Sunday, 29 November 2009

അച്ഛന്‍റെ നെഞ്ചിലെ ഉടുക്ക് കൊട്ട്



അന്ന് ഒരു ഞായറാഴ്ച
അച്ഛന് ഒഴിവു ദിവസം ..പേരില്‍ മാത്രമേ " ഒഴിവു" ഒള്ളു. അന്നേ ദിവസം വീടിലും ചുറ്റിലും ഉള്ള REPAIR പരിപാടികളുടെ ഒരു നീണ്ട ലിസ്റ്റ് അമ്മ കൊടുക്കും. ഇവയെ വളരെ സമര്‍ഥമായി മറികടന്നു ആ ആഴ്ചത്തെ ഉറക്കത്തിന്‍റെ ക്വോട്ട ഉച്ചത്തില്‍ ഉള്ള കൂര്‍ക്കം വലിയോടെ ഉറപ്പാക്കും അച്ഛന്‍.

അന്ന് കിട്ടിയ ദൗത്യം വാട്ടര്‍ ടാങ്ക് വൃത്തിയാക്കല്‍ ആണ്. അന്ന് പക്ഷെ അമ്മ വിട്ടില്ല . തോണ്ടും ബ്രുഷും ചൂലും ഒക്കെ എടുത്തു..സാരി പൊക്കി കുത്തി അമ്മ FULL SWING-ല്‍  ഇറങ്ങിയപ്പോ അച്ഛന് "NO" പറയാന്‍ വകുപ്പില്ലാതായി.

രാവിലത്തെ കുളിയും ഭക്ഷണവും കഴിഞ്ഞു സുഖമായി ഉറങ്ങുന്ന രണ്ടര വയുസ്സുകാരി മകളെ (സാക്ഷാല്‍ എന്നെ ) ഭവാനി എന്ന ജോലിക്കാരിയെ (ഭവാനി അല്ലവള്‍ ഭയങ്കരിയാ- അച്ഛമ്മയുടെ തിരുത്തല്‍ )  ഏല്പിച്ചു അച്ഛനും അമ്മയും ടാര്‍ഗെറ്റ് വാട്ടര്‍ ടാങ്ക് ലകഷ്യമാക്കി നീങ്ങി.

രണ്ടാം നിലയില്‍ നിന്ന് പൊങ്ങി നില്‍ക്കുന്ന അടുക്കള ചിമ്മിനിക്ക് മേലെ മുറ്റത്തുനിന്നു ഒരു 25 അടി മേലെയാണ് ഈ ടാങ്ക് സ്ഥിതി ചെയ്യുന്നത് . ചിമ്മിനിയുടെ വശത്ത് ഒരടി ചതുരത്തില്‍ ഉള്ള 10-12 പടികള്‍ വഴി മുകളില്‍ എത്തുന്നത് ഒരു സാഹസം ആണ്.

അച്ഛനും അമ്മയും ദൗത്യവും ആയി പോയതും ഞാന്‍ ഉണര്‍ന്നു." മനോരമ" യില്‍ "ചെല്ലപൈന്കിളി" യില്‍ മേരിക്കുട്ടിയെ തല്ലാന്‍ ജോസൂട്ടി കൈപോക്കിതും ഞാന്‍ ഉണര്‍ന്നെ എന്ന് വിളിച്ചതും ഒപ്പം ..

ഭവാനി ഇരുന്ന ഇരിപ്പില്‍ ഒറ്റ ചാട്ടം. ശോ! കളഞ്ഞില്ലേ...ക്ലൈമാക്സ്‌ കളഞ്ഞില്ലേ ..അവര്‍ ചുണ്ട് കൊണ്ട് ട്വിസ്റ്റ്‌ കളിചെന്നെ കൊഞ്ഞനം കുത്തി. എന്നിട്ട് തന്‍റെ തടിച്ച നിദംബം കടുത്ത പ്രതിക്ഷേധത്തില്‍ വെട്ടിത്തിരിച്ചിരുന്നു മേരിചരിതപാരയണം  തുടര്‍ന്നു.

വേണ്ട... നമ്മള് ശല്യം ചെയനില്ലേയ്

അന്നേരം മുകളില്‍ നിന്ന അശരീരി മാതിരി അച്ഛന്‍റെ സംസാരം കേക്കാം..ഞാന്‍ അത് ലെക്ഷ്യമാകി പടികള്‍ കയറി.രണ്ടാമത്തെ നിലയില്‍ എങ്ങും അവരെ കാണാനില്ല. അപ്പൊ അതാ ടെറസ്സിന്റെ  വാതില്‍ തുറന്നു കിടക്കുന്നു. അമ്മയുടെ ഒക്കത്തിരുന്നു ഈ വീട്ടില്‍ ഒരുമാതിരി എല്ലാ സ്ഥലവും ഞാന്‍ പോയിട്ടുണ്ട് ടെറസ്സ് ഒഴികെ ..അഴികള്‍ക്കിടയിലൂടെ ