ടീച്ചറിനെ നിയമിച്ചു.. ചോദിച്ചു ചോദിച്ചു ഉത്തരം മുട്ടിച്ചു അടി തരുക..ഇമ്പോസിഷന്‍  എഴുതിക്കുക, വീട്ടുകാരോട്  ഞങ്ങളുടെ കുറ്റം പറയുക എന്ന് വേണ്ട ദിനം പ്രതി ടീച്ചറുടെ  ക്രൂരതകള്‍ കൂടി വന്നു .


ഇതിനു ഒരു പരിഹാരം വേണം. ടീച്ചറിനെ ഒന്ന് പേടിപിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു..


ക്ലാസിലെല്ലാവരും കൂടി ആലോചിച്ചു .. പ്രധാന വില്ലന്‍ ഷഹനാസ് തന്നെ ഉപായം കണ്ടു പിടിച്ചു .. പിറ്റേന്ന് അവന്‍ ഒരു കൂട് പൊട്ടാസ് കൊണ്ട് വന്നു .. മേശയുടെ നാല് കാലിനും കസേരയുടെ ബുഷിന്റെ ചുവട്ടിലും നിക്ഷേപിച്ചു. ടീച്ചര്‍ക്ക്‌ മേശമേല്‍ കയറി ഇരിക്കുന്ന സ്വഭാവം ഉണ്ട്. മേശമേല്‍ ആയാലും കസേരമേല്‍ അയാലും വെടി പൊട്ടണം ടീച്ചര്‍ ഞെട്ടണം ഒത്താല്‍ താഴെ വീഴണം .. ഇതാരുന്നു പദ്ധതി .


ടീച്ചര്‍ വന്നു കസേരയില്‍ ഇരുന്നു മേശയില്‍ കയറി ഒരു കാല്‍ തറയില്‍ കുത്തി അമര്‍ന്നിരുന്നു .. ഇപ്പൊ പൊട്ടും ..എല്ലാരും ശ്വാസം അടക്കി ഇരുന്നു .. ഒന്നും സംഭവിച്ചില്ല . പലരും പല്ലിറുമ്മി ശഹനാസിനെ നോക്കി .. ക്ലാസ്സ് നടക്കുന്നതിനിടയില്‍ ഹെട്മിസ്ട്രെസ്സ് അച്ചടക്കം ഒന്നൂടെ ഉറപ്പിക്കാന്‍ ഞങ്ങളുടെ ക്ലാസ്സിലെത്തി..


" സൊ ഡിയര്‍ സ്ടുടെന്റ്സ് ..." എന്ന് സംബോധന ചെയ്തു മേശമേല്‍ ചാരീതും ടപ്പോ ടപ്പോ എന്ന് പൊട്ടാസ് പൊട്ടാന്‍ തുടങ്ങി.. മേശക്കു പിന്നില്‍ നിന്ന അന്നാമ്മ ടീച്ചര്‍ കസേരമേല്‍ ഇരുന്നു പോയി.. നാല് കാലിനു കീഴെ ഇരുന്ന പൊട്ടാസും ഒപ്പം പൊട്ടി.. ആകെപാടെ വെടിമയം .


കാര്യം ഞങ്ങള്‍ എല്ലാരും കൂടി ഒപ്പിച്ചതാനെങ്കിലും ഇത്രേം അയപ്പോളെക്കും ഞങ്ങള്‍ക്ക് ചെറിയൊരു പേടി തുടങ്ങിരുന്നു.. ഇത്രയും ആഘാതം ഞങ്ങളും പ്രതീക്ഷിച്ചില്ല ..ഒന്നിന് പകരം രണ്ടു ഇര വീഴും എന്നും കരുതിയില്ല ..


പിന്നെ പറയണ്ടല്ലോ പൂരം. അവിടെ പിന്നെ ഒരു ചൂരല്‍ നടനം ആയിരുന്നു .. പക്ഷെ ഒരു കാര്യം സമ്മതിക്കണം  ആരും ആരെയും ഒറ്റു കൊടുത്തില്ല ..എല്ലാരും ഒരുമിച്ച് ശിക്ഷ ഏറ്റു. ഭിന്നിച്ചു ഭരണം ഞങ്ങളുടെ ഇടയില്‍ നടക്കില്ല സിസ്റ്ററെ എന്ന് ഉള്ളില്‍ ഞങ്ങള്‍ മുദ്രാവാക്യം വിളിച്ചു     

മാമ്പഴക്കാലം

മാമ്പഴക്കാലം ആയാല്‍ മുത്തച്ഛന്റെ വീട്ടിലെ മൂവാണ്ടന്‍ മാവിന്റെ ചുവട്ടില്‍  ആണ് ഞങ്ങളുടെ കളി.

ആദ്യമൊക്കെ മാങ്ങ പറിക്കാന്‍ പല ഗവേഷണങ്ങള്‍ നടത്തിയിരുന്നു.. വേലി പത്തല്‍ ഓടിച്ചു  ബൂമെരാന്ഗ് വീശി മാങ്ങ താഴെ വീഴ്ത്തല്‍ ആയിരുന്നു പ്രധാനം . പക്ഷെ അത് വഴിയെ പോയവരുടെ പെടലിക്ക്‌ താങ്ങുകയും പിന്നെ അമ്മേടെ ചൂരലിന് പണിയാവുകയും ചെയ്തപ്പോള്‍ ആ പദ്ധതി ഉപേക്ഷിച്ചു .

കല്ല്‌ വെച്ചും ചില പരീക്ഷണങ്ങള്‍ നടന്നു ..ഒരു വേനലവധി ഈ പദ്ധതി വളരെ ലാഭകരമായി കൊണ്ടുപോയി . പക്ഷെ പിന്നത്തെ അധ്യയന വര്‍ഷത്തില്‍ മുന്നിലത്തെ പള്ളികൂടതിന്റെ ഓടുകള്‍ ഒരുപാട്  പോട്ടിയതിനാല്‍  ക്ലാസ്സു നിറുത്തേണ്ടി വരുകയും ചാത്തനേറ് വന്ന വഴി കണ്ടുപിടിക്കാന്‍ ഒരു അന്വേഷണ കമ്മിഷന്‍ രൂപപെടുകയും ചെയ്തതോടെ ആ പദ്ധതിയും വെള്ളത്തിലായി ..

അങ്ങനെ ആണ് ഒരു അടിയന്തിരാവസ്ഥ തീരുമാനം ആയി മാവിന്റെ ചുവട്ടില്‍ തന്നെ കളിക്കാം എന്ന് തീരുമാനമായത്. മാവേല്‍ എറിഞ്ഞില്ലേലും മാവില്‍ നിന്നു പഴുത്തു വീഴുന്നത് നാടുകാര്‍ കൊണ്ടുപോവാതെ നോക്കാല്ലോ. ഇതിനു പല പുതിയ കളികളും രൂപപെടുത്തി.

കഞ്ഞിം കറിയും വെച്ച് വീട് കളിക്കും . കാട്ടിന്ജി  നുറുക്കി ഇഷ്ടികപോടി കലര്‍ത്തി മാങ്ങാക്കറി പിന്നെ കവുങ്ങിന്‍ പൂവിന്റെ അരി കൊണ്ട് കഞ്ഞി..ചിരട്ടയില്‍ മണ്ണ് കുഴച്ചു ചെതിപൂ കൊണ്ട് ആയിസിംഗ്  ചെയ്ത കേക്ക്.. അവസാനം സ്വാദ് നോക്കി മുത്തച്ഛന്‍ മാര്‍ക്കിടനം .. തൊട്ടു നക്കി "പഷ്ട്ട്"  പറയണം.. ഞാന്‍ ഉണ്ടാക്കി കൊടുത്താല്‍ മുത്തച്ഛന്‍  "പഷ്ട്ട്" ഇത്തിരി ബലത്തില്‍ പറയും ഇല്ലേ ഞാന്‍ പിണങ്ങും.

മുത്തച്ഛന്റെ വീടിന്റെ മുമ്പില്‍ മണല്‍ കൂട്ടി  ഇട്ടിട്ടുണ്ട് ..അതില്‍ വലിയ ഗുഹയും പാലവും ഒക്കെ ഉണ്ടാക്കി കളിക്കും..പിന്നെ വിഷു കഴിഞ്ഞു ആദ്യ മഴ പെയ്യുമ്പോള്‍..മണലിനു മേലെ കല്ലുകള്ക് കീഴെ മണല്‍ ഒലിച്ചുപോയി കുഞ്ഞു കുന്നുകള്‍ രൂപപെടും..ഇതിനെ മലകളായ് സങ്കല്പിച്ചു അതിനിടയിലുടെ പോകുന്ന ഉറുമ്പുകളെ കട്ട് മൃഗം എന്ന് കരുതി ഞങ്ങള്‍ എറിഞ്ഞിടും.ഏറ്റവും നല്ല വയ്മാനികാന് പ്രസിഡന്റ്‌ (മുത്തച്ഛന്‍)അവാര്‍ഡ്‌ നല്‍കും.

അങ്ങനെ ഒത്തിരി ഒത്തിരി കളികള്‍..എല്ലാത്തിനും അവസാന ജഡ്ജ്മെന്റ് മുത്തച്ഛന്റെ വക ആണ്. അങ്ങനെ കളിക്കുമ്പോ മാവില്‍ നിന്നു പിധോം എന്ന് മാങ്ങ വീഴും. ..പടര്‍ന്നു പന്തലിച്ച മാവില്‍ നിന്ന മുന്‍ വശത്തെ പറമ്പിന്റെ വിസ്താരത്തില്‍ എവിടെ വേണേലും ആവാം ഇത് വീണത്.. പിന്നെ ഒരു ഓട്ടമാണ് .. മാങ്ങ ആദ്യം കണ്ടുപിടിചെടുത് മുത്തച്ചന്  കൊടുത്താല്‍ വലിയ പൂളും മാങ്ങണ്ടി ചപ്പാനും കിട്ടും ..ഇല്ലേ കൊച്ചു പൂള്‍ മാത്രമേ കിട്ടു..

അതുകൊണ്ട് മാങ്ങ വീണാല്‍ പിന്നെ കണ്ണും മൂക്കും ഇല്ലാണ്ടൊരു ഒട്ടാമാണ്.. മുമ്പില്‍ വരുന്ന എന്തിനെയും തട്ടി തെറിപ്പിക്കും .. അതിപ്പോ മുറ്റം അടിക്കണ  മല്ലികയായാലും..കൊയ്തുകാരി പെണ്ണുങ്ങള്‍ ആയാലും ..മുതാകുരുംബനും തൂമ്പയും  ആയാലും ..എന്തും തട്ടി തെറിപ്പിക്കും ..

സുനി ഓടി മുമ്പില്‍ വന്നാല്‍ അവന്റെ നിക്കര്‍ പിടിച്ചു വശതോട്ടെരിയും.. കണ്ണന്‍ ചേട്ടന്‍ പക്ഷെ ഞാന്‍ തട്ടിയാലും തെറിക്കില്ല.. അപ്പൊ ആദ്യം പുള്ളി മാങ്ങ കണ്ടു പിടിക്കട്ടെ എന്ന് വെക്കും .. മാങ്ങ കിട്ടി എന്നുറപ്പയാല്‍..ഉടന്‍ ടമാര്‍ ടമാര്‍ എന്ന് നാല് ഇടി..തലേലോ മൂക്കിലോ എങ്ങനാ എന്ന് വെച്ചാ.. അയ്യോ എന്ന് വിളിച്ചു ചേട്ടന്‍ മാങ്ങ എനിക്ക് തരും ..

അങ്ങനെ എല്ലാ മാങ്ങയുടെയും വലിയ പൂളും  മാങ്ങാണ്ടിയും മുത്തച്ഛന്‍ എനിക്ക് തന്നിരുന്നു. ഇതേ അടവ് തന്നെ അച്ഛമ്മ ഉണ്ടാകുന്ന പലഹാരങ്ങളുടെ കാര്യത്തിലും.. തൊടിയില്‍ വിളയുന്ന കപ്പങ്ങ, ഇരുമ്പന്‍ പുളി , ബബ്ലൂസ് നാരങ്ങ എന്നിങ്ങനെ എല്ലാ ഫലങ്ങളുടെ കാര്യത്തിലും പയറ്റി പോന്നു. ചുരുക്കത്തില്‍ സാപ്പാട് മുഴുവന്‍ അടിച്ചിരുന്ന ഞാന്‍ ..കണ്ണന്‍ ചേട്ടന്‍  കാഴ്ചയില്‍ മിക്കവാറും പട്ടിണി

പക്ഷെ ആയിടെ ഒരു അത്ഭുത പ്രതിഭാസം നടന്നു ..ഒന്നും കഴിക്കാത്ത ചേട്ടന്‍ ദിനം പ്രതി വീര്‍ത്തു വരുന്നു.. കുമ്പ വളര്‍ന്നു നിക്കര്‍ അടുക്കാതായി .. തുടയുടെ മേല്‍ നിക്കര്‍ പൂണ്ടു കിടന്നു വര വീണു .. കവിളും ചാടി ..

ഇത് കാണുന്നവര്‍ക്കൊക്കെ  അത്ഭുതം..എന്‍റെ ഗുണ്ടായിസം അവിടെ എല്ലാവര്‍ക്കും അറിയാം ..പക്ഷെ ഞാന്‍ അപ്പോളും ചെറുതായി ഇരിക്കുന്നു..ചേട്ടന്‍ വണ്ണം വെച്ച് വരുന്നു.. അച്ഛമ്മ മൂക്കത്ത്  വിരല്‍ വെച്ച് - ഇതെന്തു മായ എന്ന് പറഞ്ഞു..അമ്മായി മോന് എന്തോ അസുഖം ആണെന്ന് സങ്കടപെട്ടു .. മുത്തച്ചനും കണ്ണന്ചെട്ടനും മാത്രം ഇതൊക്കെ കേട്ടതും ഒരു കുലുക്കവും ഇല്ല..

ഇത് കണ്ടപ്പോ എനിക്കും സുനിക്കും ഇതില്‍ എന്തോ തരികിട മണത്തു.. പിറ്റേന്ന് കളി കഴിഞ്ഞു പിരിഞ്ഞു യാത്ര പറഞ്ഞ ശേഷം ഞങ്ങള്‍ ഒന്ന് കൂടിയാലോചിച്ചു. ഇതെങ്ങനെ എങ്കിലും കണ്ടു പിടിക്കണം ..ഞങ്ങള്‍ തൊഴുത്തിന്റെ പിന്നില്‍ ചാണക കുഴിയുടെ തൂണിന്റെ പിന്നില്‍ പതുങ്ങി ഇരുന്നു

അപ്പൊ നാല് പാടും നോക്കി കണ്ണന്‍ ചേട്ടന്‍ വരുകയാണ്.. ഒരു കള്ള ലക്ഷണം

ചേട്ടന്‍ പതുങ്ങി പതുങ്ങി തൊഴുത്തിന്റെ അടുത്തെത്തി .. തടിയും വെച്ച് വലിഞ്ഞു തട്ടിന്റെ മുകളില്‍ കയറി പോയി ..
പിന്നാലെ ഞങ്ങളും .. അതാ വീരന്‍ ..തട്ടിന്റെ മുകളില്‍ പുള്ളി കോഴിം കൂട്ടരും  വൈകോലില്‍ ഒളിപ്പിച്ച മുട്ടകള്‍ ഓരോന്നായി പൊട്ടിച്ചു വായിലൊഴിക്കുകയാണ്. എന്നട്ട് ക്ലും എന്നോരിറക്കും .. കൊള്ളാല്ലോ പരിപാടി..

ഇന്നിത് പൊളിച്ച്ചിട്ടെ  ഒള്ളു ..ഞങ്ങള്‍ മിണ്ടാതെ താഴെ ഇറങ്ങി ഹൈ കമാന്‍ഡ് (അച്ഛമ്മ) സന്നിധിയില്‍ എത്തി. ഒരു സൂത്രം കാണിച്ചു തരാം എന്ന് പറഞ്ഞു തൊഴുത്തിന്റെ പിന്നില്‍ കൊണ്ടുപോയി .. ചേട്ടന്റെ കലാപരിപാടി കണ്ട അച്ചമ്മേടെ കണ്ണ് രണ്ടും തള്ളിവേളിയില്‍ വന്നു.. മുട്ട ഒന്നും ഇല്ല എന്ന് പറഞ്ഞു തന്റെ കോഴികളെ വിക്കാന്‍ തുടങ്ങുകയായിരുന്നു അച്ഛമ്മ.. മുട്ട പാമ്പ് തിന്നുന്നു എന്ന് പറഞ്ഞു വെളുത്തുള്ളി കലക്കി തൊടിയില്‍ ഒഴിക്കുകയും ചെയ്തു.. എന്നട്ടിപ്പോ മുട്ടക്കള്ളന്‍ ഇവനോ?
എടാ .. അച്ചമ്മേടെ വിളികേട്ടതും. ചേട്ടന്റെ വായിലെ മുട്ട ക്ലും എന്നിറങ്ങി പോയി.. കയ്യില്‍ ഇരുന്നത് രണ്ടെണ്ണം മറയ്ക്കാന്‍ വയ്യാതെ ഒരു വിഡ്ഢി ചിരിചിരിച്ചു ആശാന്‍ ..

അന്ന് ചേട്ടന് നല്ല പൂരമായിരുന്നു..     അച്ഛമ്മ ചേട്ടനെ ചെവിക്കുപിടിച്ചു താഴെ ഇറക്കി .. അമ്മായി വഴക്ക് പറഞ്ഞെങ്കിലും ചുണ്ടിലെ ചിരി മറക്കാന്‍ ശ്രെമിക്കുന്നുണ്ടാരുന്നു.. മുത്തച്ഛന്‍ മാത്രം ഞാന്‍ ഒന്നും അറിഞ്ഞില്ലേ എന്ന ഭാവത്തില്‍ ഇരിക്കുന്നു..

പിന്നീട് ചേട്ടന്‍ പറഞ്ഞു ഇതിനെല്ലാം മുത്തച്ഛന്‍ സമ്മതിച്ചിരുന്നു എന്ന്.. എന്‍റെ ഗുണ്ടായിസം കൊണ്ട് പട്ടിണി ആയ ചേട്ടനെ രക്ഷിക്കാന്‍ മുത്തച്ഛന്‍ കണ്ട വിദ്യ ..

Friday, 4 December 2009

ഒളിച്ചേ കണ്ടേ


അവധിക്കാലങ്ങള്‍ മിക്കവാറും അച്ഛമ്മയുടെ വീട്ടില്‍ ആയിരുന്നു ചിലവഴിച്ചിരുന്നത്
ഞങ്ങള്‍ അഞ്ചു പേരാണ് കൂട്ട് . 3 ഇരുകാലികളും 2 നാല്കാലികളും.

എന്നെ കൂടാതെ , എന്‍റെ അമ്മായിയുടെ മകന്‍ കണ്ണന്‍ചേട്ടന്‍ പിന്നെ വീട്ടിലെ പണി ചെയ്യണ മല്ലികയുടെ മകന്‍ സുനി ..ഇവരാണ് ഇരുകാലികള്‍

കറമ്പി പശൂന്‍റെ കിടാങ്ങള്‍ അശ്വതിയും ഭരണിയും ( അവര്‍ ജനിച്ച നാള്‍ തന്നെ ആണ് അവരുടെ പേരും )ആണ് നാല്കാലികള്‍. കിടാങ്ങള്‍ ആണെങ്കിലും എന്‍റെ നല്ല കുട്ടുകാര്‍ ആയിരുന്നു അവര്‍ .. കറമ്പി പശുന് ഈ ചങ്ങാത്തം ഒട്ടും ഇഷ്ടമല്ല .. കറക്കാന്‍ വരണ കാര്‍ത്തു പറയണ പോലെ അവള്‍ ആളൊരു മുഷ്കത്തിയാ .

 അശ്വതി പാവമാ ..ഞാന്‍ പറയണ പോലെ ഒക്കെ കേക്കും .. വൈകിട്ട് അവളെ ഞാന്‍ ഡാന്‍സ് ക്ലാസ്സില്‍ പഠിച്ച സ്റ്റെപ് ഒക്കെ പഠിപ്പിക്കും ..അവള്‍ അത് പോലെ കളിക്കും ..(കണ്ണന്‍ ചേട്ടന്‍ കുശുംപന്‍  പറയണത് അത് കാലിലെ ഈച്ചയെ ഓടിക്കാന്‍ കാല്‍ അനക്കുന്നത് ആണെന്നാ.. പക്ഷെ അല്ലാട്ടോ.. അവള്‍ ഒരു കലാകാരിയാ )

ഭരണി പക്ഷെ കുറിമ്പിയാണ്.. ഭരണി പോലത്തെ വയറും എപ്പോളും തിന്നണം എന്ന് കൊതിയുമാ അവള്‍ക്ക് ..അടുത്ത് നിക്കണ സൂക്ഷികണം ഇല്ലേ ഉടുപ്പിന്‍റെ  ഒരു ഭാഗം തിന്നു തീര്‍ക്കും. കാടിവെള്ളം കുടിച്ചാല്‍ പിന്നെ അതിന്റെ പാത്രം തലയില്‍ കമഴ്ത്തി തീര്‍നെ എന്ന് തലയാട്ടി പ്രതിക്ഷേധം കാണിക്കുന്ന ഒരു പതിവ് അവള്കുണ്ടാരുന്നു .

ഒളിച്ചു കളി ആണ് അന്ന് പ്രധാന കളി .. വീടിന്റെ തട്ടിന്‍ മുകളില്‍ യെധേഷ്ടം ഭരണികളും പെട്ടികളും ഉണ്ട്. പിന്നെ വൈകോല്‍ പേരയും അതിനോട് ചേര്‍ന്ന തൊഴുതും ഇതിന്റെ മേല്‍ പലക  അട്ടിയിട്ടുള്ള തട്ടും ..ചായപ്പും കിനട്ടിങ്കരയിലെ പമ്പ്  ഷെഡ്‌ മുറ്റത്ത് പലയിടത്തായുള്ള വൈകോല്‍ തുറു എന്ന് വേണ്ട ഒളിക്കാന്‍ സ്ഥലങ്ങള്‍ ഒരുപാടുണ്ട് .  ഞാനും കണ്ണന്‍ ചേട്ടനും  സുനിയും കളിക്കാര്‍..അശ്വതിം ഭരണിം കാഴ്ചക്കാര്‍ - അതാണ് പതിവ്.

അന്ന് സുനിയാണ് എണ്ണുന്നത് ഞാനും ചേട്ടനും  ഒളിച്ചു .തൊഴുത്തിന്റെ മുകളില്‍ ആണ് ഞാന്‍ കയറിയത് .. കറംപിയോടും  അശ്വതിയോടും മിണ്ടാതെ നിക്കാന്‍ instruction കൊടുത്ത് ഞാന്‍ അവിടെ പതുന്ഗീ

സുനി എല്ലാടവും തപ്പി ..ആദ്യം ആരെ പിടിക്കുന്നോ അയാള്‍ ആണ് പിന്നെ എണ്ണുന്നത് . അങ്ങനെ  ഞാന്‍ അവിടെ പതുങ്ങി ഇരിക്കുമ്പോ .. എന്തോ നിരങ്ങുന ഒരു ശബ്ദം ..ഹിസ് ഹിസ് എന്നും കേക്കുന്നു ..അനങ്ങാതെ ശ്വാസം വിടാതെ തിരിഞ്ഞു നോക്കിയപ്പോ ..എന്റമ്മോ ..ഒരു മഞ്ഞച്ചേര അതും എന്‍റെ വണ്ണം ഉള്ളത് എന്‍റെ അടുതന്നു ഒരടി അകലെ അങ്ങനെ പോവാണ്.. മിണ്ടാന്‍ പറ്റുമോ ..കരയാന്‍ പറ്റുമോ ..രണ്ടാണ് റിസ്ക്‌ ..ഒന്നുകില്‍ സുനി പിടിക്കും അല്ലെ എന്‍റെ കരച്ചില്‍ കേട്ടു ചേര പേടിച്ചാല്‍ അത് ദേഹത്ത് ചുറ്റും ..മിണ്ടാതെ അത് പോവും വരെ ഞാന്‍ അവിടിരുന്നു ..തട്ടിന്റെ മുകളില്‍ പുള്ളികൊഴി ഇട്ട മുട്ട അങ്ങനെ വിഴുങ്ങി ഒരു ഏമ്പക്കവും വിട്ടു ആശാന്‍ പോയപ്പോളെക്കും ഞാന്‍ വിയര്‍ത്തു കുളിച്ചിരുന്നു ..

ഇതിനുള്ളില്‍ കണ്ണന്‍ ചേട്ടന്‍ പിടിക്കപെട്ടതിനാല്‍ ഞാന്‍ ആ കളി ജെയിച്ചു.. പക്ഷെ പാമ്പിനെ കണ്ടു പേടിച്ച കാരണം അന്ന് കളി അതോടെ നിര്‍ത്തി
...............................................................

ഇതുപോലെ തന്നെ ഒരു കളിയുടെ ഇടയില്‍ വൈകോല്‍ പുര ആണ് ഒളിക്കാന്‍ തിരഞ്ഞെടുത്തത്. വൈകോല്‍ പുരയുടെ തട്ടിന് മേലെ കയറി കോണി തള്ളി താഴെ  ഇട്ടു ..എന്നട്ട് മേല്‍ വൈകോല്‍ പൊതിഞ്ഞു അനങ്ങാതെ കിടന്നു.. കണ്ണന്‍ ചേട്ടന്‍ മടിയനാ  ..മേലെ ഒന്നും കേറി നോക്കില്ല എന്ന് എനിക്ക് നല്ല ധൈര്യമായിരുന്നു

പക്ഷെ അപ്പൊ മറ്റൊരു അമളി പറ്റി.. ആ സമയം മുത്തച്ഛന്‍ വന്നു .." ഇതാരാ ഷെഡ്‌ തുറന്നിട്ടെ ..ഈ പിള്ളേരെ കൊണ്ട് തോറ്റു"  ...ഇത്രേം പറഞ്ഞു തട്ടിന്റെ മേലെക്കുള്ള ചെറിയ വാതില്‍ ആദ്യം പൂട്ടി .. പിന്നെ താഴെ പ്രധാന വാതിലും..
സ്വിച്ച് ഓഫ്‌ ചെയ്ത പോലെ അകമാകെ ഇരുട്ടായി.. വൈകൊലില്‍ ഒളിച്ച എനിക്ക് പ്രതികരിക്കാന്‍ പറ്റും മുന്‍പേ എല്ലാം നടന്നു കഴിഞ്ഞു

ഈശ്വരാ ഈ വൈകൊലില്‍ എലി യുണ്ടാവും ..പിന്നെ അവയെ പിടിക്കാന്‍ കൂടിയ ഇനം പാമ്പും .. പിന്നെ അങ്ങേ തൊടിയില്‍ കണ്ടട്ടുണ്ട് എന്ന് പറയണ ചാത്തന്‍.. എന്തോക്കെയവും ഈ ഇരുട്ടില്‍ ..ഓര്‍ത്തപ്പോ എനിക്ക് ദേഹം തരിക്കും പോലെ തോന്നി ..ആരോ തൊട്ടു പിന്നില്‍ നിക്കും പോലെ..ഇരുട്ടില്‍ എന്തോ നീങ്ങും പോലെ .. ഉറക്കെ വിളിച്ചു.. ശബ്ദം പൊങ്ങുന്നില്ല..

ഇതിനിടെ എന്‍റെ കാലിന്റെ തുമ്പത്ത് ഒരു കുഞ്ഞി വെളിച്ചം ..അതിന്റെ പാത നോക്കി ചെന്നിടിച്ചത് ഒരു വാതിലില്‍ ആണ് ..ലോറി കൊണ്ടുവന്നു വൈക്കോല്‍   കയറ്റാന്‍ ഉള്ള വാതില്‍ ആണിത് ..മുറ്റത്ത്‌ നിന്ന ഏകദേശം 12 അടി മുകളില്‍ എന്‍റെ പൊക്കം വരും ഈ വാതിലിനു .. അതിന്റെ വിടവില്‍ വിരലിട്ടു തിക്കി വലിച്ചു നോക്കി ..ഹാവു അത് തുറന്നു

പക്ഷെ അപോളും പ്രോബ്ലം തീരനില്ല ..ഇവടന്ന് താഴെ എങ്ങനെ എത്തും. അപ്പൊ അതാ ഒരു വശത്ത്  ഒരു വൈകോല്‍ തുറു . ഞാന്‍ ഉന്നം   ചെയ്തു ടാര്‍സന്‍ മാതിരി ഒരു ചാട്ടം  ചാടി ..വൈകോല്‍ തുറുവിന്റെ മുകളില്‍ അടക്കാമരത്തിന്റെ തൂണേല്‍  ചെന്നിടിച്ചു നിന്നു. പിന്നെ അവിടന്ന് പയ്യെ ഊര്‍ന്നിറങ്ങി തറയില്‍ എത്തി..

നേരത്തെ പോലെ ഈ കളിയിലും ഞാന്‍ ജയിച്ചു ..അങ്ങനെ ഒരു ഒളിക്കല്‍ അല്ലെ ഒളിച്ചത്.. പക്ഷെ അന്ന് രാത്രി മുഴുവന്‍ ദേഹം ചൊറിഞ്ഞു മതിയായി. വൈകൊലിന്റെ പൊടി ദേഹത്തായി ചൊറിച്ചില്‍ തുടങ്ങിട്ട് ഒരു അന്തവും കുന്തവും ഇല്ലാത്ത ചൊറിച്ചില്‍ ..അമ്മയും അച്ഛനും prickley heat പൌടെരും എല്ലാം സുല്ല് പറഞ്ഞു.. പക്ഷെ അതിന്റെ കാരണം ഞാന്‍ പറഞ്ഞില്ല ..പറഞ്ഞാല്‍  പിന്നെ കളിയ്ക്കാന്‍ വിട്ടില്ലെങ്കിലോ .. 

ദൈവത്തെ കാണാന്‍


കന്യാ സ്ത്രീകളുടെ സ്കൂളില്‍ പഠിച്ചത് കൊണ്ട് ആകും ഇടയ്ക്കിടയ്ക്ക് " ദൈവമേ" .."ഈശോയെ" എന്നൊക്കെ നീട്ടി വിളിക്കുന്ന ഒരു സ്വഭാവം എനിക്കുണ്ടായിരുന്നു. ഹിന്ദുത്വം അസ്തില്‍ പിടിച്ച കുടുംബത്ത് ഈശോയെ എന്ന് വിളിച്ചാല്‍ കിട്ടേണ്ട തട്ട് തോണ്ട് തുടങ്ങിയ പീഡനങ്ങള്‍ എല്ലാം ഞാന്‍ ഏറ്റിരുന്നു.

വൈകിട്ട് വിളക്ക് വെച്ച് നാമം ചോല്ലുമ്പോ ദേവി ആണോ, കൃഷ്ണന്‍ ആണോ, ശിവന്‍ ആണോ, ഹനുമാന്‍ ആണോ അതോ രാമന്‍ ആണോ യഥാര്‍ഥ  ദൈവം എന്ന്   എനിക്ക് കണ്‍ഫ്യൂഷന്‍ ആയി. സ്കൂളില്‍ ചെല്ലുമ്പോള്‍ സിസ്റ്റര്‍ പറയുന്നു യേശു ആണ് ദൈവം എന്ന്..കമ്പ്ലീറ്റ്‌ കണ്‍ഫ്യൂഷന്‍

ഒരു രണ്ടാം ക്ലാസ്സുകാരിക്ക് സഹിക്കാവുന്നതില്‍ ഏറെ ആയിരുന്നു ഇത്. ഞാനും എന്റെ സമാന ചിന്താഗതിക്കാരായ ബിന്ദു, ശ്രീജ, ശഹീന എല്ലാരും കൂടെ തീരുമാനിച്ചു ഇതിനു ഒരു സമാധാനം ഉണ്ടാകിയെ പറ്റു .. പലതരത്തില്‍ അന്വേഷണം ആരംഭിച്ചു . ഓരോരുത്തവര്‍ ഓരോ പേര് പറഞ്ഞു ദൈവത്തിനു .. ചിലര്‍ അങ്ങനെ ഒന്നില്ല എന്നും പറഞ്ഞു..ഈ മുതിര്‍ന്നവര്‍ എല്ലാം ഇങ്ങനെ പലവിധം ചിന്തിച്ചാല്‍ ഞങ്ങള്‍  കുട്ടികള്‍ വിഷമതിലാവില്ലേ


പലവിധത്തില്‍ ഉള്ള അന്വേഷനങ്ങള്‍ക്ക്‌ ഒടുവില്‍ ദൈവത്തിന്റെ ഫോണ്‍ നമ്പര്‍ കിട്ടി - 6161131110

ആഹാ എന്നാല്‍ ദൈവത്തെ നേരിട്ട് വിളിച്ചു ചോദിക്കാം എന്താണ് വാസ്തവം എന്ന്. ഞങ്ങള്‍ ഓരോരുതവരും അവരവരുടെ വീടുകളില്‍ നമ്പര്‍ ഡയല്‍ ചെയ്തു ..ഡയല്‍  ചെയ്തു കൈ നൊന്തത്‌ അല്ലാതെ ആരേം ഫോണില്‍ കിട്ടീല്ല ..അല്ലേലും ഈ ഫോണ്‍ ഇങ്ങനെയാ ഒരാവശ്യത്തിന്  വിളിച്ചാ കിട്ടില്ല.. ഇപ്പൊ അവര്‍ക്ക് ആര്‍കേലും നമ്പര്‍ കിടിടുണ്ടാവും ..ഒള്ള വരം മുഴുവനും കൊടുത്താലും എന്നെകാള്‍ മാര്‍ക്കു കിട്ടണ വരം ആര്‍കും കൊടുക്കല്ലേ എന്‍റെ ദൈവമേ ..ഞാന്‍ എന്‍റെ ഇന്ടഫനിറ്റ് ദൈവത്തെ ആഞ്ഞു വിളിച്ചു.

പിറ്റേന്ന് സ്കൂളില്‍ ചെന്നപോള്‍ ആണ് സമാധാനം ആയതു .ആര്‍കും നമ്പര്‍ കിട്ടില്ല.. ശഹീനയുടെ കയ്യില്‍ പന്തം പോലൊരു ബാന്ടെജുണ്ട് . ഞങ്ങളുടെ ആശയകുഴപ്പം കണ്ടു ക്ലാസ്സിലെ ടോപ്പര്‍ ദേവി കാര്യത്തില്‍ ഇടപെട്ടു .. ഞങ്ങള്‍ നമ്പര്‍ കൊടുത്തു ..(എന്തായാലും ഇവള്‍ക്ക് മാര്‍കിന്റെ വരം ആവശ്യം ഇല്ലാലോ..നമ്പര്‍ എടുതോട്ടെ)

പുള്ളിക്കാരി ഒരു പെന്‍സില്‍ എടുത്തു ആദ്യത്തെ എട്ടു  നമ്പറുകളെ ഈരണ്ടെന്നതിനെ വീതം "റ" എന്ന് വരച്ചു മുകള്‍ ഭാഗം യോചിപിച്ചു  ..  പിന്നെ അവസാനത്തെ രണ്ടു 1 എന്ന നമ്പറിനു ചോട്ടില്‍ ഒരു വരയും വരച്ചു ..എന്നട്ട് പറഞ്ഞു ഇപ്പൊ നോക്കിയേ .. അപ്പൊ ഞങ്ങള്‍ കണ്ടേ ..ദൈവം എന്ന് വടിവൊത്ത അക്ഷരത്തില്‍ എഴുതിത് ..ആകെ ചമ്മി പോയി ..ശഹീന തന്റെ വിരലിലെ പന്തം നോക്കി ഒന്ന് തേങ്ങി .

