Wednesday, 5 March 2025

വിദ്യ+ അഭ്യാസം

 







ഒരാളുടെ വ്യക്തിത്വം അവർ പഠിച്ച ചുറ്റുപാടിനെ ആശ്രയിക്കും എന്നത് വലിയൊരു സത്യം ആണ്.. ജൻമനാ ഉള്ള കുറുമ്പ് പരിപോഷിപ്പിക്കാൻ ചുറ്റുപാട് വളരെ നന്നായി അനുഗ്രഹിച്ചനുവദിച്ച സ്കൂളും കോളേജും ഈ കുഞ്ഞുക്കുറുമ്പിയെ വാർത്തെടുക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു എന്നതിൽ ആത്മാർഥമായ ചാരിതാർത്ഥ്യം അറിയിച്ചു കൊണ്ട് അടുത്ത കുത്തികുറിക്കൽ തുടങ്ങട്ടെ.....

..............................................................................................................................................................

പ്രേമം സിനിമ ഇരുപത് തവണ കണ്ടത് അതിലെ കഥയോ മലരോ നിവിനോ കാരണം അല്ല... ആ കലാലയം ആ ക്യാമ്പസ് അതൊന്നു മാത്രം വീണ്ടും വീണ്ടും കാണാനുള്ള മോഹം കൊണ്ടാണ് . 

മഹാഗണി നിറഞ്ഞ പഴയ ക്യാമ്പസിൽ ലേഡീസ് റൂം മാറ്റി ഒരു ശിൽപം സ്ഥാപിച്ചതൊഴിച്ചാൽ വലിയ വ്യത്യാസം ഒന്നും ഇല്ല ..

 പറഞ്ഞപ്പോൾ തന്നെ മഹാത്മാഗാന്ധി നട്ട മാവിൻ്റെ മാവിലയുടെ ഗന്ധവും .. മഹാഗണി കായകൾ വീണു തകരുമ്പോൾ ഉള്ള ശബ്ദവും .. കരിയിലയിൽ ചവുട്ടി നടക്കുമ്പോൾ ഉള്ള crunch ശബ്ദവും ആ പൊടി മണവും..മര കോവണിയുടെ കരകര ശബ്ദവും എല്ലാം തൊട്ടറിയുന്ന പോലെ ..ഒത്തിരി ഉണ്ട് എഴുതാൻ .ഓരോ അധ്യായമായി എഴുതാം ...

പ്രവേശനോത്സവം

ചുമന്ന പട്ടുപാവാട ചെളിപറ്റാതെ മാടിപ്പിടിച്ചു

 വെള്ളിക്കുലുസിൻ്റെ മണിനാദവും

 തുമ്പ് കെട്ടിയ നീണ്ട ചുരുണ്ട മുടിയിൽ തിരുകിയ പിച്ചിമാലയുടെ നറുമണവും   

 വലിയ കണ്ണടക്ക് പിന്നിൽ പേടിച്ചു ചറപറ പിടക്കണ കണ്ണുകളും

നെറ്റിലെ ഒട്ടിപ്പോ പൊട്ടിലേക്ക് മഴവെള്ളമൊലിച്ചിറക്കിയ ചന്ദനക്കുറിയും

ഒരു co-ed കലാലയത്തിൽ കാൽ വെച്ച പ്രീഡിഗ്രി ഒന്നാം വർഷക്കാരിയുടെ ചങ്കിടിപ്പും ഭാവവും ...ഇത്രയും fragile ആയി കുഞ്ഞിക്കുറുമ്പിയെ കാണാൻ മറ്റൊരു അവസരവും ഉണ്ടാവില്ല...

പഠിച്ച ആംഗലേയ സ്കൂൾ വളരെ വിഖ്യാതമായ കാരണം മലയാളം മീഡിയം പഠിച്ച മിക്കവാറും ചേട്ടമ്മാരുടെ ഇഷ്ടവിനോദമായിരുന്നു ഇംഗ്ലീഷ് സ്പീക്കിംഗ് പെൺപിള്ളരെ റാഗ് ചെയ്യൽ.. ഒന്നു പറഞ്ഞു രണ്ടാമതൊന്ന് ഇംഗ്ലീഷ് പറയുന്ന  മദാമ്മ കുഞ്ഞുങ്ങളുടെ ഇടയിൽ ഇങ്ങനൊരു അവതാരം അവരും പ്രതീക്ഷിച്ചില്ല ..ആദ്യ ദിവസം തന്നെ പേര് കിട്ടി... തമ്പ്രാട്ടിക്കുട്ടി. തനിക്കൊണം അറിയും മുന്നേ ഏതോ മണ്ടൻ ചാർത്തി തന്ന പേര്...എന്തായാലും എനിക്കത് ശ്ശി ബോധിച്ചു...

വലിയ ഓഡിറ്റോറിയം പോലത്തെ ക്ലാസുമുറി...ഉയർന്ന പ്ലാറ്റ്ഫോമിൽ നിന്ന് പഠിപ്പിക്കുന്ന അധ്യാപകർ...

സ്കൂളിൽ തൊട്ടടുത്ത് നിന്ന് ചെവിക്കതിരുമ്മി പഠിപ്പിക്കുന്ന ടീച്ചർമാരെക്കാൾ വളരെ അകലെ ആണ് ഇവർ എന്ന് തോന്നി..

ട്യൂഷൻ ക്ലാസ്സിൽ കേട്ട പാഠങ്ങൾ വീണ്ടും കേൾക്കുന്ന വിരസത വല്ലാതെ ബാധിച്ചു തുടങ്ങിയപ്പോൾ ക്യാമ്പസ് എന്ന് സുന്ദരലോകം ക്ലാസുമുറിയേക്കാളും ആകർഷണീയം ആയി തോന്നി ..

അറ്റേണ്ടൻസ് കൊടുത്തട്ട് ജനിലിൽ കൂടി ചാടുക...കറങ്ങി നടന്ന ശേഷം ലേറ്റ്സ്ലിപ്പ് കൊടുക്കുക.... ഇങ്ങനെ പല കലാപരിപാടികൾ നടത്തി യഥേഷ്ടം കറങ്ങി നടന്നു. ട്യൂഷൻ ഉള്ള കാരണം നല്ല മാർക്കുണ്ടായിരുന്നതിനാൽ അധ്യാപകർക്കും പ്രശ്നമില്ല.

ആദ്യ വർഷം ചെന്ന ഉടനെ ഇലക്ഷൻ ആയതോടെ ആഘോഷങ്ങൾ പാരമ്യത്തിൽ ആയി...ksu...sfi...abvp...aisf...ചേട്ടന്മാർ ഓരോ വിദ്യാർഥി സംഘടനകൾക്കായി വോട്ട് ചോദിച്ചു വന്നു..

 ടിയാൺമെൻ സ്ക്വയറിൽ വിദ്യാർഥികളെ തച്ചതിന് ഇങ്ങു കേരളത്തിൽ sfi ചേട്ടന്മാർ കുരിശിലേറി...  

വിടർന്ന കണ്ണിൽ പുത് പുതു കാഴ്ചകൾ ആവാഹിച്ച് കുഞ്ഞി കുറുമ്പി പാറി നടന്നു ..

ഓഫീസിൽ ജോണിവാക്കർ എന്ന ജോണിചേട്ടൻ...

ലൈബ്രറിയിൽ ഇരുട്ടിൻ്റെ ആത്മാവ് ഫിലിപ് ചേട്ടൻ...

ക്യാൻ്റീനിൽ സോളൂഷൻ ചേട്ടൻ 

ഇങ്ങനെ ചെല്ലപ്പെരുകൾ അന്വാർത്ഥം ആക്കുന്ന ഓഫീസ് ജീവനക്കാരും എല്ലാവരും കുഞ്ഞിക്കുറുമ്പിക്ക് പ്രിയപെട്ടവർ ആയിരുന്നു

ലൈബ്രറിക്ക് പിന്നിലെ പഞ്ചാര മുക്ക്...

ഹോക്കി ഗ്രൗണ്ടിലെ പഞ്ചാരപ്പടികൾ... 

ലേഡീസ് റൂം വീക്ഷിക്കുന്ന യുപി ബ്ലോക്കിലെ വീക്ഷണകോൺ..( പ്രേമം സിനിമയിൽ മലർ എന്ന് പേര് എഴുതിയ മുറിക്ക് മുന്നിലെ ഹിസ്റ്ററി ക്ലാസ്റൂം )

ചീട്ടുകളി നടക്കുന്ന ചാപ്പൽ പടികൾ

മഴവിൽ വിരിയുന്ന ഫുട്ബോൾ ഗ്രൗണ്ട്

കാറ്റടിച്ചാൽ ചൂളം കുത്തുന്ന സൈക്കോളജി ബ്ലോക്കിലെ ജനലഴികൾ

അങ്ങനെ അങ്ങനെ ഒരു ഭൂഖണ്ഡത്തിൽ വേണ്ട  എല്ലാ ഘടകങ്ങളും ആ ക്യാമ്പസിൽ ഉണ്ടെന്നായിരുന്നു എൻ്റെ പക്ഷം.

ശ്ശോ പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ല... ഇനി പരക്കെ പറച്ചിൽ നിറുത്തി മാറ്ററിൽ വരാം..ഓരോ ഓർമ ഓരോ ഏടായി കുറിക്കാം

കരടി

PT ഡിപ്പാർട്ടുമെൻ്റിൽ അനേക വർഷം സർവീസ് ഉണ്ടായിരുന്ന ആഫ്രിക്കയിൽ പരിശീലനം നേടിയ ഞങ്ങടെ PT മാഷ് 

വെളിനാട്ടിൽ പരിശീലനം നേടിയ കൊണ്ട്( പൊട്ട)ഇംഗ്ലീഷ് നിർബ്ബന്ധം ആയിരുന്നു മാഷിന്..

PT ഡിപ്പാർട്ടുമെൻ്റിൽ വാങ്ങിയ ചൂരലിൻ്റെ കാശ് കൊടുക്കാഞ്ഞതിന് Stick No Bills എന്ന് പ്രിൻസിപ്പലിനെ ശാസിച്ച മാഷ്

Open the window let the atmosphere come in എന്ന് ആഘ്വാനിച്ച് ഒരു ക്ലാസിനു മൊത്തം ജീവവായു നൽകിയ മഹാനുഭാവൻ

സമരം ചെയ്ത് ബ്രിട്ടീഷുകാരുടെ കാലത്ത് പണിത കെട്ടിടം ഇടിഞ്ഞു പൊളിയാതെ സ്റ്റോപ്പ് understanding people will suffer എന്ന് ഉറക്കെ നിലവിളിച്ച മാഷ്

വിളിച്ചാൽ വിളി കേൾക്കാത്ത പെൺകൊച്ചിനെ call girl എന്നുറക്കെ വിളിച്ചുണർത്തിയ മാഷ്

തേങ്ങ തലയിൽ വീണു കുട്ടികൾ അപകടപ്പെടാതെ one coconut came ടപ് two coconut came ട്ടപ് ട്ടപ് എന്ന് വിളിച്ചറിയിച്ച മാഷ്

എന്നാൽ ബാസ്കറ്റ് ബോൾ ഹോക്കി ക്രിക്കറ്റ് ഫുട്ബോൾ എന്നിങ്ങനെ എല്ലാത്തിലും കരുത്തുറ്റ ടീമിനെ ഒരുക്കിയ കായിക താരങ്ങളുടെ പ്രിയപ്പെട്ട മാഷ്.

കഴുതപ്പുലി

രണ്ടാം വർഷ പ്രീഡിഗ്രി പഠിക്കുമ്പോളത്തെ ഞങ്ങളുടെ പ്രിൻസിപ്പാൾ.

പുള്ളി പറയുമ്പോ അത് ശകാരം ആണോ തലോടൽ ആണോ എന്ന് പിടികിട്ടില്ല... നിലപാടില്ലാത്ത അല്ലേൽ നിലപാടിൽ ഉറച്ച് നിക്കാത്തതിനാൽ സീനിയേഴ്സ് ഇട്ടപേരാണ് ...ചിരിക്കുകയാണോ കരയുകയാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത കാഴുതപ്പുലി .

ഇദ്ദേഹത്തിന് കമിതാക്കളെ കാണുന്നത് തന്നെ കലി ആയിരുന്നു.

പ്രണയ ജോഡികൾ ഇരിക്കാൻ സാദ്ധ്യത ഉള്ള സ്ഥലങ്ങളിൽ എല്ലാം കറ്റാർവാഴ വെച്ച് പിടിപിക്കൽ ആയിരുന്നു പ്രധാന വിനോദം.. അവസാനം തടിച്ച കറ്റാർവാഴ തണ്ടിൽ ഇളം തൂശൻ തണ്ട് വെച്ച് i love u എഴുതി കമിതാക്കൾ കോളജ് നിറച്ചു.

കമിതാക്കളെ പിടിച്ച് അച്ഛനമ്മമാരെ കോളജിൽ വിളിപ്പിച്ച് നാണം കെടുത്തുക, ഇനി ആവർത്തിക്കില്ല എന്ന് ബോണ്ട് എഴുതിക്കുക എന്നിങ്ങനെ ശിക്ഷ നടപടികളും തുടർന്ന് പൊന്നു.

ഒരിക്കൽ എൻഎസ്എസ് ഓഫീസിനു സമീപം ഒരു ജോഡിയെ സർ പൊക്കി. വെളുത്ത് ചുമന്ന ഒരു പെൺകൊച്ചും അല്പം നിറം കുറവുള്ളൊരു ആൺകുട്ടിയും...

പിടിച്ച ഉടനെ സർ ഗിരിപ്രഭാഷണം തുടങ്ങി...അച്ഛനമ്മമാർ എന്തിന് ഇങ്ങനെ കഷ്ടപ്പെട്ട് പഠിപ്പിക്കുന്നു...എന്തിന് നിങ്ങൾ പ്രേമിച്ചു പഠിത്തം ഉഴപ്പുന്നു...മാതാപിതാക്കളെ കൊണ്ടുവരാതെ രണ്ടും ക്ലാസ്സിൽ കയറരുത് എന്ന് താക്കീതും. ഈ കുട്ടികൾ കെഞ്ചി പറഞ്ഞു ഞങൾ പറയുന്ന ഒന്നു കേൾക്കൂ സർ...പ്ലീസ് എന്നൊക്കെ...nothing doing എന്ന് ശാസിച്ചു സർ പോയി.

പിറ്റേന്ന് രാവിലെ സാറിൻ്റെ ഓഫീസിൽ അവർ എത്തി... കണ്ടപടി സർ അലറി ഇതെന്താ രണ്ടു പേരോടും പേരൻ്റിനെ കൊണ്ട് വരാൻ പറഞ്ഞതല്ലേ??...

സാർ ഇതാണ് ഞങ്ങളുടെ parents.

 അവർ സഹോദരങ്ങൾ ആയിരുന്നു..കറുത്ത അച്ഛനും വെളുത്ത അമ്മക്കും ഉണ്ടായ മക്കൾ...

ഈ കഥ കാട്ടുതീ പോലെ കോളജിൽ പടർന്നു ..അതോടെ സർ ഒന്നു ഒതുങ്ങി..

ഒരിക്കൽ കുഞ്ഞിക്കുറുമ്പിയും കൂട്ടുകാരും ലൈബ്രറിക്ക് പിന്നിൽ ഫൈനൽ സെൻ്റ് ഓഫ് പാർട്ടി പ്ലാൻ ചെയ്യുന്ന തിരക്കിൽ ആയിരുന്നു...മെനു പരിപാടി മുതൽ ഒരുപാട് കര്യങ്ങൾ സംസാരത്തിൽ ഉണ്ട്..

നാല് ആൺകുട്ടികളും നാല് പെൺകുട്ടികളും ആണ് ഗ്രൂപ്പിൽ. ഒരാള് മലയാളം ഹെഡിൻ്റെ മകൻ..ഒരാൾ ഇക്കണോമിക്സ് ടീച്ചറിൻ്റെ കസിൻ ..അങ്ങനെ പിടിക്കപ്പെട്ടാൽ നിലനിൽപ് പ്രശ്‌നമാവുന്ന  മഹാരഥന്മാർ ഉള്ള ഗ്രൂപ്പ്

തകൃതിയായി കാര്യപരിപാടികൾ ചിട്ടപ്പെടുത്തുന്നതിന്നിടയിൽ ക്രൂര ഭാവത്തോടെ കഴുതപ്പുലി ചാടിവീണു...
ഏതു പിരീഡ് ആണെന്ന ചോദ്യത്തിന് പ്രസവാവധിയിൽ പോയ മേരി ടീച്ചറിൻ്റെ കെമിസ്ട്രി എന്ന തന്ത്രപൂർവ്വം പറഞ്ഞു...

പറഞ്ഞു തീർന്നില്ല ഇംഗ്ലീഷ് സുവോളജി ഹിന്ദി ഫിസിക്സ് ...മൂന്ന് ഉത്തരം കൂടി ഒപ്പം എത്തി... ബല്ലേഭേഷ് 

ഇത് പോലെ 3 കൂട്ടുക്കാർ...

കഴതപ്പുലിയുടെ കണ്ണിൽ ഇരയെ പിടിച്ച ഭാവം ... 'നാലും എൻ്റെ ഓഫീസിലേക്ക് പോരെ...ഇപ്പൊ തന്നെ...'

മലയാളം സാറിൻ്റെ മോൻ ബോധം കെട്ടു വീണില്ല എന്നെ ഒള്ളു... 

പ്രിൻസിപ്പലിൻ്റെ റൂമിൽ നിരന്നു നിന്നു ഞങൾ 8 എണ്ണം. മേശപ്പുറത്ത് ഞങ്ങളുടെ മാർക്ക് രേഖപ്പെടുത്തിയ രജിസ്റ്റർ... റൂൾ തടി കൊണ്ട് മാർക്ക് തൊട്ടു ഓരോരുത്തരെ ആയി വിചാരണ തുടങ്ങി... 

സാമാന്യം നല്ല മാർക്ക് ഉള്ള കൊണ്ട് കുഞ്ഞിക്കുറിംബിക്ക് വെല്യ ശകാരം കിട്ടിയില്ല...

അടുത്ത ആളുടെ പേര് നോക്കിയതും ...അയ്യോ അമ്മേ എന്ന് വിളിച്ച് അവൾ കുഴഞ്ഞു വീണു...

(പുള്ളിക്കാരി മുമ്പും ഈ പദ്ധതി നടപ്പാക്കിയിട്ടുണ്ട്, വിജയകരമായി, പ്രത്യേകിച്ച് ലാബിൽ അട്ടെൻഡൻസ് എടുത്ത് 
കഴിയുമ്പോൾ)

ഞങൾ പെൺകുട്ടികൾ അവളെ താങ്ങി എടുത്തു...
" അയ്യോ കുട്ടിയെ അങ്ങോട്ടിരുത്തു ..കുടിക്കാൻ വെള്ളം കൊടുക്കു "... സാർ ആകെ വിരണ്ട മട്ടാണ് 

ഒട്ടും സമയം കളഞ്ഞില്ല...സാറിൻ്റെ വിശ്രമ മുറിയിൽ അവളെ ഇരുത്തി ഫാൻ ഇട്ടു കൂജയിലെ തണുത്തവെള്ളം നുണഞ്ഞ് ഞങൾ ഇരുന്നു...ബോധം കെട്ടവൾ ഒരു ഉറക്കവും പാസാക്കി

ആൺപിള്ളേർ നാലെണ്ണം അടുത്ത അര മണിക്കൂർ സാറിൻ്റെ സാരോപദേശം കേട്ടു. കൂട്ടുകാരിയുടെ അവസരോചിതമായ ബോധം കെടൽ അടുത്ത ഒരു പിരീഡ് കൂടി ഉല്ലാസപൂർണമാവാൻ ഇടയാക്കി

മതിൽ ചാട്ടം

സ്പെഷ്യൽ ക്ലാസ്സ് പ്രീഡിഗ്രി അവസാന കാലത്ത് ശനിയാഴ്ച അവധികൾ ഇല്ലാതാക്കുന്ന ഒട്ടും ഇഷ്ടമില്ലാത്ത ഒരു ഏർപ്പാടാണ്...

മെയിൻ റോഡിൽ പോയാൽ രണ്ടു ബസ് കയറണം.. ക്യാമ്പസിനുള്ളിൽ കൂടി ഉള്ള വഴി പോയാൽ കുറച്ച് ദൂരം നടക്കണം പക്ഷെ കുറച്ച് കാശ് ലഭിക്കാം അത് കൊണ്ട് സിപ്പപ്പ് വാങ്ങിക്കാം.

തികച്ചും വിരസമായൊരു സ്പെഷ്യൽ ക്ലാസ്സ് കഴിഞ്ഞു സിപ്പപ്പ് നുണഞ്ഞ് ചുട്ട വെയിലത്ത് നടന്നു കുഞ്ചിക്കുറുമ്പിയും കൂട്ടുകാരും.

നടന്നു ക്യാമ്പസ് അതിർത്തി എത്തിയപ്പോൾ ഗേറ്റ് പൂട്ടിക്കിടക്കുന്നു . ഇനി ഈ വഴി മുഴുവൻ തിരികെ നടക്കൽ ആലോചിക്കാൻ വയ്യ.

ഗേറ്റ് ചാടിക്കടക്കാൻ തീരുമാനമായി..2 പേർ ചാടി അപ്പുറം എത്തി.. കുഞ്ഞിക്കുറുമ്പിയുടെ ഊഴം ആയി.

വലിഞ്ഞ് കയറി ഒരു കാൽ അപ്പുറത്ത് വെച്ചതും കൈത്തറി തുണിയുടെ നൂൽ ഗേറ്റിൻ്റെ മുകളിലെ കുന്തം പോലുള്ള അഴിയിൽ കുടുങ്ങി. വലിച്ചൂരാൻ നോക്കും തോറും തിരിച്ചു ആയത്തിൽ കുന്തത്തിൽ പതിച്ചു...2 ..3 ആവർത്തി ആയപ്പോളെക്കും കുന്തം ആസനം തുളച്ചു കയറി രക്തം വന്നു. വന്ദനത്തിലെ ജഗദീഷിൻ്റെ അവസ്ഥ.

ഒരു വിധം വലിച്ചൂരി റോഡിലോട്ടു ചാടിയതും  ചെന്നു പതിച്ചത് ഒരു ബന്ധുവിൻ്റെ സ്കൂട്ടറിന് മുന്നിൽ ...അതും അച്ഛൻ്റെ അതേ കമ്പനിയിൽ വർക്ക് ചെയ്യുന്ന ആൻ്റി.

വീടെത്തും മുന്നേ വീടെത്തി എൻ്റെ മതിൽ ചാട്ടത്തിൻ്റെ കമൻ്ററി. മൊബൈൽ ഇല്ലാത്ത കാലമാണെന്നോർക്കണം ... എന്നിട്ടും ഇത്ര വേഗത്തിൽ എങ്ങനെ ഇവർക്ക് വാർത്ത എത്തിക്കാനായി എന്നത് ഒരു സംശയം ആയി അവശേഷിക്കുന്നു.

തുരുമ്പ് കുന്തം തറച്ച ആസനം പൊത്തിയുള്ള എൻ്റെ കരചിലിന് മുന്നിൽ അമ്മയുടെ ദേഷ്യപ്രകടനങ്ങൾ നിഷ്ഭലമായി പോയി

യുവജനോത്സവം 

മൂന്ന് ദിവസം നീളുന്ന യുവജനോത്സവം 

ഒരു യൂണിവേഴ്സിറ്റി യുവജനോത്സവത്തിൽ ഉള്ള എല്ലാ ഇനങ്ങളും പിന്നെ  ഞങ്ങളുടെ കലാലയത്തിൻ്റെ മാത്രം പ്രത്യേകത ആയ ചില ഇനങ്ങളും ഉണ്ടാവും..

കൂവാൻ ഉള്ള സിദ്ധി ഞാൻ നേടിയത് ഇവിടെ ഈ കലാലയത്തിലെ സദസ്സിൽ നിന്നെന്ന് പറയാം ..പിന്നീട് ഉന്നത പഠനകാലത്ത് ഏറെ ഉപകരപെട്ടു ഈ പരിശീലനം.

5 മിനിട്ട് നേരം ലൈറ്റ്മ്യൂസിക് കോംപെറ്റീഷനിൽ പൂക്കൾ പൂക്കൾ എന്ന് മാത്രം പാടി കൂവൽ ഉച്ചസ്ഥായിയിൽ ആക്കിയ ടോണികുട്ടൻ...

Mr. കലാലയം പരിപാടിയിൽ മസ്സിൽ പിടിച്ചപ്പോ നിക്കർ ഊരിപോയ എല്ലുങ്കോലി ബൈജു

ഫാൻസിഡ്രസ് പരിപാടിയിൽ ശ്വാസം വിട്ടപ്പോ വെപ്പ് വയർ ഊരിത്തെറിച്ച കുടവയറൻ 

കൂവിതെളിയൻ വേറെന്ത് വേണം.

അവസാന ഇനമായ മോട്ടോർസൈക്കിൾ പരേഡ് ആണ് താരം.. പ്രച്ഛന്ന വേഷധാരികൾ ആയി മോട്ടോർസൈകിളിൽ ക്യാമ്പസ് മുഴുവൻ പര്യടനം നടത്തും..

ആ വർഷം 15ൽ 5ും വൈശാലിയും ഋഷ്യശ്രിങ്കനും ആയിരുന്നു. പരേഡ് പോകുന്നതിനിടയിൽ വൈശാലികളിൽ രണ്ട് പേരുടെ പക്ഷത്ത് നിന്ന് ഓറഞ്ചും റബർ പന്തും വീഴുന്ന കണ്ട് കൂവി തകർത്തത് കുറച്ചൊന്നും അല്ല...അബദ്ധം മറക്കാൻ ഋഷ്യശ്രിങ്കനെ ഇറുക്കി പുണർന്നിരുന്ന വൈശാലി രംഗ ബോധം തെളിയിച്ചു.

സ്റ്റണ്ട് വീരന്മാർ

അടിയിടി ഇല്ലാതെ എന്ത് ക്യാമ്പസ്

അനേകം അടികൾ കണ്ടിരിക്കുന്നു ..മിക്കവാറും രാഷ്ട്രീയ പ്രേരിതം.. ഹോസ്റ്റലിൽ തുടങ്ങി ക്യാമ്പസിൽ അവസാനിക്കുന്ന അടിയിടികൾ..

ഞങ്ങടെ കോശിച്ചായൻ നയിച്ച അനേകം സ്റ്റണ്ട് രംഗം ഉണ്ടായിട്ടുണ്ട് .. പുള്ളി ഒരാളെ പോലും അടിക്കില്ല...കൊങ്ങക്ക് പിടിച്ച് നിർത്തും...കോശിച്ചായൻ്റെ കയ്യുടെ നീളം കാരണം ഇരക്ക് കൈയ്യോ കാലോ നീട്ടി 
പ്രതിരോധിക്കാൻ എത്തില്ല...ഈ തക്കത്തിന് ബാക്കി പീക്കിരികൾ ഇരയെ ഇടിച്ചു പതം ആക്കും.

തികച്ചും രസകരമായി തോന്നിയ രംഗങ്ങൾ ആയിരുന്നു ഇവയെല്ലാം... എടാ പോട വിളികളും മിതമായ ചീത്തവിളികളും ഉണ്ടാവുമെങ്കിലും തെറിവിളികളോ ആയുധപ്രയോഗമോ രക്തം പൊടിയുക പോലുമോ ചെയ്തിരുന്നില്ല
.......................................

കക്ഷിരാഷ്ട്രീയ ഭേദം ഇല്ലാതെ ആൺപെൺ വ്യത്യാസം ഇല്ലാതെ എല്ലാവരും തല്ലാൻ ഇറങ്ങിയ ഒരു സന്ദർഭം ഉണ്ടായി.

സ്ഥലം സെമിനാരിപ്പടി ബസ് സ്റ്റോപ്പ്. മൂന്നു അൻപത്തിന് വരുന്ന കറുകുറ്റി ബസ്.. 

കറുകുറ്റി സ്വദേശികൾ ആണ് മിക്കവാറും ഇതിൽ ഉള്ളത്...അതുകൊണ്ട് തന്നെ മറ്റു ആളുകൾ കയറിയാൽ ഇവർ വളഞ്ഞു നിന്ന് കളിയാക്കും , മുടി പിടിച്ചു വലിക്കും, നുള്ളും ,ചില്ലറ പൈസ തട്ടിത്തെറിപ്പിക്കും...പയ്യന്മാർ ഇത് ചെയ്യുന്ന കണ്ട് മുതിർന്നവർ ഊറിച്ചിരിക്കും .

പലർക്കും ഈ അനുഭവം വന്നപ്പോൾ ഒരിക്കൽ ഒരു കുട്ടി പ്രതികരിച്ചു. ..അവളെ വല്ലാതെ അശ്ലീലം പറയുന്ന കണ്ട് എതിർത്ത ആൺകുട്ടിയെ അവർ കൈയേറ്റം ചെയ്തു..ഷർട്ട് വലിച്ച് കീറി.

5 പേരുണ്ടായിരുന്നു പ്രധാനികൾ...5 പേരും തകർത്താടി.

പിറ്റേന്ന് ക്യാമ്പസിൽ ഈ വിവരം എത്തി... ഒരു മൊബൈലോ പേജറോ ഇല്ലാത്ത കാലത്ത് വായ്‌മൊഴിയായി ഈ വാർത്ത പരന്നു..

മൂന്നരക്ക് കോളജ് വിടുമ്പോൾ ഒരു ക്യാമ്പസ് മുഴുവൻ  സെമിനാരിപ്പടിയിലേക്ക് നീങ്ങി...ഒരേ വികാരത്തോടെ...ഈ അക്രമം ഇന്ന് അവസാനിപ്പിക്കണം എന്ന് ഒറ്റ ഉദ്ദേശത്തോടെ.

സെമിനാരിപ്പടിയിൽ അന്ന് ട്രാഫിക് പോലീസ് സ്റ്റേഷൻ ഉണ്ട്...പോലീസ് ചേട്ടന്മാർ ഞങ്ങൾക്കൊപ്പം നിന്ന്.

കെഎസ്ആർടിസി കറുകുറ്റി ബസ് വന്നതും പോലീസ് കൈകാട്ടി നിറുത്തി...കുട്ടികൾ ചുറ്റും വളഞ്ഞു...5 വില്ലന്മാർ ഒഴികെ മറ്റെല്ലാവരും ഇറങ്ങി സ്ഥലം വിടാൻ പറഞ്ഞു ..അവരെല്ലാം പോകും വരെ 5 പേരുമാത്രം ബസ്സിൽ.പുറത്ത് നല്ല ചീത്തവിളി

ബസ്സ് കത്തിക്കും എന്ന് അവന്മാർ ഭയന്നു...പോലീസും പിള്ളാരും  മാത്രം ആയ സമയം അവന്മാരെ പുറത്തിറക്കി...എല്ലാവരുടെയും മുന്നിൽ കസേര ഇല്ല കസേരയിൽ ഇരുത്തി അവരെക്കൊണ്ട് സോറി പറയിച്ചു...എല്ലാവരും കേൾക്കെ പോലീസ് അവരെ താക്കീത് ചെയ്തു.

കുട്ടികൾ ആർത്ത് കൂവി പോലീസിന് ജയ് വിളിച്ച്...ചോര ചീന്താതെ ...ബസ് കത്തിക്കാതെ...ഒരു അടി പോലും പൊട്ടിക്കാതെ ഒരുമിച്ച് നിന്നൊരു പകരം വീട്ടൽ...ഈ തൃപ്തി ഇന്നത്തെ ന്യൂജൻ പിള്ളാർക്ക് മനസ്സിലവുമോ എന്തോ

ജനറേഷൻ ഗ്യാപ്പ്

കൗതുകം തോന്നും ഇപ്പൊ ഒള്ള കുട്ടികളുടെ വികാരപ്രക്ഷോഭങ്ങൾ കാണുമ്പോൾ. എന്തിനാണ് ഇത്ര ക്ഷണികമായ ഏറ്റവും സുന്ദരമായ സമയത്തെ ഇങ്ങനെ വിരോധങ്ങളും പോർവിളികളും കൊണ്ട് വികലമാക്കുന്നത്...

നാളെ ഒരിക്കൽ പറഞ്ഞു ചിരിക്കാൻ ഒരു പിടി ഓർമകൾ കൈമുതലാക്കുന്നത്തിന് പകരം ക്യാമ്പസ് പ്രക്ഷോഭങ്ങൾ നടത്തി മുറിവുകളും വൈകല്യങ്ങളും എന്തിന് മരണം പോലും ഉണ്ടാവുന്ന സ്ഥിതി കുഞ്ചിക്കുറുമ്പിക്ക് മനസ്സിലാവുന്നെ ഇല്ല...

ചിലപ്പോ ഇതാവും ജനറേഷൻ ഗ്യാപ്പ്

.................................................................

Friday, 13 December 2024

നാഗവല്ലി റിലോഡഡ്

  



പ്രേതങ്ങളിൽ വിശ്വാസമുണ്ടോ??? പേടിയുണ്ടോ??? പാര നോർമൽ ആക്ടിവിറ്റി എന്നൊന്നുണ്ടോ...

പെട്ടന്ന് അങ്ങനെ ചോദിച്ചാൽ പുരോഗമന ചിന്തക്കാരി എന്ന മുഖപടത്തിന് പിന്നിൽ രഹസ്യമായി ഞാൻ പറയും.... പേടിയുണ്ട്...നല്ലോണം പേടി ഉണ്ട്

മുഖപടത്തിനു മുന്നിലോട്ടു പറയും...എന്തിന് .. അതൊക്കെ വെറുതെ ..ദൈവ വിശ്വാസം മാത്രേ ഒള്ളു എന്ന്...

കുഞ്ചിക്കുറുമ്പിയുടെ ചുറ്റും നടന്ന അസാധാരണ സംഭവങ്ങൾ ആണ് ഇതിവൃത്തം.

(ദൈവികമാകാം ... സൈക്കോളജിക്കൽ ആകാം ..ഇനി പ്രേതം തന്നെയും ആകാം....അങ്ങനെ ഒരു കഥ)


.............. ............................................................   


മനോരമയിലും മനോരാജ്യത്തിലും മംഗളത്തിലും വരുന്ന പ്രേത കഥകൾ വായിച്ചു ജനാലക്കപ്പുറം കാണുന്ന നിഴലുകളിൽ രൂപങ്ങൾ സങ്കല്പിച്ച് കണ്ണിറുക്കി അടച്ചു "അർജ്ജുനൻ ഫല്ഗുണൻ " ചൊല്ലി ഉറങ്ങിയ കൗമാരം ... ഉറങ്ങും മുന്നേ ഹനുമാൻ സ്വാമിയുടെ മന്ത്രം ജപിച്ച് കിടന്നാൽ പേടിസ്വപ്നം കാണില്ല എന്ന് അച്ഛൻ പറഞ്ഞത് ഇന്നും ഞാൻ വിശ്വസിക്കുന്നു..

........................... ..............................................


കോളജ് വിദ്യാഭ്യാസ കാലം... എഞ്ചിനീയറിംഗ് കോളജ് ഹോസ്റ്റൽ ആണ് സ്ഥലം.. 

കഥയിലെ നായികയെ അമ്മിണി എന്ന് വിളിക്കാം. എന്നെക്കാൾ ഒരു വർഷം ജൂനിയർ

5 അടി 8 ഇഞ്ച് പൊക്കം

അരക്കൊപ്പം ചുരുണ്ട മുടി ... 

വലിയ നീണ്ട കണ്ണും അതിനൊത്ത പുരികങ്ങളും ... 

ആകെ ഒരു ആനച്ചന്തം ഉള്ള കുട്ടി

 ( സത്യമായിട്ടും... ഒരു അഴകുള്ള കുട്ടി..പക്ഷെ കാഴ്ചക്ക് എന്തോ ഒരു പിശക്...) 

രാവിലെ 7 മണിക്ക് നാരായണൻ സാറിൻ്റെ ട്യൂഷൻ ക്ലാസ്സിൽ നിന്ന് ഇറങ്ങിപോയ അമ്മിണി പിന്നെ മെസ്സിൽ ആണ് കാണപ്പെട്ടത്...

സ്വന്തം പാത്രത്തിലെ ഉപ്പുമാവും കടലയും കഴിച്ച് മേശപ്പുറത്തെ ബാക്കി 6 പത്രങ്ങളിൽ വേസ്റ്റ് മൊത്തം കഴിക്കുന്ന കണ്ടപോളാണ് കൂട്ടുകാർക്ക് പന്തികേട് തോന്നിയത്..

പിന്നെ ഒരു താണ്ഡവം ആയിരുന്നു... ആടി ഉലഞ്ഞു ഹോസ്റ്റലിൽ ആകെ നടപ്പു തുടങ്ങി.

ചിലരെ തലമണ്ടക്ക് വീക്കി ..ചിലർക്ക് ഒരു പച്ചക്കായ കൊടുത്തു അനുഗ്രഹം ചൊരിഞ്ഞു...ചിലർക്ക് ഒരു കറുത്ത കായകൊടുത് താടിക്ക് ഞ്ഞോണ്ടി ... 

പുറത്ത് കടക്കാതിരിക്കാൻ ഷട്ടർ പൂട്ടിയ ഹോസ്റ്റൽ സെക്രട്ടറിയെ കഴുത്തിനു കുത്തിപ്പിടിച്ച് അര അടി പൊക്കി...തടയാൻ ചെന്ന കുട്ടിയുടെ നൈറ്റി ഒറ്റ പിടിക്ക് വലിച്ചു കീറി...

അലച്ചലറി മെസ്സിൻ്റെ നേരെ വന്നതും, എൻ്റെ മോളെ എന്ത് പറ്റി എന്ന് പരിതപിച്ച ഞങ്ങടെ അമ്മച്ചി കുക്ക് വീപ്പക്കുറ്റിയെ ഹാമർ ത്രോ പോലെ കറക്കി എറിഞ്ഞു..ടിവി റൂമിൻ്റെ മുന്നിലെ ഉരുളൻ തൂണിൽ സ്റ്റിക്കർ പോലെ ഒട്ടിയ അമ്മച്ചി നിരങ്ങി താഴെ വീണു മലച്ചു...

എങ്ങനെയോ അമ്മിണി ഷട്ടർ ലോക്ക് അകത്തി പുറത്ത് കടന്നു..പിറകെ പോയ ഞങ്ങളെ കല്ലെറിഞ്ഞു....ആടി ഉലഞ്ഞു അമ്പലത്തിനു നേരെ തിരിഞ്ഞു .

സംഘത്തിൽ ഉള്ളവർ വടിപയറ്റ് പരിശീലിക്കുന്നതിനിടയിൽ ആണ് അലറിക്കൊണ്ട് അവൾ എത്തിയത്... 

അവർ വടി കൊണ്ട് അടിക്കാൻ ഓങ്ങി... അവള് കല്ലെടുത്ത് എറിഞ്ഞു... ഒരു ചേട്ടൻ്റെ മുന്നിൽ താണ് തൊഴുത് വയ്യാത്ത കുട്ടിയാണ് എന്ന് ഞാൻ അപേക്ഷിചു.

" ഇവൾ ഇവിടെ രാവിലെ ഒപ്പിച്ച പുകിലെന്താണെന്നറിയോ..." ചേട്ടൻ ചീറി....

" ശ്രീകോവിലിൽ കേറാൻ നോക്കി... ഒരു ചേച്ചിയെ തള്ളി അവർ മുഖം ഇടിച്ച് വീണു...നാഗങ്ങളുടെ നടയിൽ വിളക്ക് ഊതിക്കെടുത്തി ...മഞ്ഞള് തൂവിതെറിപ്പിച്ചു...ഇനിയും കയറ്റണോ അകത്ത്...??"

അപ്പോളാണ് ട്യൂഷൻ ക്ലാസ്സിൽ നിന്ന് മുങ്ങി മെസ്സ് ഹാളിൽ പൊങ്ങിയതിനിടയിലെ സംഭവങ്ങൾ ഞങൾ അറിയുന്നത്.

ഒരു വിധം അവിടന്ന് അമ്മിണിയെ വലിച്ച് ഹോസ്റ്റലിൽ എത്തിച്ച് മുറിയിൽ കയറ്റി .. മുറിയിൽ എത്തിയതും ഏറിയ ശക്തിയോടെ ഞങ്ങളെ ഉന്തി വെളിയിൽ ആക്കി അവള് വാതിൽ അടച്ചു.

ഞങ്ങള് സത്യത്തിൽ വിരണ്ടു പോയി.... വെല്ല കടുംകൈയും ഒപ്പിക്കുമോ എന്ന് ഭയന്നു .ഞങൾ വതിലിനിടയിലൂടെ അവളെ നിരീക്ഷിച്ചു കൊണ്ടിരുന്നു ...ഇടക്ക് അവള് തൻ്റെ സഹമുറിയതി കാർത്തുവിനെ ചോദിച്ചിരുന്നു...അവളെ കാണണം അവളെ കൊല്ലണം ...അവള് കരിനാഗമാണ് എന്നൊക്കെ പുലമ്പിയിരുന്നു..

ചുറ്റും വെള്ളം തൂവി എന്തൊക്കെയോ വാരി വായിലിട്ടു കൊറിച്ച് അവള് മുറിയിൽ അക്ഷമയോടെ ഉലാത്തി ....കാർത്തുവിനെ കിട്ടാത്ത കലി തലയിണയിൽ തീർത്തു ...

ഇതിനിടയിൽ അവളുടെ വീട്ടിൽ വിവരം അറിയിച്ചു...അവർക്ക് ഇത് മുന്നേ അറിയാവുന്ന പോലെ ഒരു തണുപ്പൻ മട്ട്.

മണിക്കൂർ 2 കഴിഞ്ഞു മുറിയടച്ചിരിക്കുന്ന അവൾക് ഞങൾ കാവൽ തുടങ്ങിയിട്ട്...അമ്മിണി വാതിൽ തുറന്നു...സൗമ്യയായി ഞങ്ങളെ അകത്തു വിളിച്ചു..എല്ലാരോടും തറയിലിരുത്തി അവള് കര്യങ്ങൾ വിവരിച്ചു....

....,.......................................................................

ഒരു പഴയ തറവാട്ടിൽ വളർന്ന കുട്ടി... മന്ത്രവാദവും കടുത്ത പൂജവിധികളും ഓർമ വെച്ച കാലം തൊട്ട് ജീവിതത്തിൽ നിത്യ സംഭവം.

 ( അവൾക്ക് ശോഭനയുടെ ഛായ ഉണ്ടോ...??)


അമ്മിണി ഒരു ശിവാഭക്ത ആയിരുന്നു.

 

നല്ല പഠിക്കുന്ന കുട്ടി... പലപ്പോഴും കുഞ്ചിക്കുറുമ്പിയുടെ നോട്സും റെക്കോർഡും അവള് പഠിക്കാൻ വാങ്ങിയിരുന്നു. 

റൂമിൽ കൂടെ ഉള്ള കാർത്തൂ പഠനത്തിൽ അവക്കൊപ്പതിനൊപ്പം മിടുക്കി...സ്വഭാവികമായും അവർ തമ്മിൽ ഒരു മത്സരം ഉണ്ടായി.. കാർതൂ അത് നന്നായി ഉൾകൊണ്ടെങ്കിലും അമ്മിണി അത് വളരെ മാത്സര്യത്തോടെ കണ്ടൂ..

ഒരു വേള എല്ലാ പരീക്ഷക്കും കാർതൂ മുന്നിലവുന്നു എന്ന് തോന്നി ..അതോടെ സൗഹൃദം പയ്യെ ശത്രുത ആയി തുടങ്ങി..പാവം കാർത്തൂ ഇതൊന്നും അറിഞ്ഞില്ല.

ഹോസ്റ്റലിൻ്റെ അടുത്ത് കൃഷ്ണക്ഷേത്രത്തിൽ പാരിജാതത്തിൻ്റെ കീഴെ ഉള്ള ശിവൻ്റെ നട അമ്മിണിയുടെ പരിഭവം നിറഞ്ഞ പ്രാർത്ഥനകൾക്ക് വേദിയായി ..അവസാനം പൊറുതി മുട്ടി ഭഗവാൻ ശിവൻ അവളോട് പറഞ്ഞു...

അല്ലെങ്കിൽ പറഞ്ഞതായി അവൾക് തോന്നി 

." അടുത്ത ശിവരാത്രി നീ ഉറങ്ങരുത്...പിറ്റേന്ന് രാവിലെ നീ അമ്പലത്തിൽ വരിക...ശ്രീകോവിലിൽ കൃഷ്ണനെ കണ്ട് കാര്യം പറഞ്ഞു..11 പ്രദക്ഷിണം വെക്കണം...

എന്നിട്ട് നാഗത്തിൻ്റെ വിളക്കണച്ച് കരി നാഗത്തിൻ്റെ വിളക് കൊളുത്തണം ...ഓർക്കുക മഞ്ഞൾ തൂവി സ്ഥലം ശുദ്ധമാക്കണം..

വിഘ്നങ്ങൾ അനേകം ഉണ്ടാവും ...പക്ഷെ രാവിലെ 7 നും 8 നൂം ഇടയിൽ ഇത് നീ നേടിയാൽ നീ സർവ്വ ശക്തികൾക്കും അധിപ ആവും.. സർവഞ്ഞയാവുമ്പോൾ നിൻ്റെ പഠനം മുടങ്ങും...സാരമില്ല സർവജ്ഞാനി ആയാൽ ദേവകൾക്കൊപ്പമാണ് സ്ഥാനം ...പിന്നെ കരിനാഗമായ കാർത്തുവിൻ്റെ നിഗ്രഹം ആയിരിക്കും നിൻ്റെ പ്രഥമ ദൗത്യം".

(പണ്ട് രാമായണ സീരിയൽ തർജമ മനോരമ പേപ്പറിൽ വയിച്ച ഓർമ ആണ് എനിക്ക് വന്നത്...)

പിന്നെ അവള് അവൾടെ പ്രവൃത്തിയെ വിവരിച്ചു...

കൃഷ്ണനോട് പറയാൻ ശ്രീകോവിലിൽ കയറാൻ ധൂമകേതു (അമ്പലത്തിലെ പൂജാരി) സമ്മതിച്ചില്ല .

അവിടനിന്ന ചേച്ചിയെ പുസ്തകം പിടിക്കാൻ എൽപ്പിച്ചിരുന്നു...ഇവൾടെ മട്ടും ഭാവവും കണ്ട് ചേച്ചി ഈ പുസ്തകം താഴെ വെച്ചു...എന്തെന്നാൽ വിദ്യ അവളിൽ നിന്ന് അകറ്റാൻ സരസ്വതി ദേവിയുടെ ശ്രമം... കൊടുത്തു ചേച്ചിക്ക് മുഖം അടച്ച് ഒരെണ്ണം.

അവിടന്ന് ഓടി നാഗങ്ങളുടെ നടയിലെത്തി മഞ്ഞൾ വാരി വിതറി വിളക്കൂതി കരിനാഗത്തിൻ്റെ വിളക്ക് കത്തിക്കാൻ നോക്കിയതും ആളുകൾ ബഹളം വെച്ചു ഓടിച്ചുവിട്ടു. പദ്ധതികൾ പൊളിഞ്ഞു വിദ്യയും കൈവിട്ടുപോയി...ഇനി കരിനാഗ നിഗ്രഹം മാത്രം വഴി ഒള്ളു...

ഇത്രയും ആയപ്പോഴേക്കും അവളുടെ അമ്മാവൻ എത്തി...കരഞ്ഞു കൂവി ബഹളം കൂട്ടിയവൾ ഒരു പാവക്കുട്ടി പോലെ നടന്നു കാറിൽ കയറിപോയി...

കുറച്ചധികം നേരം പിന്നീട് ഹോസ്റ്റലിൽ ആകെ നിശബ്ദത ആയിരുന്നു...ഞങ്ങളിൽ ചിലർ തളർന്നുറങ്ങിപോയി... ഇത്രയും ഡ്രാമ ഇത്രയും ഡാർക് സീൻ ഞങൾ ആരും ഇതിന് മുമ്പ് അനുഭവിചട്ടില്ല...ആകെ ഉള്ള ശബ്ദം കുക്ക് അമ്മച്ചിയുടെ ചളുങ്ങിയ മോന്തയിൽ നിന്നുള്ള തേങ്ങൽ മാത്രം..

പിന്നീട് കുറേക്കാലം അമ്മിണി ചികിത്സയിൽ ആയിരുന്നു....കാർത്തു വിവരങ്ങൾ കേട്ട് ഞെട്ടി ...പക്ഷെ പഠിത്തം തുടർന്നു 

.......................................................................

അടുത്ത സീരീസ് പരീക്ഷയിൽ അവസാന നിമിഷ പഠിത്തത്തിൽ മുഴുകി ഇരിക്കുമ്പോൾ അരികിൽ ആരോ വന്നു പഥോ എന്ന് ബെഞ്ചിൽ പതിച്ചു...

ഞാൻ തിരിഞ്ഞ് നോക്കിയതും ഞെട്ടിപ്പോയി... അമ്മിണി... കവിളുകൾ തുടുത്ത് കലങ്ങിയ കണ്ണും വല്ലാത്ത ഒരു കോടിയ ചിരിയുമായി എൻ്റെ മുഖത്തിൻ്റെ തൊട്ടടുത്ത് അവളുടെ വെലിയ തളിക പോലത്തെ മുഖം...

മണിച്ചിത്രത്താഴിലെ പപ്പു ചോദിക്കും പോലെ ...

" എന്നേകണ്ടിട്ട് എന്തേലും കുഴപ്പം ഉണ്ടോ"


ഉണ്ടെന്ന് പറഞ്ഞാൽ കുഴപ്പം ആയാലോ..

" ഹേയ് എന്തു കുഴപ്പം..."

അമർത്തി ബാസ്സ് കൂട്ടി അടുത്ത ചോദ്യം...

" എന്തെ കുഴപ്പം ഇല്ലേ "

ഞാൻ ആകെ പ്രശ്നത്തിൽ ആയി...ഇനി ഉണ്ടെന്ന് പറഞ്ഞാലും പണിയാവൂല്ലോ...

ഇത്ര ആയപ്പോളെക്കും ഇൻവിജിലേറ്റർ എത്തി അവളെ പുറത്തേക്ക് വിളിച്ചു...

ഞാൻ പഠിച്ചതെല്ലാം ആവി ആയി പോയി...എങ്ങനെയൊക്കെയോ പരീക്ഷ എഴുതി ഞാൻ ഇറങ്ങി ഓടി..പുറകിൽ ചേച്ചി ചേച്ചി എന്ന് അവള് വിളിക്കുന്ന കേട്ടു...ഞാൻ തിരിഞ്ഞു നോക്കിയില്ല.

................................................,...........................

ഇന്ന് വർഷങ്ങൾക്കു ശേഷം മാനസിക ആരോഗ്യത്തെ കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ അവളെ കുറച്ചു കൂടി എനിക്ക് മനസ്സിലാവുന്നുണ്ട്...

പക്ഷെ അമ്മിണി അന്നു ഞാനും നിന്നെ പോലെ തന്നെ ചെറുപ്രായം ആയിരുന്നു... 

മാനസിക വ്യാപാരത്തിൻ്റെ സങ്കീർണത എൻ്റെ ഭയപ്പാടിൻ്റെ മുന്നിൽ എനിക്ക് തെല്ലും പ്രധാനമായിരുന്നില്ല...അമ്മിണി ക്ഷമിക്കണം.

Wednesday, 11 December 2024

പ്രേമലേഖനം

 



പ്രേമലേഖനം.. 

ലൗ ലെറ്റർ...

കേക്കുമ്പോ തന്നെ പണ്ട് നെഞ്ചിൽ ഒരു പിടപിടപ്പ്...കണ്ണിമ ഒരു ബട്ടർഫ്ളൈ പോലെ ഇമവെട്ടും


ഇപ്പോഴത്തെ ടെക്സ്ടും ചാറ്റും ഒന്നും പോലെ അല്ല...വളരെ ലളിതവും സുന്ദരവും ആയ ഒരു ആശയവിനിമയം.


കുഞ്ഞിക്കുറുമ്പി ഒരു പ്രേമ രോഗി ആയിരുന്നോ എന്നാവും... പ്രായത്തിൻ്റെ ചപലതകൾ കുരുത്തക്കെടുകൾ ...ഒരു സംഘടിത അവതാരം ആയിരുന്നു എന്ന് പറയാം... എൻ്റെ കൂട്ടുകാർ പറയും പോലെ ഒരു അരപിരി ലൂസ് 

........................................................................


കൗമാരത്തിൽ നിന്ന് തുടങ്ങാം കൊടുക്കൽ വാങ്ങൽ ചരിതം..


യുപി സ്കൂൾ കാലഘട്ടം... പ്രായം അറിയിക്കുന്ന പെൺപിള്ളേരും ...പൊടി മീശ മുളക്കുന്നോ എന്ന് സംശയം തോന്നിക്കുന്ന ആൺ പിള്ളേരും ഒരേ ക്ലാസ്സിൽ ഉള്ള co- ed സംവിധാനം...പ്രേമം മുളപൊട്ടുക സർവസാധാരണം.


ക്ലാസ്സിലെ പലരും പെയർ ആയി ..ചിലർക്ക് സ്കൂളിന് പുറത്ത് പല എർത്ത് പരിപാടി ...ആകെ പ്രേമ കഥകൾ തന്നെ.. പാടാം നമുക്കു പാടാം എന്ന് മോഹൻലാൽ നീട്ടി പാടിയ വർഷം ... എവിടെ തിരിഞ്ഞാലും ലൈൻ വലി തന്നെ..


പക്ഷേ സോഡാക്കുപ്പി കണ്ണടയും ചുരുണ്ട കട്ടി മുടിയും ഉരുണ്ട തടിയൻ ദേഹവും ഉള്ള കുഞ്ഞികുറുമ്പിക്ക് മാത്രം ആരും ഇല്ല.. 


ഈ പ്രേമസല്ലാപങ്ങൾ കണ്ട് റിയാക്ഷൻ ഇട്ടു മരിക്കാതെ ഒരു വിധം യുപി സ്കൂൾ താണ്ടി ഹൈസ്കൂളിൽ എത്തി.. എന്നട്ടും സ്ഥിതി അതു തന്നെ


മടുത്തു...ഓരോ നിറമുള്ള കഥ കേക്കുമ്പോളും തനിക്കെന്തോ പ്രശ്നം ഒള്ള പോലെ തോന്നി തുടങ്ങി... പറ്റില്ല...അങ്ങനെ തകരാൻ ഞാൻ തയ്യാറല്ല.. എൻ്റെ ഭാവന ഉണർന്നു...സ്വന്തമായി ഒരു കാമുകനെ സങ്കല്പിച്ച് ഒരു പേരും നൽകി "സ്വീറ്റി"... എവിടന്നു കിട്ടി ഈ പേര് എന്ന് എനിക്കും അറിയില്ല.


എൻ്റെ സങ്കൽപത്തിലെ സ്വീറ്റിക്ക് ഞാൻ തച്ചിന് പ്രേമലേഖനം എഴുതാൻ തുടങ്ങി.. എല്ലാ ദിവസവും ഒരു എഴുത്ത്...ഉച്ചയ്ക്ക് എഴുതി വൈകിട്ട് വീട്ടിൽ പോവും മുന്നേ കീറിക്കളയും 


എല്ലാവരും real life പ്രേമം കളിച്ചപ്പോ ..ഞാൻ എൻ്റെ ഭാവനയിൽ കാമുകി ആയി.. പ്രേമിച്ചു...കലഹിച്ചു...പരിഭവിച്ചു... എൻ്റെ ലോകത്ത് ഞാൻ തന്നെ ഒരു വസന്തം ഒരുക്കി ..( വട്ടാണോ എന്നല്ലേ, സ്വാഭാവികം)


എന്തായാലും ഞാൻ ഹാപ്പി ആയിരുന്നു... പക്ഷേ ഒരു ദിവസം എൻ്റെ പ്രേമലേഖനം കീറിക്കളയൻ മറന്നു..നോട്ട്ബുക്കിൽ താളുകളുടെ ഇടയിൽ ഇരുന്നു..


പിറ്റേന്ന് രാവിലെ ഉറക്കം ഉണർന്ന് വന്നപ്പോ ആകപ്പാടെ വീട്ടിൽ ഒരു പന്തികേട്...ഒരു ഇരുണ്ട അന്തരീക്ഷം..മുഖം കോട്ടി ദേഷ്യം കാണിക്കുന്ന അമ്മ...അച്ഛൻ goodmorning പറഞ്ഞില്ല ..മൊത്തം വശ പിശക്


പല്ലുതേച്ചു മുഖം കഴുകി പുസ്തകം എടുത്തു പഠിക്കാൻ ഇരുന്നെങ്കിലും ചെവി അടുക്കളയിൽ അച്ഛനും അമ്മയും എന്താ പറയുന്നെ എന്നായിരുന്നു. അമ്മയുടെ പിൻബലത്തോടെ അച്ഛൻ വന്നു...കയ്യിൽ എൻ്റെ പ്രേമലേഖനം..വളരെ സ്നേഹത്തോടെ ..


" എന്താ മോളെ ഇത്"... 


ഞാൻ ഒന്നും പറഞ്ഞില്ല...കണ്ണ് നിറഞ്ഞു വന്നു...എൻ്റെ ആകെ ഒള്ള എൻ്റർടെയ്ൻമെൻ്റ് ആയിരുന്നു...എങ്ങിനെ പറയും വെറുതെ ആണെന്ന്... എൻ്റെ ഭാവന ആണെന്ന്...ആരേലും വിശ്വസിക്കുമോ


അച്ഛൻ്റെ ഉപദേശം ...എൻ്റെ കൃതി അടുപിലിട്ടെരിയിച്ച് അമ്മയുടെ രോഷപ്രകടനം... എല്ലാം അരങ്ങ് തകർക്കുമ്പോൾ ഞാൻ കരഞ്ഞത് മൊത്തം എൻ്റെ അപര്യാപ്തത ഓർത്തായിരുന്നു... കുഞ്ഞിക്കുറുമ്പിയുടെ ഉള്ളം ആർക്കും മനസ്സിലായില്ല...


പ്രേമലേഖനം എഴുതൽ ഞാൻ അതോടെ നിറുത്തി..


................... ......... .............................................


പ്രീഡിഗ്രി പഠിക്കുമ്പോൾ ഒരു ക്രിസ്മസ് കാലത്ത് കിട്ടിയ കുറയേറെ കാർഡ് ഇതുപോലെ ബാഗിൽ നിന്ന് അമ്മ പൊക്കി .. 


അതിൽ മനസ് തുറന്ന ഒരു കൂട്ടുകാരൻ്റെ കൃതികൾ ഉണ്ടായിരുന്നു... അതും അടുപിലെ തീയിൽ സമാധി ആയി...കോളജ് പ്രേമം ... ഇൻഫാക്റ്റുവേഷൻ എന്നൊക്കെ ചെല്ലപേര് വിളിച്ച് ഈ കൂട്ടുകാരനും നടന്നു നീങ്ങി ..


ഒടുവിൽ എനിക്കുള്ള എൻ്റെ ആൾ വന്നപ്പോൾ ... പേജർ യുഗം ആയിരുന്നു...പ്രേമലേഖനം അപ്രസക്തമായി... അന്ന് ഡയറിയിൽ കുറിച്ച് ഞാൻ എന്നിലെ ലേഖികയെ ഉണർത്തിയിരുത്തി.. ഒരിക്കലും കൈ വിട്ടു പോവരുത് ഈ കല എന്ന് ആത്മാർഥമായി ഞാൻ ആഗ്രഹിച്ചിരുന്നു.


....................................................................................


വർഷങ്ങൾക്കു ശേഷം എൻ്റെ മൂത്ത മകൻ്റെ ആംഗലേയ ഭാഷയിലുള്ള ലിഖിതങ്ങൾ എൻ്റെ കണ്ണിൽ പെട്ടു...ആശ്വാസം മറ്റൊരു ഭാഷ എങ്കിലും ഈ കല ഇപ്പോളും ജീവനോടെ ഉണ്ടല്ലോ...


ഇളയവൻ പത്തിൽ പഠിക്കുന്ന കാലം ...ഉടൻ എത്തുക എന്ന് പ്രിൻസിപ്പാൾ വിളിച്ചപ്പോ ചെക്കൻ എന്തോ കുറുമ്പ് ഒപ്പിച്ചു എന്ന് മനസ്സിലായി..


ഏറെ നേരം കാത്തിരിപ്പിച്ച് ടെൻഷൻ അടിപ്പിച്ച് .... അവസാനം ഒരു കടലാസു കയ്യിൽ തന്നു സർ മൊഴിഞ്ഞു...വായിച്ചു നോക്കൂ മകൻ്റെ കൃതി...


വടിവൊത്ത അക്ഷരത്തിൽ എൻ്റെ ഉണ്ണി സുന്ദരമായി എഴുതിയിരിക്കുന്നു...ഒരു പ്രേമലേഖനം .... എൻ്റെ ഭാവനയിൽ ഉള്ള ലളിതമായ സുന്ദരമായ സ്നേഹർദ്രമായ ഒരു ലേഖനം...


എൻ്റെ കണ്ണ് വികസിച്ചു ....കൺകോണുകൾ നനവ് പടർന്നു...നൊസ്റ്റാൾജിയ ആണോ...അതോ ഇക്കാലത്തും ഈ വക കൃതി കണ്ട സന്തോഷമാണോ....അക്ഷരതെറ്റില്ലാതെ ഇത്രയും നന്നായി ഉണ്ണി എഴുതിയല്ലോ എന്ന സന്തോഷമാണോ എന്നറിയില്ല..ഞാൻ കർണങ്ങളെ എച്ചിലാക്കുന്ന ഒരു ചിരി പാസാക്കി...


"സർ സത്യത്തിൽ ഇത് ഇവൻ എഴുതിയതാണോ...എത്ര നന്നായിരിക്കുന്നു.." 


സത്യസന്ധമായ ഒരു പ്രതികരണം ആയിരുന്നു എൻ്റേത്...


പക്ഷെ അച്ചടക്കത്തിൻ്റെ അപ്പോസ്ഥലന്മാർക്ക് അതു തീരെ പിടിച്ചില്ല...എന്നെ ഗെറ്റൗട്ട് അടിച്ചു 


ആ കല മരിച്ചിട്ടില്ല..സിംപിൾ ആയ നിർമലമായ പ്രേമലേഖനങ്ങൾക്ക് ഇപ്പോളും സ്കോപ്പ് ഉണ്ട്... 


സമയം കിട്ടിയാൽ ഒരിക്കൽ കൂടി ഭാവന ഉണർത്തി കുറിക്കണം... നിർമലപ്പ്രണയിത്തിൻ്റെ തൂലികയിൽ ഒരു പ്രേമലേഖനം ✒️. 💗💗💗💗💗

Friday, 29 November 2024

കുഞ്ചിക്കുറുമ്പി തിരുമ്പിവന്താച്ച്

 


12 വർഷം കഴിഞ്ഞ് ഒരു തിരിച്ചു വരവ് എന്തെ എന്നാവും...


ഇത് വരെ കുറിച്ചതെല്ലാം വന്ന വഴികളിലൂടെ ഒരു തിരിച്ചു നടപ്പ് ആയിരുന്നു...ഞാൻ നഷ്ടപ്പെടുത്തിയ എൻ്റെ വേരുകൾ തേടിയുള്ള ഒരു യാത്ര..


പക്ഷേ അവിടെ എന്നെ കണ്ട മുഖങ്ങൾക് കുഞ്ഞുകുറുമ്പിയുടെ കുഞ്ഞു കണ്ണുകൾ കണ്ട തെളിമ ഉണ്ടായില്ല


നീട്ടിയ കൈകിരലുകൾ ഒരിക്കലും താങ്ങാനോ തലോടനോ ആയിരുന്നില്ല


കുഞ്ഞി കുറുമ്പി പഴയ വഴികളിൽ എല്ലാം നടന്നു പരതി ...മഞ്ചോട്ടിലും...തേക്കേമുറിയിലും ..മരുന്ന് പുരയിലും ...പേര ചോട്ടിലും എല്ലാം..


ഒടുവിൽ ഒരു ലോഡ് തിരസ്കാരങ്ങളും കുത്തുവാക്കുകളും പിന്നെ കുറെയേറെ ചത്തിക്കുഴികളും മർമാണി പ്രയോഗങ്ങളും ഒക്കെ കിട്ടി ബോധിച്ചു..


അല്പം കരുതൽ തന്ന അച്ഛനും അച്ഛമ്മയും ഇതിനിടെ എന്നെ വിട്ടു പോയി...ഉൾവലിഞ്ഞു ഒതുങ്ങി കൂടി ചിന്തകളുടെ ഇഴ മുറിഞ്ഞു... മനസും ശരീരവും ഒരു പോലെ തളർന്നു.. 


ചുറ്റും  തിരശ്ശീല ഉയർത്തി ഒതുങ്ങി ഒഴിയാൻ വൃഥാ ശ്രമിച്ചു... 


കൈകാലിറ്റടിച്ച് തളർന്നപ്പോൾ അച്ഛൻ പണ്ട് പഠിപ്പിച്ച അടവെടുത്തു ...മരിച്ച പോലെ പൊങ്ങുതടിപോലെ ഓളതിനൊപ്പം ഒഴുകി തുടങ്ങി...കാലക്രമേണ തിരശ്ശീല ഒരു വൻ മതിലായി മാറി...


ഇടക്കിടെ മതിലിൽ ഉരസി ദേഹം മുറിഞ്ഞിരുന്നു..ആദ്യം ആദ്യം ചോര കണ്ട് ഞാൻ ഭയന്ന്...മുറിവ് താങ്ങി നിലവിളിച്ചു...


പിന്നെ അതെന്നെ ആഴങ്ങളിൽ വലിച്ചിറക്കും എന്നറിഞ്ഞു ഞാൻ വിസ്മരിക്കാൻ പഠിച്ചു...ഉൾവലിഞ്ഞു...എപ്പോളോ ചിന്തകൾക്കൊപ്പം എൻ്റെ തൂലികയും കളഞ്ഞു പോയി..നീണ്ട 12 വർഷം.. ഞാൻ എന്നെ തന്നെ ഇല്ലാതാക്കിയ 12 വർഷം


ഇനി ഒന്നു മാറ്റി തുഴയാൻ സമയമായി...ദേഹം മുറിപ്പിക്കുന്ന മതിലിൽ ചവുട്ടി തെറിച്ചു വീണ്ടും ഒന്നു നീന്തി നോക്കാം..ചിലപ്പോൾ ദൂരങ്ങൾ താണ്ടും..ചിലപ്പോൾ അഴങ്ങൾ പൂകും ..


കുഞ്ഞിക്കുറുമ്പിയിലെ കുറുമ്പ് എത്രകണ്ട് അവശേഷിക്കും എന്ന് അറിയില്ല


അടുത്ത ഘട്ടത്തിലേക്ക് കടക്കാം യൗവനത്തിലേക്ക്...ഇനി അങ്ങോട്ട് യഥാർഥ പേരുകൾ ഉപയോഗിക്കില്ല.. ആരെയും ഞാനായി ഉപദ്രവിക്കില്ല...പക്ഷെ സ്വന്തം ക്രിയ സ്വയമേ നോവിച്ചാൽ അതിനു ഞാൻ ഉത്തരവാദി ആയിരിക്കില്ല...അതിപ്പോ ആരായാലും..


അപ്പോ തൊടങ്ങാം അല്ലെ..


ഒരു തവണ കൂടി തൂലിക എടുത്തു.. അടുത്ത അധ്യയത്തിന് ആരെക്കാളും കൂടുതൽ ഉദ്വേഗം എനിക്ക് തന്നെ..ഒരു തിരിച്ചു വരവിലേക്ക് ...

Thursday, 24 May 2012

ഈ പുഴയും കടന്ന്





കവികള്‍ പാടി .. സിനിമകളില്‍ പ്രേമ രംഗങ്ങള്‍ക്ക്  സാക്ഷ്യം വഹിച്ചു .. ഒരുപാടു പേരുടെ ചിരികള്‍കും കണ്ണീരിനും സാക്ഷി ആയി പെരിയാറിനെ കണ്ടിട്ടുണ്ടാവും നിങ്ങള്‍ .. എന്റെ ജിവിതത്തിന്റെ ഓരോ ഘട്ടത്തിനും ഇവള്‍ സാക്ഷി ആയിരുന്നു.. എന്റെ കുറുമ്ബുകള്‍ക്കും സ്വപ്നങ്ങല്കും എല്ലാം സാക്ഷി 
*******************************************************************************
 അച്ഛന്റെ ഒപ്പം നീന്തല്‍ പഠിക്കാന്‍ എന്ന് പറഞ്ഞു മണപ്പുറത്ത് പോയതാണ് ആദ്യ ഓര്‍മ..  എനിക്കന്നു കഷ്ടി 3 വയസ്സ്..  ഇപ്പൊ നീന്തല്‍ പഠിക്കും എന്ന് വാശിയോടെ ആണ് പോയത്..

അന്ന് പെരിയാര്‍ സുന്ദരി ആണ്.. ഇന്നത്തെ പോലെ മണല്‍ വാരി ഉണ്ടാക്കിയ ചതിക്കുഴികള്‍ ഇല്ല .. മലിനീകരണം ഇല്ല .. മണപ്പുറത്ത് നിന്ന് പുഴയില്‍ ഇറങ്ങി നടന്നാലും പതിയെ പതിയെ മാത്രമേ ആഴം കൂടുകയുള്ളു . അതുകൊണ്ടാണ്   ഇതിരെ കുറുമ്പി ആണേലും എന്നെ പുഴയില്‍ കൊണ്ടുപോവാന്‍ അച്ഛന്‍ ധൈര്യപെട്ടത്‌ .

തീരെ ആഴം ഇല്ലാത്ത സ്ഥലത്ത് കയ്യും കാലും  ഇട്ടടിച്ചു മണ്ണ് കലക്കി വലിയ നീന്തല്‍കാരി ചമയല്‍ ആയിരുന്നു അന്നത്തെ പ്രധാന പരിപാടി.. അച്ഛന്‍ വെള്ളത്തില്‍ മലര്‍ന്നു കിടന്നു ഒഴുകി നടക്കും .. ഞാന്‍ എങ്ങിനെയും വയറ്റത്  വലിഞ്ഞു കയറി ഒരു yachting തരപ്പെടുത്തും .. ഇങ്ങനൊരു യാത്ര കഴിഞ്ഞു വന്ന വരവില്‍ മുതച്ചനോട് ഞാന്‍ വീരം പറഞ്ഞപ്പോ ആണ് കുറുംബിന്റെ കാര്യത്തില്‍ ഞങ്ങളുടെ കുടുംബത്തിലെ ഉസ്താദിനെ കുറിച്ച് ഞാന്‍ അറിയുന്നത്.
********************************************************************************* മുത്തച്ഛന്റെ അനിയന്‍ ആണ് ആള്‍.. അച്ഛന്റെ രാധ ചിറ്റപ്പന്‍.പണ്ട് ബോംബയില്‍ കൊക്കോകോള കമ്പനിയില്‍   ആരുന്നു ജോലി. ആള് പഠിക്കുന്ന സമയത്തെ മഹാ വികൃതി ആയിരുന്നു

ആലിങ്കടവിലെ മുട്ടന്‍ ആലിന്റെ മോളില്‍ വല്ലിയില്‍ തുങ്ങി ക്കിടന്നു കുളിക്കാന്‍ വരുന്ന പെണ്ണുങ്ങളെ വിരട്ടും. കുളിയും നനയും ക്ലൈമാക്സില്‍ എത്തി നിക്കുംബോലെ കക്ഷി പ്രകടനം തുടങ്ങു.. തുങ്ങി ആടുന്ന കണ്ടു ഭയന്ന് പെണ്ണുങ്ങള്‍ സ്ഥല കാലം മറന്നു പുഴയില്‍ നിന്ന് കയറി ഓടും.

കടവത് ചിലദിവസം കുളിയും കുശലങ്ങളും പൊടി പൊടിക്കുമ്പോ പെട്ടന്ന് ആലിന്റെ മോളിന്നു വെള്ളത്തില്‍ ചാടി ഊളിയിടും .. നീര്‍നായ ആണെന്ന് കരുതി പെണ്ണുങ്ങള്‍ തലങ്ങും വിലങ്ങും ഓട്ടം പിടിക്കും . ഇതും അല്ലേല്‍ വെള്ളത്തിന്‌ മുകളില്‍ അനക്കമില്ലാതെ ഒഴുകി വരും .. ശവം കടവതടിയുകയാണെന്ന്  കരുതി  പെണ്ണുങ്ങള്‍ അലറിക്കരയും .. ഈ ശവത്തെ കണ്ടു പനി പിടിച്ച ആള്കാരും ഉണ്ടത്രേ.

പുഴയെ സംബന്ധിക്കുന്നതല്ലെങ്കിലും രാധ ചിറ്റപ്പനെ  കുറിച്ച് പറയുമ്പോ ഒരു കഥ പറയാതെ വയ്യ. ബോംബയില്‍ കൊകൊക്കോലയില്‍ ജോലി ഉള്ള കാലം. അവിടെ അവര്‍ക്കൊരു വളര്‍ത്തു പട്ടി ഉണ്ടായിരുന്നു..." സീസര്‍"  . കോള എന്നാല്‍ ആ സീസര്‍നു വലിയ ഇഷ്ടാണ്. 

രാധ ചിറ്റപ്പന്റെ കൂടുകാരന്‍ ഒരു മാര്‍വാഡി  ഉണ്ടാരുന്നു. ടിയാന്‍ ഒരു ഒറക്കം തൂങ്ങി ആയിരുന്നു.. അവസരം കിട്ടിയാല്‍ അപ്പൊ കൂര്‍കം വലി തുടങ്ങും . ഞായറാഴ്ച ചത്തുമലച്ച പോലെ കിടന്നുറങ്ങും. ഉറങ്ങിയാല്‍ പുള്ളിക്ക് ഒരു മാതിരി പെട്ട ശല്യങ്ങള്‍ ഒന്നും ഒരു പ്രശ്നമേ അല്ല .

അങ്ങനെ ഒരു ഉറക്കം പൊടിപൊടിക്കുന്ന ഞായറാഴ്ച.രാധ ചിറ്റപ്പന്‍ സീസറിനെ പുള്ളിയുടെ കാലില്‍ ബന്ധിച്ചു. ചുറ്റോടു ചുട്ടു കാര്‍ട്ടുന്‍ പെട്ടികള്‍ അടുക്കി. എന്നട്ട് ദൂരെ മാറി നിന്ന് കൊകക്കൊള കാട്ടി സിസറിനെ വിളിച്ചു.. ക്ഷമയുടെയും കൊതിയുടെം വള്ളിച്ചരട്  പൊട്ടിയ സിസര്‍ കൊകക്കൊലയെ മാത്രം മുന്നില്‍ ക്കണ്ട് ഒരു ചാട്ടം ..പാവം കുംഭകര്‍ണന്‍ മാര്‍വാഡിയുടെ മുകളില്‍ കാര്‍ട്ടുന്‍ പെട്ടികള്‍ പട പടാന്ന് വീണു .. സിസരിന്റെ വലിയില്‍ പാവം മാര്‍വാഡി കട്ടിലില്‍ നിന്ന് ശരവേഗത്തില്‍ തലയും തല്ലി താഴെയും വീണു.. ഉറക്കത്തില്‍ ലോകാവസാനം സ്വപ്നം കണ്ടു കിടന്ന ആള്‍ക്ക് പിന്നെ യാഥാര്‍ത്ഥ്യം മനസിലായപ്പോലെക്കും പനിച്ചു തുടങ്ങിയിരുന്നു.

ഈ കഥ കേട്ടപ്പോള്‍ മനസിലായില്ലേ കുഞ്ഞി കുറുമ്പി എന്ത് പാവം ആണെന്ന്.. എന്നാലും കാര്‍ന്നോമാരുടെ പാരമ്പര്യം നമ്മള്‍ കുറച്ചൊക്കെ നില നിര്‍ത്തണ്ടെ   ........
*********************************************************************************
ബാല്യത്തില്‍ എന്റെ പദ്ധതികളില്‍ പലയിടത്തും പെരിയാറിനെ ഭാഗമാകിയിരുന്നു. പക്ഷെ അമ്മയുടെ കനത്ത കാവലില്‍ ഇതില്‍ പലതും വെളിച്ചം കണ്ടില്ല. തോര്തിട്ടു മീന്‍ പിടിക്കാനും , വാഴത്തട കെട്ടി ചങ്ങാടം കളിക്കാനും ഒക്കെ പദ്ധതിയിട്ടതാണ് .. അമ്മയുടെ കാവല്‍ കാരണമോ എന്റെ ആയുസ്സിന്റെ ബലം കാരണമോ ഇതൊന്നും നടന്നില്ല. 

എന്റെ അമ്മയുടെ തറവാട്ടില്‍ പോകുന്നത് പുഴ കടന്നാണ് . പുഴ കടക്കാതെ പോവണമെങ്കില്‍ ഒരുപാട് വളഞ്ഞു തിരിഞ്ഞു പാടത്തിനു നടുക്ക് കൂടി ഒരു വഴി ഉണ്ട്. മഴക്കലതോരിക്കല്‍ ഈ വഴി വെള്ളം നിരഞ്ഞെന്നരിഞ്ഞു പുഴ വഴി തന്നെ ഒരു ചടങ്ങിനു തറവാട്ടില്‍ പോവാന്‍ ഇട ആയി.

വഴി തടസം ആയ കാരണം വള്ളത്തില്‍ വലിയ തിരക്ക്. 3 - 4 സൈക്കിളുകളും വാഴക്കുലയും പച്ചക്കറി കുട്ടകളും കുറെയേറെ ആള്കരും ആയി വള്ളം നീങ്ങി. വള്ളത്തിന്റെ വക്കില്‍ നിന്ന് വെറും നാലിഞ്ചു  താഴെ ആണ് വെള്ളം. ഒന്ന് വള്ളം ഉലഞ്ഞാല്‍ വെള്ളം അകത്തു കയറുന്നുണ്ട്. ഒരാള്‍ ഇരുന്നു തുടരെ ഈ വെള്ളം തേവി കളയുന്നുണ്ട്. 