പണ്ട് ദേവിക്ക് ഞാന്‍ നെല്ലികയും ഓറഞ്ച് മിട്ടായിയും കൊടുതിട്‌ണ്ട് ..ആ നന്ദി അവള്‍ കാണിച്ചു ..എന്നെ മാറ്റി നിര്‍ത്തി എന്‍റെ ചെവിയില്‍ പറഞ്ഞു ..അതെ ദൈവത്തിനെ കാണാന്‍ രേവൂ (അവള്‍ടെ വീടിലെ ജോലിക്കാരി പുഷ്പയുടെ മകള്‍ ) ഒരു വഴി പറഞ്ഞു തന്നട്ടുണ്ട് ..നീ വേണേല്‍ ട്രൈ ചെയ്തു നോക്ക് . ..ദൈവത്തെ വിളിച്ചോണ്ട് ആകാശത്ത് സൂര്യനെ നോക്കി 128 തവണ നെറ്റിയില്‍  ഉരച്ചാല്‍ ദൈവം പ്രത്യക്ഷപെടും..

കൊള്ളാലോ അത്ര ഈസി ആണോ.. പക്ഷെ അമ്മ കാണാതെ ഈ എക്സ്പെരിമന്റ്റ്‌ ചെയ്യുന്നതാണ് പ്രോബ്ലം. ഞാന്‍ പിന്നത്തെ ഞായറാഴ്ച അതിനു ഒരു അവസരം ഒപ്പിച്ചു ..ബാല്കനിയില്‍ പടിഞ്ഞാറു നോക്കി വൈകിട്ട് തച്ചിനിരുന്നു ദൈവത്തെ വിളിച്ചു, നെറ്റിയില്‍  ഉരച്ചു. ഇടക്ക് മേഘം വന്നു സൂര്യനെ മറചോണ്ടാണോ എന്നറിയില്ല ദൈവം വന്നില്ല .. പിന്നെ നോക്കാം ..ദേവി പറഞ്ഞോണ്ട് ഇത് വെറുതെ ആവില്ല .

നെറ്റി എരിയുന്നു.. ഒരുവിധം സഹിച്ചു താഴെ ഇറങ്ങി വന്നതും അമ്മ ഒറ്റ വിളി ..എന്താ മോളെ നെറ്റിയില്‍ നീ എവിടേലും വീണോ .. ദൈവത്തെ കാണാനാ എന്ന് പറഞ്ഞാ ചിലപോ അമ്മ കളിയാക്കും ..ചിലപ്പോ എന്‍റെ വിദ്യ എടുത്ത് അമ്മ എന്‍റെ കുറുംബ് കുറക്കാന്‍ ദൈവത്തെ വരുത്തും..അത് വേണ്ട ..

ഞാന്‍ മോങ്ങി തുടങ്ങി ..അമ്മെ എന്‍റെ തല അവിടെ മുട്ടി ...ങ്ങീ
അമ്മ പെട്ടന്ന് നെറ്റിയില്‍ ബാം   വെച്ച് തന്നു ..

പിറ്റേന്ന് സ്കൂളില്‍ പോയപ്പോ ശഹീനയുടെ കൈയില്‍ പന്തം എന്‍റെ നെറ്റിയില്‍ ക്രോസ് .. ദൈവം അപ്പോളും ഒളിവില്‍ ..

Thursday, 3 December 2009

മൂഷിക മര്‍ദ്ദനന്‍


കല്യാണം, സന്ജയനം, പിറന്നാള്‍ സദ്യ എന്ന് വേണ്ട ഏതു  ചടങ്ങയാലും ഞങ്ങളുടെ കൂട്ടത്തില്‍ നാല്  സംഘടനകള്‍ രംഗത്ത് ഉണ്ടാവും.

  1. ഞങ്ങള്‍ കുട്ടികളുടെ കുട്ടിപട്ടാളം. .. ചിരി കളി കടിപിടി എന്നീ activities  ചെയ്യുന്നവര്‍ 
  2. ഞങ്ങളുടെ അമ്മാവന്മാരും ചിറ്റപ്പന്‍മാരും ചിറ്റ മാരും അമ്മായിമാരും (only bachelors and spinisters) അടങ്ങുന്ന യുവസംഘടന 
  3. പിന്നെ ഞങ്ങളുടെ അച്ഛന്‍ അമ്മമാരുടെ സീരിയസ് പീപ്പിള്‍ ഒണ്‍ലി സംഘടന .. ഇവരാണ് സാധാരണ ചടങ്ങിന്‍റെ സംഘാടകര്‍.. 
  4. പിന്നെ അപ്പൂപന്‍മാരും അമ്മൂമമാരും അടങ്ങുന്ന seniors ഒണ്‍ലി സംഘടന ..
ഇതില്‍ ആദ്യത്തെ രണ്ടു സംഘടനകളും തമ്മില്‍ ആവശ്യം പോലെ കൊടുക്കല്‍ വാങ്ങലുകള്‍ ഉണ്ട് ..അവര്‍ക്ക് ദൂത് പോവാനും ഞങ്ങളുടെ സഹായം വേണം..ഞങ്ങള്‍ക്ക് സീരിയസ് പീപിളില്‍ നിന്ന കാര്യം നേടാന്‍ അവരുടെ ആവശ്യവും ഉണ്ട്. ഇവരില്‍ ബാബുചിറ്റപ്പന്‍ എന്നാ ആള്‍ ഒഴിക ബാക്കി എല്ലാരും ഞങ്ങളുടെ വരുതിയില്‍ വന്നിരുന്നു ..ഇദ്ദേഹം മാത്രം എന്തൊക്കെ ചെയ്തിട്ടും ഞങ്ങളുടെ ഒരു വേവ് ലെങ്ങ്തില്‍ വരണില്ല. വട്ട കണ്ണടയും ലേശം കഷണ്ടി കേറിതുടങ്ങിയ തലയും ഒക്കെ ആയി ഒരു ബുജി പാര്‍ട്ടി ആണാള്. എന്തൊക്കെ പയറ്റിടും ഒരു സോപും പുള്ളിടെ മേല്‍ പതഞ്ഞില്ല ..സാമം ദാനം ഭേദം ദണ്ഡം എല്ലാ ശ്രമിച്ചു ..നോ രക്ഷ .

അങ്ങനെ ഒരു നാള്‍ ഒരു ചടങ്ങിനു എല്ലാരും കൂടി .. കുട്ടിപട്ടാളം സാധാരണ കലപിലകലുമായി രംഗത്തുണ്ട് . ചിരിയില്‍ തുടങ്ങി അട്ടഹാസത്തില്‍ അവസാനിക്കുന്ന പല പരിപാടികള്‍ അരങ്ങതുണ്ട്. ഇതിനിടെ പാചകശാലയില്‍ നിന്ന അടിച്ചു മാറ്റുന്ന വട പഴം നുറുക്ക് എന്നിവക്കുള്ള കടിപിടിയും .. കാര്യങ്ങള്‍ അങ്ങനെ ഉഷാറായി പോവുംബോളാണ് ബാബു ചിറ്റപ്പന്‍ രംഗ പ്രവേശനം നടത്തുന്നത്  . പുള്ളിടെ കണ്ണുരുട്ടല്‍ കണ്ടതും ഞങ്ങള്‍ കുട്ടി പട്ടാളം silent ആയി

അങ്ങനെ ശ്വാസം മുട്ടി ഞങ്ങള്‍ ഇരിക്കുമ്പോ അതാ പന്തലിന്റെ മൂലയ്ക്ക് നിന്ന് ഒരു തിരയിളക്കം ..ആള്‍കാര്‍ എല്ലാം ചാടുന്നു ഓടുന്നു ഒഴിഞ്ഞു മാറുന്നു..ഹേ എന്താ ഇത് എന്ന് ചോദിക്കും മുന്‍പേ കാരണഭൂതനെ നേരില്‍ കണ്ടു ..കണ്ടമാത്രയില്‍ പന്തലിന്റെ തുണേല്‍ തുങ്ങി കയറി ഞാന്‍ ഒരു കസേരമേല്‍ നിലയുറപ്പിച്ചു.. ഒരെലി ..ഒരു ചുണ്ടെലി ..അവന്‍ തലങ്ങും വിലങ്ങും ഓടുകയാണ് .

കസേരമേല്‍ സേഫ് ആയി നിന്ന് രംഗം വീക്ഷിക്കുമ്പോ അതാ അപ്പുറത്തൊരു കസേരമേല്‍ ബാബു ചിറ്റപ്പന്‍ ..പുള്ളിടെ വിറ കസേരയെയും   കാര്യമായി ബാധിച്ചിട്ടുണ്ട് .(കുട്ടി പട്ടാളത്തിന്റെ പ്രിന്ടില്‍ ചിറ്റപ്പന്‍  വിറച്ചതാണെന്ന് ആദ്യം പബ്ലിഷ് ചെയ്തെങ്കിലും പിന്നീട് ഉന്നത തലത്തില്‍ നിന്നുള്ള ഇടപെടല്‍ കാരണം ഈ വിറ കസേരയുടെ ബുഷ്‌ പോയിരുന്നതിനാല്‍ ആണെന്ന് തിരുത്തപ്പെട്ടു). ആദ്യമായാണ്‌  ചിറ്റപ്പന്റെ ഇങ്ങനൊരു ഭാവം കാണുന്നത് . വളിച്ച ഒരു ചിരിയും വിയര്‍ത്ത മുഖവും.. എല്ലാത്തിലും ഉപരി അത് ഞങ്ങള്‍ കണ്ടത്തില്‍ ഉള്ള ചമ്മലും ..

ഞങ്ങള്‍ ഇങ്ങനെ കണ്ണില്‍ കണ്ണില്‍ ആശയവിനിമയം നടത്തുന്നതിനിടയില്‍ നമ്മുടെ വില്ലന്‍ ..എലി എവിടെയോ ഒളിച്ചു ..ചിറ്റപ്പന്‍ വീണ്ടും പഴയ ഭാവം കൈകൊണ്ട് കസേരയില്‍ നിന്ന ചാടി ഇറങ്ങി ..ഇറങ്ങിയതും അവന്‍ ആ ഹതഭാഗ്യന്‍ എലി ചാടി വീണതും ഒപ്പം ..ചിറ്റപ്പന്‍ ലാന്‍ഡ്‌ ചെയ്തത് അവന്റെ മുകളില്‍ ..എലി തല്‍ക്ഷണം കൊല്ലപ്പെട്ടു ..എലിയെ ചവുട്ടി എന്നറിഞ്ഞ നിമിഷം ചിറ്റപ്പന്‍ വീണ്ടും രോകെറ്റ് പോലെ ചാടി കയറി കസേരമേല്‍ ..അതിനെ എടുത്ത് കളയും വരെ ആ നില്പ് നിന്ന് വിറച്ചു..

അതോടെ അദ്ദേഹത്തിന് ഒരു പേര് ഞങ്ങള്‍ ഇട്ടു..മൂഷിക മര്‍ദ്ദനന്‍ ..

പിന്നെ എപ്പോ എവിടെ കുട്ടി പട്ടാളത്തിനെ വിരട്ടാന്‍ ബാബു ചിറ്റപ്പന്‍ വന്നാലും  അവിടെല്ലാം ഈ പേരിന്റെ പ്രതിധ്വനികള്‍ കേട്ടു.. അതോടെ ബാബു ചിറ്റപ്പന്‍ ക്ലീന്‍ ബൌള്‍ഡ് ..പുള്ളിയെ കൊണ്ട് പിന്നെ ഒരിക്കലും ഒരു പ്രശ്നവും ഉണ്ടായിട്ടില്ല

അകാലത്തില്‍ വിട്ടുപിരിഞ്ഞ പരേതന്‍ എലിക്കു  ഞങ്ങള്‍ കുട്ടി പട്ടാളത്തിന്റെ ആദരാഞ്ജലികള്‍..

Tuesday, 1 December 2009

അമ്മാ getout


എന്‍റെ വീടിന്റെ മുമ്പില്‍ ഒരു ഗാര്‍ഡന്‍ ഉണ്ട്..

അമ്മയുടെ "കാടന്‍" എന്നാണ് വഴക്ക് കൂടുമ്പോ പറയുക

അതില്‍ പേര് അറിയാവുന്നതും അറിയാത്തതും അയ ഒരുപാടു പൂവുകള്‍ ചിരിച്ചു  നില്കും ..
പലതിന്റെം പേര് അമ്മയ്ക്കും അറിയില്ല എന്നതാണ് വാസ്തവം. ഇതില്‍ പ്രധാനി റോസാപൂ ആണ് ..പനിനീര്‍, വെള്ള, ചുവപ്പ്, കുലകുല ആയി ഉണ്ടാവുന്ന - ഞങ്ങള്‍ മുട്ട റോസ് എന്ന് വിളിക്കുന്ന ഇനം,  അങ്ങിനെ പല തരം റോസാപൂക്കള്‍

അന്ന് വീട്ടില്‍ അമ്മയും ഞാനും മാത്രം ..ഞാന്‍ സ്കൂളില്‍ പോയി തുടന്ഗീട്ടില്ല ..അമ്മ പ്രഷര്‍ കുക്കെറില്‍ എന്തോ വെച്ച് വേവിക്കുന്നു ..കറിക്ക് സ്പെഷ്യല്‍ എഫ്ഫക്റ്റ്‌ കൊടുക്കാന്‍ കരിവേപില പൊട്ടിക്കാന്‍ മുറ്റത്തേക്കിറങ്ങി അമ്മ..കൂടെ ഞാനും

അപ്പൊ ഉണ്ട് ഒരു റോസപൂവ് എന്നെ നോക്കി "വായോ വായോ " എന്നിങ്ങനെ ചിരിക്കാണ്‌. ഞാന്‍ അത് പറിക്കാന്‍ കൈ നീടിതും അമ്മാ ഒറ്റ വിളി " ആരാ അവിടെ പൂ പറികനെ..അടി വേണോ "

എനിക്കത് ഒട്ടും ഇഷ്ടായില്ല.. ഹൂം അത്രയ്ക്ക് ടാവ് കൊള്ളുല്ലാല്ലോ   ...ഞാന്‍ വെട്ടിത്തിരിഞ്ഞ്..ചവുട്ടി പൊളിച്ചു നടന്നു വീട്ടില്‍ കയറി വാതില്‍ ആഞ്ഞടച്ചു ..ആവുന്നത്ര ശബ്ദം  ഉണ്ടാക്കി പ്രതിക്ഷേധം   രേഖപ്പെടുതാനെ ഉദ്ദേശ്ശം ഉണ്ടാരുന്നുള്ള്. പക്ഷെ പറ്റിപോയില്ലേ പണി ..വാതില്‍ അട്ച്ചപ്പോ മോളില്‍ത്തെ കുറ്റി താനെ വീണു പോയി ..ഞാനും പ്രഷര്‍ കുക്കെറും അകത്തും, അമ്മാ വെളിലും ..

അമ്മാ ഞെട്ടിയ ഞെട്ട് പറയണ്ടാല്ലോ .. അമ്മേടെ ദേഷ്യം ആവിയായി പോയി..മോളെ ചക്കരെ പഞ്ചാരേ വാതില് തുറക്കെടാ ..മോളുകുട്ടി നീ ഒരു കസേര വലിച്ചു മോളിക്കയറി ആ കുറ്റി ഒന്ന് തുറക്കെടാ..അമ്മേടെ പൊന്നല്ലേ...

പതപിച്ചോ പതപിച്ചോ ..ഇതൊന്നും ഇവിടെ എക്കുല്ല അമ്മെ   .. അമ്മക്ക് റോസാപൂകലോടല്ലേ കൂടുതല്‍ ഇഷ്ടം അവിടെ നില്ല് അങ്ങനെ..ഞാന്‍ മുഖം കുത്തി വീര്‍പിച്ച് സോഫയില്‍ ചമ്രം പടിഞ്ഞിരിപ്പായി ..എന്തു വനാലും ഇന്ന് വാതില്‍ തുറക്കില്ല ..കട്ടായം

അടുക്കളയില്‍ പ്രഷര്‍ കുക്കര്‍ ഇന്ഗുലാബ് തുടങ്ങി...ശീ ശീ എന്ന് ചീറാനും തുമ്മാനും തുടങ്ങി.. മുകളില്‍ അതാ ഒരു എട്ടുകാലി എന്നെ തന്നെ തുറിച്ചു നോക്കാന് ..അത് ഇങ്ങട് ചാടുമോ .. അപ്പൊ ഒരു പല്ലി ചിലച്ചു .."ഹമ്മേ .." ഞാന്‍ സ്വിച്ച് ഇട്ട പോലെ സോഫയുടെ മേല്‍ കയറി ..കരച്ചിലും തുടങ്ങി .. (സോഫാ നനച്ചു എന്നും എന്‍റെ ശത്രുക്കള്‍ പറഞ്ഞു പരത്തണ്ട് ..അത് വിശ്വസിക്കണ്ട )

ഇത്രേം ആയപ്പോ അമ്മക്ക് മനസിലായി ഇനി ഇവളെ  നമ്പിട്ടു കാര്യം ഇല്ല ..അമ്മ അവിടെല്ലാം പരതി ..അച്ചമ്മേടെ വീട്ടില്‍ ഓടു മേയാന്‍ തട്ടേല്‍ കേറാന്‍ വെച്ച കോവണി ഇരിപ്പുണ്ട് അപ്പുറത്ത്.. അമ്മ അതെടുതുവന്നു രണ്ടാം നിലയിലെ ടെറസില്‍ കയറി ..അവിടത്തെ വാതില്‍ മുകളിലെ anchorbolt മാത്രമേ  ഇടാരുള്ള്.  അതേല്‍ ആഞ്ഞു ഒരു തട്ട് കൊടുത്തപ്പോള്‍ അത് തുറന്നു .അമ്മ താഴെ വന്നു എന്നെ എടുത്തു..പ്രഷര്‍ കുക്കര്‍, എട്ടുകാലി, പല്ലി, പിന്നെ അവിടെ ഞാന്‍ കണ്ട എന്തൊക്കെയോ ജീവികളുടെ നിഴലുകളില്‍ നിന്ന്  എന്നെ രക്ഷിച്ചു ..