എന്റെ നെഞ്ചിടിപ്പ് എന്റെ കാതില്‍ എനിക്ക് കേള്‍ക്കാം. പണ്ട് നിന്തല്‍ പഠിക്കാന്‍ നേരം അച്ഛന്റെ വയറ്റത് കയറി ഇരുന്നതില്‍ ഞാന്‍ പശ്ചാതപിച്ചു . അപ്പോളേക്കും മഴയും തുടങ്ങി. ഒരു പഹയന്‍ അന്നേരം വലിയ ഒരു കാലന്‍ കുട നിവര്‍ത്തി. 

കാറ്റു പിടിച്ചു വള്ളം ഗതി  മാറി ഒഴുകാന്‍ തുടങ്ങി.  വള്ളക്കാരന്‍ ചീത്തപറഞ്ഞു അയാളെ ക്കൊണ്ട് കുട അടപ്പിച്ചു. സാധാരണ 10 മിനുട്ടില്‍ കടക്കുന്ന കടവ് കടക്കാന്‍ അന്ന് ഞങ്ങള്‍ ഒരു മണിക്കൂര്‍ എടുത്തു. സന്ധ്യക്ക്‌ അമ്മ ചൊല്ലി ഏറ്റു  ചൊല്ലിയിരുന്നു നാമങ്ങള്‍ എല്ലാം അന്ന് ഞാന്‍ കാണാപ്പാടം ചൊല്ലി. എന്റെ ആയുസ്സില്‍ ഇത്രയും പ്രാര്‍ത്ഥിച്ച ഒരു ദിവസം വേറെ ഇല്ല. ആദ്യമായി പെരിയാര്‍ എന്നെ ഭയപ്പെടുത്തി.
*********************************************************************************

കൌമാരത്തില്‍ പെരിയാര്‍ എന്നാല്‍ ആദ്യം ഉള്ളില്‍ ഓടി വരുന്നത് ശിവരാത്രി ആണ് 

നിറയെ വിളക്കുമാലകള്‍ ചാര്‍ത്തി മണപ്പുറം ഒരുങ്ങുമ്പോള്‍ അത് പ്രതിഫലിക്കാന്‍ അവള്‍ അനങ്ങാതെ കിടക്കും. ആ വര്‍ണ്ണ വെളിച്ചം മുഴുവന്‍ അവള്‍ക് ആഭരണം ആയി മാറും 

പാലത്തില്‍ നിന്നോ ആലുവ പാലസില്‍ നിന്നോ അപ്പൊ അവളെ കാണാന്‍ എന്ത് ശേലാനെന്നോ . ശിവരാത്രി കാലത്ത് മണപ്പുറം നിറയെ വളക്കടകള്‍ ഉയരും. പലനിറത്തില്‍ ഉള്ള കുപ്പിവളകള്‍ വാങ്ങാന്‍ മാത്രം ഒന്ന് രണ്ടു തവണ മണപ്പുറത്ത് പോവും.. ഇത് സാധിക്കാന്‍ സാമം ദാനം ഭേദം ദേണ്ടം ..എന്ത് മാര്‍ഗം വേണേല്‍ എടുക്കും..   

അമ്മക്ക് കുറെ വിരികള്‍ അനിയന് കുറെ കളികോപ്പുകള്‍ അങ്ങനെ അച്ഛന്റെ ഖജനാവ് മൊത്തമായി കൊള്ളഅടിക്കല്‍ അന്ന് ഞങ്ങള്‍ സാധ്യം  ആക്കിയിരുന്നു. 

*********************************************************************************

       ഇന്ന് പുഴയില്‍ കുളിക്കാന്‍ എന്റെ കുട്ടികള്‍ ശാട്യം പിടിക്കുമ്പോള്‍ എനിക്ക് ഉള്ളില്‍ പേടി ആണ്.. ഇവള്കുള്ളിലെ നീരൊഴുക്കില്‍ കാണാക്കയങ്ങളില്‍ കുഞ്ഞുങ്ങളെ നഷ്ടപെട്ട എത്രയോ അമ്മമാരുടെ കഥ എന്നും കാണുന്നു.. എങ്ങിനെ ഞാന്‍ അറിഞ്ഞൊണ്ട് എന്റെ കുഞ്ഞുങ്ങളെ ഇവളുടെ അടുത്തേക്ക് വിടും.

 പഴയ സൌമ്യം വെടിഞ്ഞു ഇവള്‍ ക്രൌര്യം മുഖതനിഞ്ഞത് എങ്ങനെ ഞാന്‍ കണ്ടില്ലെന്നു വെക്കും. മറ്റെല്ലാവരും  പറയും പോലെ " ഞങ്ങടെ ബാല്യം ആയിരുന്നു നല്ലത്.. ഇന്നത്തെ കുട്ടികള്‍ക്ക് ആ രസം കിട്ടണ്ടോ" എന്ന് ഞാനും പറയുന്നു.. അന്ന് ഞാന്‍ അറിഞ്ഞ സന്തോഷങ്ങള്‍ എന്റെ കുഞ്ഞുങ്ങള്‍ക് കൊടുക്കാന്‍ ആവാതതില്‍ സത്യത്തില്‍ ഞാന്‍ വിഷമിക്കുന്നു.. സ്വിമ്മിംഗ് പൂളിന്റെ തിരയിളക്കത്തില്‍ പെരിയാറിനെ സങ്കല്പിച്ചു അവരും ഇതാ കൌമാരത്തിലേക്ക് കാല്‍ വെക്കുന്നു.  

************************************

Wednesday, 6 January 2010

കുട്ടി പട്ടാളവും നിധി വേട്ടയും

    അപ്പൂപ്പന്റെ വീട്ടില്‍ രണ്ടു മരുന്ന് പെരയുണ്ട്. പടിഞ്ഞാറെ പേരയില്‍ മരുന്നുണ്ടാക്കുന്നതും ,പിന്നെ വടക്കേ പുരയില്‍ പച്ചമരുന്നും മറ്റും സൂക്ഷിക്കുന്നതും.


പടിഞ്ഞാറെ പുരയില്‍ ഞങ്ങള്‍ കുട്ടിപട്ടാളത്തിന് പ്രവേശനം ഇല്ല. അതിന്റെ കലവറയില്‍ ഒത്തിരി വിലപിടിപ്പുള്ള സാധനങ്ങള്‍ ഉണ്ടത്രേ ..  വലിയ ഭരണിയില്‍ കുങ്കുമാപൂവും, തന്കഭസ്മവും, കസ്തുരിയും പിന്നെ കാണ്ടാ മൃഗത്തിന്‍റെ കൊമ്പും ഒക്കെ ഉണ്ട് . അകത്തെ തളത്തില്‍ ഒത്തിരി  അടുപ്പുകള്‍ ഉണ്ട് .. അതില്‍ വലിയ വാര്‍പ്പില്‍ ലേഹ്യം നെയ്യ് കഷായം എല്ലാം വെട്ടി തിളക്കുന്നുണ്ടാവും. അതിനു വെളിയിലെ വരാന്തയില്‍ കുപ്പികഴുകല്‍ , പച്ചമരുന്നു അരിയല്‍ തുടങ്ങി കുപ്പി സീല്‍ ചെയ്യല്‍ ..അങ്ങനെ പലതും .


ഈ വരാന്തയുടെ അറ്റത്ത്‌ തോമാപ്ലയുടെ ഇരിപ്പിടം. ഒരു മുറം നിറയെ അരച്ച മരുന്ന് വെച്ച് ഗുളിക ഉരുട്ടല്‍ ആണ് പുള്ളിയുടെ പരിപാടി. ഒരേ വലിപ്പത്തില്‍ ഗുളിക  ഉരുട്ടുന്നതില്‍ ഉള്ള പ്രവീണ്യം പോലെ തന്നെ ഞങ്ങളെ ഓരോ കഥകള്‍ പറഞ്ഞു പേടിപ്പിക്കുന്നതിലും കുട്ടിപട്ടാളത്തിന് പ്രവേശനം അനുവദിക്കരുത് എന്നാ അലിഖിത നിയമത്തിന്റെ നടത്തിപ്പിലും ടിയാന്‍ വളരെ ഉഷാരായിരുന്നു . അത് കൊണ്ട് ഇയാളെ ഞങ്ങള്‍ ഗുളികന്‍ അപ്പൂപ്പന്‍ എന്ന് വിളിച്ചിരുന്നു.


ഇതിന്റെ തെക്ക് മാറി വിറകു പുരയുണ്ട് . അതിനു വെളിയില്‍ അന്തോണി വിറകു വെട്ടുന്നുണ്ടാവും. ജീവന്‍ ടോണിന്റെ പരസ്യം പോലെ ഇരിക്കുന്ന അന്തോണി  ഉണ്ണാന്‍ നേരം മാത്രമേ വെട്ടുന്നത് നിറുത്തുക  ഒള്ളു. അങ്ങിനെ ആ കോടാലി നിരന്തരം പ്രവര്‍ത്തിക്കുന്ന കാരണം ആണ് വിറകു പുരയിലെ സാതാന്മാര്‍ പുറത്തു ഇറങ്ങാത്തത് എന്നാണ് ഗുളികനപ്പൂപ്പ്നറെ ഭാഷ്യം.


പേടിച്ചിട്ടല്ല പക്ഷെ ഇത്രേം കൊമ്പ്ലികെഷന്‍ താങ്ങാന്‍ വയ്യാത്ത കൊണ്ട് കുട്ടിപ്പട്ടാളം രജിമെണ്ട് വടക്കേ പുരയിലേക്ക്‌  മാറ്റി സ്ഥാപിക്കപ്പെട്ടു. ഇവിടെ മൂന്ന് അറയുണ്ട്. നടുവിലത്തെ അറയില്‍ കുപ്പി ഭരണിയില്‍ കല്കണ്ടം ഒണക്ക മുന്തിരി തുടങ്ങിയ വിശേഷ ഭോജ്യങ്ങളും മയില്‍‌പീലി തുടങ്ങിയ വിശേഷ വസ്തുക്കളും ഉണ്ട്. ആരെങ്കിലും പച്ചമരുന്നു എടുക്കാന്‍ പൂട്ട്‌  തുറന്നാല്‍  അപ്പൊ കുട്ടിപട്ടാളത്തിന്റെ ടെലിഗേറ്റ് ഉള്ളില്‍ കടക്കും ... അകവുന്നതൊക്കെ സ്മഗ്ഗില്‍ ചെയ്തു താവളത്തില്‍ എത്തിക്കും . 


അന്ന് പച്ചമരുന്നു
 എടുക്കാന്‍ വന്നത് "അച്ചപ്പം " എന്ന് ഞങ്ങള്‍ വിളിക്കണ മാമന്‍ ആയിരുന്നു . (ആളുടെ അസ്സല്‍ പേര് ഔസേപു എന്നാണ് . ) . പുള്ളി ഉള്ളില്‍ കയറി പച്ചമരുന്നു പെട്ടിയിലേക്ക് കുനിഞ്ഞതും അന്നത്തെ ടെലിഗേറ്റ് ആയ ഞാന്‍ ഉള്ളില്‍ കയറി. ഹാഫ് പാവാട മടക്കികുത്തി ആവോളം കല്‍കണ്ടവും കിസ്സ്മിസ്സും വാരി നിറച്ചു ..പിന്നെ പയ്യെ വെളിയില്‍ ഇറങ്ങാന്‍ നോകിതും "അച്ചപ്പം" തിരിഞ്ഞ്  ആ അറയിലേക്ക് വരുന്നു.


എന്റമ്മോ പിടിക്കപ്പെട്ടാല്‍ നാടുകടത്തും എന്നത് പോട്ടെ പിന്നെ ഈ സ്മഗ്ഗ്ലിംഗ് മൊത്തം വള്ളത്തില്‍ ആവും..  ചൂരല്‍ കഷായവും നാണക്കേടും വേറെകിട്ടും. പിന്നൊന്നും നോക്കില്ല അണ്ടര്‍ ഗ്രൌണ്ട് പോകുക തന്നെ ..അടുത്ത് കിടന്ന ഒരു ചാക്ക് തലവഴി മൂടി ശ്വാസം അടക്കി ഇരിപ്പായി.


അച്ചപ്പം നേരെ വന്നു കല്കന്ടത്തില്‍ കയ്യിട്ടു ഒരെണ്ണം വായിലാക്കി ..അമ്പട കള്ളാ ഇവന്‍ നമ്മുടെ ജെനിസ്സാരുന്നോ.. പിന്നെ കുറുന്തോട്ടി വേര് മുറതിലാക്കാന്‍ തുടങ്ങി. ഇതിനിടെ ചാക്കില്‍ എന്തൊക്കയോ മേത്ത് ചൊറിച്ചില്‍ ഉണ്ടാക്കുന്നുണ്ട്.. മൂക്കും കടിക്കുന്നു.. അയ്യോ തുമ്മല്‍ വരുന്നു .. ഈശ്വരാ പണിയാവുമോ ..സകല കണ്ട്രോളും തരണേ പള്ളിപ്പാട്ട് ഭഗവതിയെ എന്ന് വിളിച്ചു മൂക്കും വായും പൊത്തി പ്പിടിച്ചു ..ദേവി തുണച്ചു എന്ന് തീര്‍ത്തു അങ്ങ്  പറയാന്‍ വയ്യ ..ശീ എന്നൊരു ശബ്ദം മാത്രം വെളിയില്‍ വന്നു .