അപ്പൊ സത്യത്തില്‍ എന്‍റെ പേടിം കരച്ചിലും നിന്നാരുന്നു ..പക്ഷെ അപ്പൊ പെട്ടന്ന് കരച്ചില്‍ നിറുത്തിയ അമ്മ കുറുമ്പ് കാണിച്ചതിന് വഴക്ക് പറഞ്ഞാല്ലോ ..അത് കൊണ്ട് അടുത്ത ഒരു അര മണിക്കൂര്‍ കൂടി എന്‍റെ കരിച്ചിലും യേങ്ങലും  തുടര്‍ന്നു .." പാവം എന്‍റെ കുട്ടി പേടിച്ചു പോയി" ..അമ്മ എന്നെ തലോടിക്കൊണ്ടിരുന്നു ..കിട്ടിയ ലാക്കിനു ഞാന്‍ മാക്സിമം കൊഞ്ചി .. കൂട്ടത്തില്‍  ഒരു സത്യം ചെയ്തു:

ഇനി മേലാ ദേഷ്യം കാണിക്കാന്‍ വാതില്‍ തല്ലി അടക്കില്ല ..ഇത് സത്യം സത്യം സത്യം .

Sunday, 29 November 2009

അച്ഛന്‍റെ നെഞ്ചിലെ ഉടുക്ക് കൊട്ട്



അന്ന് ഒരു ഞായറാഴ്ച
അച്ഛന് ഒഴിവു ദിവസം ..പേരില്‍ മാത്രമേ " ഒഴിവു" ഒള്ളു. അന്നേ ദിവസം വീടിലും ചുറ്റിലും ഉള്ള REPAIR പരിപാടികളുടെ ഒരു നീണ്ട ലിസ്റ്റ് അമ്മ കൊടുക്കും. ഇവയെ വളരെ സമര്‍ഥമായി മറികടന്നു ആ ആഴ്ചത്തെ ഉറക്കത്തിന്‍റെ ക്വോട്ട ഉച്ചത്തില്‍ ഉള്ള കൂര്‍ക്കം വലിയോടെ ഉറപ്പാക്കും അച്ഛന്‍.

അന്ന് കിട്ടിയ ദൗത്യം വാട്ടര്‍ ടാങ്ക് വൃത്തിയാക്കല്‍ ആണ്. അന്ന് പക്ഷെ അമ്മ വിട്ടില്ല . തോണ്ടും ബ്രുഷും ചൂലും ഒക്കെ എടുത്തു..സാരി പൊക്കി കുത്തി അമ്മ FULL SWING-ല്‍  ഇറങ്ങിയപ്പോ അച്ഛന് "NO" പറയാന്‍ വകുപ്പില്ലാതായി.

രാവിലത്തെ കുളിയും ഭക്ഷണവും കഴിഞ്ഞു സുഖമായി ഉറങ്ങുന്ന രണ്ടര വയുസ്സുകാരി മകളെ (സാക്ഷാല്‍ എന്നെ ) ഭവാനി എന്ന ജോലിക്കാരിയെ (ഭവാനി അല്ലവള്‍ ഭയങ്കരിയാ- അച്ഛമ്മയുടെ തിരുത്തല്‍ )  ഏല്പിച്ചു അച്ഛനും അമ്മയും ടാര്‍ഗെറ്റ് വാട്ടര്‍ ടാങ്ക് ലകഷ്യമാക്കി നീങ്ങി.

രണ്ടാം നിലയില്‍ നിന്ന് പൊങ്ങി നില്‍ക്കുന്ന അടുക്കള ചിമ്മിനിക്ക് മേലെ മുറ്റത്തുനിന്നു ഒരു 25 അടി മേലെയാണ് ഈ ടാങ്ക് സ്ഥിതി ചെയ്യുന്നത് . ചിമ്മിനിയുടെ വശത്ത് ഒരടി ചതുരത്തില്‍ ഉള്ള 10-12 പടികള്‍ വഴി മുകളില്‍ എത്തുന്നത് ഒരു സാഹസം ആണ്.

അച്ഛനും അമ്മയും ദൗത്യവും ആയി പോയതും ഞാന്‍ ഉണര്‍ന്നു." മനോരമ" യില്‍ "ചെല്ലപൈന്കിളി" യില്‍ മേരിക്കുട്ടിയെ തല്ലാന്‍ ജോസൂട്ടി കൈപോക്കിതും ഞാന്‍ ഉണര്‍ന്നെ എന്ന് വിളിച്ചതും ഒപ്പം ..

ഭവാനി ഇരുന്ന ഇരിപ്പില്‍ ഒറ്റ ചാട്ടം. ശോ! കളഞ്ഞില്ലേ...ക്ലൈമാക്സ്‌ കളഞ്ഞില്ലേ ..അവര്‍ ചുണ്ട് കൊണ്ട് ട്വിസ്റ്റ്‌ കളിചെന്നെ കൊഞ്ഞനം കുത്തി. എന്നിട്ട് തന്‍റെ തടിച്ച നിദംബം കടുത്ത പ്രതിക്ഷേധത്തില്‍ വെട്ടിത്തിരിച്ചിരുന്നു മേരിചരിതപാരയണം  തുടര്‍ന്നു.

വേണ്ട... നമ്മള് ശല്യം ചെയനില്ലേയ്

അന്നേരം മുകളില്‍ നിന്ന അശരീരി മാതിരി അച്ഛന്‍റെ സംസാരം കേക്കാം..ഞാന്‍ അത് ലെക്ഷ്യമാകി പടികള്‍ കയറി.രണ്ടാമത്തെ നിലയില്‍ എങ്ങും അവരെ കാണാനില്ല. അപ്പൊ അതാ ടെറസ്സിന്റെ  വാതില്‍ തുറന്നു കിടക്കുന്നു. അമ്മയുടെ ഒക്കത്തിരുന്നു ഈ വീട്ടില്‍ ഒരുമാതിരി എല്ലാ സ്ഥലവും ഞാന്‍ പോയിട്ടുണ്ട് ടെറസ്സ് ഒഴികെ ..അഴികള്‍ക്കിടയിലൂടെ ഞാന്‍ ചാടും എന്ന് പേടിച്ചോ..അതോ എന്‍റെ ഒന്നര അടിക്കു കൈവരിയുടെ നാലടി ഒരു പ്രശ്നമേ  അല്ല എന്ന് പണ്ടേ തെളിയിച്ചതിനാലോ എന്തോ അമ്മ  അങ്ങനെ ഒരു റിസ്ക്‌ അതുവരെ എടുതട്ടില്ല ..

എന്തായാലും ടെറസ്സില്‍ എത്തി ഞാന്‍ അവിടെ ആകെ ഒന്ന് പരതി..കൊള്ളാല്ലോ സ്ഥലം ..അപ്പോളും അശരീരി കേള്‍ക്കാം..പിന്നെ താമസിച്ചില്ല..ഞാന്‍ ടാന്കിലെക്കുള്ള പടികള്‍ ഓരോന്നായി കയറി.10 പടിയോളം കയറി ..ഹോ.എന്തൊരു രസം ..എന്തൊരു കാറ്റ് ..ആകെ ഒരു ആട്ടമോക്കെ തോന്നുന്നുണ്ട്

പക്ഷെ പറ്റിച്ചില്ലേ പണി.. 10-12 പടി കയറിക്കഴിഞ്ഞപ്പോ പിന്നെ ഉള്ള രണ്ടു പടിക്ക് പകരം കമ്പി വളചിട്ടിരിക്കുകയാണ് ..അതില്‍ കയറാന്‍ ഞാന്‍ പഠിച്ച പണി പതിനെട്ടും പയറ്റി...രക്ഷയില്ല ..എനിക്ക് സങ്കടം സഹിച്ചില്ല ..സകല പ്രതിക്ഷേധവും ഉറക്കെ പ്രഖ്യാപിച്ചു ഞാന്‍ കൂവി .." അച്ഛാ"

ടാങ്കിന്റെ ഉള്ളില്‍ ഇരുന്ന അച്ഛനും മുകളില്‍ ഇരുന്നു അച്ഛനെ ഡയറക്റ്റ് ചെയ്തിരുന്ന അമ്മയും ഒരുപോലെ ഞെട്ടി..വടക്കോട്ട്‌  നോക്കി നിന്ന് ഞാന്‍ വീണ്ടും വിളിച്ചു.....അച്ഛാ..അച്ഛാ ..

അച്ഛന്‍ പിന്നെ മടിച്ചില്ല..കളരിപരമ്പര തൈവങ്ങളെ എന്ന് മനസ്സില്‍ നീട്ടി  വിളിച്ചു ..അമിതാബ് ബച്ചന്‍ കൊക്കേല്‍ തുങ്ങികിടന്നു പര്‍വീണ്‍ ബാബിയെ രക്ഷപ്പെടുതന മാതിരി ..വാട്ടര്‍ ടാങ്കിന്റെ വക്കില്‍ തൂങ്ങി എന്‍റെ പിന്നിലത്തെ പടിയില്‍ ഇറങ്ങി എന്നെ തൂക്കിയെടുത്തു.

ഹായി ഇതെന്തു മാജിക് ..വടക്കോട്ട്‌  നോക്കി വിളിച്ച അച്ഛന്‍ തെക്കൂന്നു വരുമോ ..ഇതെന്താ മാനത്തൂന്ന് പൊട്ടി വീണോ

അച്ഛന്‍ എന്നെ നെഞ്ചോട്‌ ചേര്‍ത്ത് അടക്കി പിടിച്ചു. ഹായി  ഇതെന്താ അച്ഛന്‍ ഉടുക്ക് വിഴുങ്ങിയോ..നെഞ്ചിന്റെ ഉള്ളില്‍ പട പട എന്ന് താളം ..എനിക്ക് സന്തോഷം സഹിക്കാന്‍ മേലാഞ്ഞു ഉറക്കെ ഒരു ചിരി ചിരിച്ചു ..