ശബ്ദം കേട്ടതും അച്ചപ്പം അഞ്ചു ബോബി ചാടിയത്‌ പോലൊരു ചാട്ടം  .. കുറുന്തോട്ടിം മുറവും സമ്മര്‍സോള്‍ട്ട് അടിച്ചു എന്‍റെ തലവഴി വീണു ..
" എന്റമ്മോ പാമ്പ്‌ " എന്ന് പറഞ്ഞു അച്ചപ്പം ഓടെടാ ഓട്ടം .. കിട്ടിയ ലാക്കിനു ഞാനും രംഗത്ത് നിന്നു നിഷ്ക്രമിച്ചു ..


പിന്നെ പറയണ്ടല്ലോ പൂരം .. ആളായി വടിയായി തിരച്ചിലായി ..  പടിഞ്ഞാറേ  കല്പടിയില്‍ ആഞ്ഞിലിയുടെ മറവില്‍ കുട്ടിപ്പട്ടാളം കല്കണ്ടം നുണയുമ്പോ കേക്കാം അച്ചപ്പം വിവരിക്കുന്നത് .. " പാമ്പ്‌ എന്ന് പറഞ്ഞാല്‍ എന്നാ ഒരു പാമ്പാ.. ഒരു ചീറ്റ് അങ്ങോട്ട്‌ ചീറ്റിയിട്ട് വിഷമാ തെറിക്കുന്നെ. കൂടിയ ഇനമാ.എന്‍റെ ആയുസ്സിന്റെ ബലം ..അല്ലാന്ടെന്ന പറയാനാ " 


ഇത് കേട്ടു " പാമ്പ്‌" കല്കണ്ടം നുണഞ്ഞു ഒരു കള്ളചിരി പാസാക്കി  .. അച്ചപ്പത്തിനെ ഒതുക്കാന്‍ പുതിയ അടവ് കിട്ടിയ സന്തോഷത്തില്‍ ..    

Monday, 28 December 2009

ഡബ്ബാ മാജിക്

എന്‍റെ അപ്പൂപ്പന്‍ ആളൊരു കിടിലമായിരുന്നു .സ്ഥലത്തെ പേരുകേട്ട വൈദ്യന്‍, പ്രമാണി ..എല്ലാത്തിലും ഉപരി രാജകീയമായ ആ നടത്തയും പ്രൌഡിയും ഒക്കെ ഒന്ന് കാണേണ്ട കാഴ്ചയായിരുന്നു.

അപ്പൂപ്പന്‍ ശബ്ദമുയര്‍തിയാല്‍ മുതിര്‍ന്നവര്‍ വരെ നിന്നിടം നനയ്ക്കും. പക്ഷെ മൂത്ത പേരക്കുട്ടി എന്ന പരിഗണനയില്‍ എനിക്ക് അപ്പൂപ്പന്‍റെ അടുത്ത് ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരുന്നു. അപ്പൂപ്പന്‍ തന്‍റെ ചൂരല്‍ വരിഞ്ഞ നീണ്ട കയ്യുള്ള ചാരുകസേരയില്‍ ഞെളിഞ്ഞിരുന്നു മരുന്ന് പെരയിലെ ജോലിക്കാര്‍ക്ക് ആജ്ഞകള്‍ നല്‍കുമ്പോള്‍ അപ്പൂപ്പന്‍റെ പിന്നില്‍ കഴുത്തിലൂടെ കയ്യിട്ടു കൊട്ടാമ്പുരതുണ്ണി ആയി ഞാനുണ്ടാവും.

അപ്പൂപ്പന്‍ ഉറക്കെ അലറി വഴക്ക് പറയുമ്പോ പുറത്തു പറ്റിയിരിക്കുന്ന എന്‍റെ നെഞ്ചില്‍ ഒരു പെരുമ്പറ മുഴങ്ങും പോലെ തോന്നും. ജോലിക്കാര്‍ നിന്നു വിറക്കുമ്പോള്‍ ഞാന്‍ ചരിഞ്ഞു നിന്നു ആരാധനയോടെ അപ്പൂപ്പനെ നോക്കും. അവര് പോയിക്കഴിയുമ്പോള്‍ " പൊടി അഴുക്കെ" എന്ന് പറഞ്ഞു എന്‍റെ കവിളില്‍ നുള്ളും അപ്പൂപ്പന്‍.

അപ്പൂപ്പന്‍റെ പേന അപ്പൂപ്പന്‍റെ ചെവിതോണ്ടി അപ്പോപ്പന്റെ കട്ടില്‍ - എല്ലാത്തിനും അപ്പൂപ്പന് ഒരു സ്പെഷ്യല്‍ എഫ്ഫക്റ്റ്‌ ഉണ്ട് . അമ്മൂമ്മ കഴിഞ്ഞാല്‍ ഇതെല്ലാം പെരുമാറാന്‍ ഉള്ള ഭാഗ്യം എനിക്ക് മാത്രമേ ഉണ്ടായിട്ടുള്ളൂ.

സിഗരറ്റ് മുറുക്കാന്‍ - ഇവ രണ്ടും അപ്പൂപ്പന്റെ (ദു) ശീലങ്ങള്‍ ആയിരുന്നു.സിഗരറ്റ് വായില്‍ വെച്ച് കൊടുക്കാനും ഫ്രിഡ്ജില്‍ നിന്നു കേടില്ലാത്ത വെറ്റില എടുത്തു അമ്മുമ്മയെ കൊണ്ട് മുറുക്കാന്‍ പൊതിഞ്ഞു വാങ്ങി കൊടുക്കാനും എനിക്ക് വലിയ ഉത്സാഹമായിരുന്നു.. ഇതിനു പകരം സിഗരറ്റ്  കൂടിന്‍റെ ഉള്ളിലെ വെള്ളി ഫോയില്‍ പേപ്പറും പിന്നെ സിഗരെറ്റിന്റെ കൂട് വെച്ചുണ്ടാക്കിയ തവളകളും എനിക്ക് കിട്ടുമായിരുന്നു. അതുകൊണ്ട് ഈ വക (ദു) ശീലങ്ങള്‍ ഞാന്‍ മാക്സിമം പ്രോത്സാഹിപ്പിച്ചിരുന്നു.

എല്ലാ പ്രത്യേക പരിഗണന ഉണ്ടെങ്കിലും അപ്പൂപ്പന്റെ ഒരു സമ്പാദ്യം മാത്രം എനിക്ക് അപ്രാപ്യം ആയിരുന്നു . മുറുക്കാന്‍ വായിലിട്ടു മേശയുടെ വലിപ്പില്‍ നിന്നു ഒരു നീല ഡബ്ബ എടുത്തു ഒരു കുഞ്ഞു വെള്ള സ്പൂണില്‍ അതില്‍ നിന്ന എന്തോ എടുത്തു വായിലേക്ക് ഒറ്റ ഏറു ഏറിയും..അത് കൃത്യം വായില്‍ പിടിച്ചിട്ടു  ആസ്വദിച്ചു ചവച്ചുകൊണ്ട് ആ ഡബ്ബ അത് പോലെ തിരികെ മേശക്കുള്ളില്‍ വെക്കും ..

ഒരു ദിവസം ഞാന്‍ ആ നീല ഡബ്ബയുടെ  മേലെ സ്വര്‍ണ ലിബികള്‍ വായിച്ചു .." പാന്‍ പരാഗ്" ഇതാണോ ആ വിശേഷ ഭോജ്യം ..ആ ഡബ്ബയുടെ മുകളിലത്തെ ചിത്രപ്പണി കണ്ടു തീരും മുമ്പേ അപ്പോപ്പന്‍ "ഡീ" എന്നലറി അത് തട്ടിപ്പറിച്ചു ..

അന്ന് മുതല്‍ ആ ഡബ്ബ എന്‍റെ ലക്ഷ്യമായിതീര്‍ന്നു .. എങ്ങനെയും അത് കയ്ക്കലാക്കണം..ഞാന്‍ കാത്തിരുന്നു .

ഒരു ദിവസം രാവിലെ ഒരു കല്യാണത്തിന് പോകുന്ന തിരക്കില്‍ അപ്പൂപ്പന്‍ അത് മേശയില്‍ വെക്കാന്‍ മറന്നു ..അപ്പൂപ്പന്‍ പോവുമ്പോള്‍ പടിഞ്ഞാറെ വരാന്തയില്‍ പട്ടികയില്‍ കെട്ടിയ ഉഞ്ഞാളില്‍  ആടി ഞാന്‍ ഇത് ശ്രധിച്ച്ചിരിക്കുക്കയായിരുന്നു. അവര്‍ പോയതും ഞാന്‍ അപ്പൂപ്പന്‍റെ  ചാരുകസേരയില്‍ കയറി ഇരുന്നു.. എന്നിട്ട് ഒരു  സൈഡില്‍ അമ്മുമ്മയെ സങ്കല്പിച്ചു ഒരു സാങ്കല്പിക മുറുക്കാന്‍ വാങ്ങി വായിലിട്ടു ..പിന്നെ ആ സുന്ദര ഡബ്ബ എടുത്തു തുറന്നു ഒരു കട്ട ആ കുഞ്ഞു സ്പൂണില്‍ എടുത്തു വായിലോട്ടു ഒറ്റ ഏറു കൊടുത്തു.. അതെന്‍റെ തലയുടെ മോളിലൂടെ പോയി തട്ടില്‍ ഇരുന്ന ബോമ്മയുടെ തിരുനെറ്റിയില്‍ തന്നെ സൂക്ഷം ചെന്നടിച്ചു.. അത് തല ആയത്തിലാട്ടി എന്നെ കളിയാക്കി ..ആഹാ എന്ന ന്നാ ഇപ്പൊ കണ്ടോ ..ഒന്നുടെ ഉന്നം വെച്ച് ഒരേറ്..ടപ്പ്.. കൃത്യം വായില്‍..

എന്ടമ്മോ എന്തോരെരിവ് .. ഇതാണോ അപ്പൂപ്പന്‍  കണ്ണടച്ച് ആസ്വതിക്കണ രുചി? എന്തേലും ആവട്ടെ അപ്പൂപ്പന്‍ തുപ്പുന്ന പോലെ ചുമന്നു  വളച്ചു തുപ്പിയാലെ ഈ പക്രിയ തീരു .. അത് വരെ ക്ഷമിച്ചേ പറ്റു.

പക്ഷെ വായില്‍ മാത്രമല്ല ഉള്ളില്‍ നിന്നും പരാക്രമം തുടങ്ങി .. എന്തക്കെയോ ഉരുണ്ടു കേറി വരാണ്..  ഗ്വാ ... ചുമന്നല്ലേലും ഞാന്‍ വളച്ചു തുപ്പി .. അന്നും അതിന്റെ തലേന്നും കഴിച്ച എല്ലാം വളച്ചു തുപ്പി ..

ഇത്രയും ആയപ്പോലെക്കും അമ്മൂമ്മ ഓടി വന്നു .." എന്നാ പറ്റി മോളെ"    എന്ന് ചോദിച്ചു കൊണ്ട് ഒന്നല്ല 3 അമ്മൂമ്മ .മൂന്നു പേരും കറങ്ങുന്നു ..ബൊമ്മ കളിയാക്കിയ പോലെ അമ്മൂമ്മയും കളിയാക്കുക്കുകയാണോ? കരച്ചില്‍ വിങ്ങി തൊണ്ട നോവുന്നുണ്ട്. അമ്മൂമ്മ അടുതെതും മുമ്പേ ഞാന്‍ താഴേക്ക്‌ വീണു .


പിന്നെ വിയര്‍ക്കുകയോ  കറങ്ങുകയോ  എന്തക്കയോ ഉണ്ടായി. ഒരു ഉറക്കം കഴിഞ്ഞു എണീക്കും വരെ എല്ലാം മൂന്നായാണ് കണ്ടിരുന്നത്‌. അപ്പൂപ്പന്‍ കല്യാണത്തിന് പോയി വന്നു എന്‍റെ കയ്യില്‍ നാരങ്ങ തിരുകി തന്നു ..എന്നിട്ട് കല്യാണത്തിന് കിട്ടിയ ചെണ്ടില്‍ ഉള്ള വാടാമല്ലി എന്‍റെ കവിളില്‍ കുത്തി വിളിച്ചു.." എടി അഴുക്കെ നീ ഇതെന്നാടി ഒപ്പിച്ചേ .."

പാതി തുറന്ന കണ്ണിലൂടെ ഞാന്‍ അപ്പൂപ്പനെ നോക്കി കര്‍ശനമായി പറഞ്ഞു
 
" അപ്പൂപ്പാ ഇനി മുറുക്കരുത് അത് ചീത്തയാ‌ ."