എന്‍റെ ഭാഗ്യം കൊണ്ടോ അച്ഛന്‍റെ നെചിലെ ഉടുക്ക് കൊട്ട് നിരുതാത്തത് കൊണ്ടോ അന്ന് ടാങ്കില്‍ അവര്‍ എന്നേം കൊണ്ട് കയറി. അവിടെ വെള്ളത്തില്‍ കയ്യിട്ടടിച്ചു സന്തോഷം രേഖപ്പെടുത്തുംബോളും എന്‍റെ ഉള്ളില്‍ ഒരു ചോദ്യം ഉണ്ടായിരുന്നു ..അച്ഛന്‍ എന്തിനാ ഉടുക്ക് വിഴുങ്ങിയെ ???

Saturday, 28 November 2009

ഇങ്ക് പാപ്പം തന്നോ ഇല്ലേ ഇങ്ങനിരിക്കും


ഇതെന്‍റെ ഓര്‍മ്മയില്‍ ..അല്ല ..എന്‍റെ അമ്മയുടെ ഓര്‍മ്മയില്‍ എന്‍റെ ആദ്യത്തെ കുറുമ്പ് ..

ഇന്നേക്ക് ഒരു 34 വര്‍ഷം മുന്പ് .. കേരളത്തിലെ ഒരു സുന്ദര ഗ്രാമത്തില്‍ ഒരു മീനചൂടുള്ള ഉച്ച സമയം ..

ഏകദേശം ഉച്ചക്ക് 2 മണി . ഒന്നര വയസുള്ള മകളെ ഉറക്കാനും നടു ചയ്ക്കാനും  എന്‍റെ അമ്മ കിടന്ന സമയം . എന്നെ
പാടിഉറക്കി ഉറക്കി അമ്മ പാവം ഉറങ്ങി പോയി. ഒന്ന് രണ്ടു തവണ ഞാന്‍ ചിണുങ്ങി നോക്കി , കൈയും കാലും ഇട്ടു അടിച്ചു നോക്കി ..എഹേ .ഒരനക്കവും ഇല്ല ..കുഞ്ഞികൈകുത്തി എനിറ്റിരുന്നു അമ്മേടെ മുഖത്ത് നോക്കി ചിരിച്ചു നോക്കി ...ഇല്ല ഒരു മൈണ്ടും ഇല്ല..

ഇല്ലേ വേണ്ട..നമ്മക്ക് വേറെ പണിണ്ട് മാഷേ .. പയ്യെ അവിടന്ന് ഊര്‍ന്നിറങ്ങി ..മുട്ടില്‍ നടന്ന മുമ്പോട്ടു നീങ്ങി.. കയ്യില്‍ തടഞ്ഞ പൊടിയോ ഉറുമ്പോ  കിട്ടിതാകട്ടെ എന്ന് പറഞ്ഞ വായിലാക്കി മുന്നോട്ട് പ്രയാണം തുടര്‍ന്നു.

അപ്പൊ ഉണ്ട് മുമ്പില്‍ മുത്തച്ഛന്റെ കസേര ..മുത്തച്ഛന്‍ അതുമേല്‍ ഇരുന്നു ഓരോ ക്രീയകള്‍ ചെയണ കാണാം .. ആ നേരം വാവേ കളിപ്പിക്കാന്‍ മുത്തച്ചനെ കിട്ടില്ല..ആഹ ..എന്നാ നമക്കും അറിയണല്ലോ ഈ കസേരെലെന്താ ഇത്രക്കൊരു ഗമയെന്നു. ഒട്ടും അമാന്തിച്ചില്ല വലിഞ്ഞു കേറി. കൊള്ളാല്ലോ സാധനം ..ഇപ്പൊ വാവക്ക് അമ്മേടെ ഒപ്പം പോക്കയോ? ഇല്ല ..ഇചിരികൂടെ വേണം ..എന്നാപ്പിന്നെ മേശേയുടെ മേലോട്ട്ട്  കേറാം എന്താ ..ആഹാ ഇപ്പൊ കൊള്ളാം..

സന്തോഷം സഹിക്കാന്‍ പറ്റാണ്ട് മേശെ രണ്ടു തല്ലു തല്ലി.. അമ്മ എന്നട്ടും സുഖം ഉറക്കം ..പാവം ഉറങ്ങികൊട്ടെ ..നമക്കിവിടെ ഒക്കെ ഒന്ന് കാണാം അപ്പോളേക്കും .. ഹായി അതെന്താത് മൂലയ്ക്കെ കൊള്ളാലോ സാധനം ..ഇതൊക്കെ കൊണ്ട മുത്തച്ഛന്‍ കളിക്കണേ.. ഞാനും നോക്കട്ടെ..എന്‍റെ കിലുക്കന്റെ മണിപോലെ നിറമുള്ള ഒരു സാധനം ഇത് കൊള്ളാലോ ..വാവക്കാനെങ്കി വിശക്കുന്നു ..അമ്മ എനിട്ട്‌ ഇങ്ക് പാപ്പം തരണ വരെ ഇത് കൊണ്ടാകാം .. എടുതിട്ടു വായില്‍ ..പിന്നെ...............
................................................... അമ്മേ..അച്ചമ്മേ ..മുതച്ചാ..അഛാ ..എല്ലാം ഒറ്റ വിളിയില്‍ വിളിച്ചു ..പക്ഷെ ക്രാ എന്നൊരു ശബ്ദം മാത്രമേ  പുറത്തു വന്നോള്ളൂ.....

എന്തായാലും വാവേടെ ആയുസ്സിന്റെ ബലം ..അമ്മ എണീറ്റ്‌..പൊന്നുമോള്‍ വായും പൊളിച്ചു കണ്ണും മിഴിച്ചു ഇരിക്കണ കണ്ടു അമ്മ ഞെട്ടി ..പെട്ടന്നെനിട്ടു കാലില്‍ തൂക്കി തലേം കുത്തി പിടിച് അലറി ..ഹേ ഇവരെന്താ  ഈ കാണിക്കുന്നത് എന്‍റെ തോണ്ടെല ആണ്  പ്രശ്നം കാലില്‍ അല്ല ..അച്ചമ്മേ രക്ഷിക്കണേ

ഞങ്ങള്‍ രണ്ടു പെരുടെം കരച്ചില്‍ ഫലിച്ചു ..അച്ഛമ്മ ഓടി എത്തി..സ്ഥലകാലവിവരങ്ങള്‍ പെട്ടെന്ന വിലയിരുത്തി rapid action അച്ഛമ്മ കുഞ്ഞി വായില്‍ ചൂണ്ടു വിരല്‍ കയറ്റി ഒറ്റ വലി ..ദാണ്ടേ  കിടക്കനു ഞാന്‍ കഷ്ടപ്പെട്ട് വിഴുങ്ങിയ സാധനം ..

" എന്‍റെ മോളെ നിനക്ക് ബള്‍ബ്‌ മാത്രേ കിടിയോല്ലോ വിഴുങ്ങാന്‍ ..അതും മുള്ളുള്ള അലങ്കാര ബള്‍ബ് "
എന്തായാലും സംഗതി വെളിയില്‍  പോന്ന ആര്മാതത്ത്തില്‍ ഞാന്‍ ഉച്ചത്തില്‍ കീറി ക്കരഞ്ഞു .

ഒരടി പോലും ഇല്ലാത്ത ഒന്നരവയസ്സുകാരി 3 അടി മേലെ പൊക്കം ഉള്ള മേശേമേല്‍ കയറിയതും..സ്ക്രൂ ഡ്രൈവര്‍ പേനാക്കത്തി മൊട്ടുസൂചി മുള്ളാണി എന്നിവയുടെ ഇടയില്‍ നിന്ന പച്ച കളറില്‍  ഉള്ള അലങ്കാര ബള്‍ബ് എടുത്ത് വായില്‍  ആക്കിയതും  ഇന്നും അന്നാട്ടില്‍ ഒരു അത്ഭുതം ആയി തുടരുന്നു ..
എന്‍റെ റെക്കോര്‍ഡ്‌ തകര്‍ക്കാന്‍ ഇത് വരെ ഒരു കുഞ്ഞിനും ആയിട്ടില്ല ..( 3 ദിവസം ചെറു നാരങ്ങയുടെ വലിപം ഉണ്ടാരുന്നു എന്‍റെ കുഞ്ഞി ചുണ്ടിനു എന്നാ കണ്ടൊരു പറയണേ.. ഇങ്ക്  പാപ്പം പോയിട്ട്  പച്ച വെള്ളം ഇറക്കാന്‍ മേലാരുന്നു എന്ന് )

ആ ബള്‍ബ് ഇപോളും അച്ഛന്റെ മേശയില്‍ സൂക്ഷിചിടുന്ദ് ..എന്‍റെ ആദ്യത്തെ കുറുമ്പിന്റെ ഓര്‍മ്മക്കായി ..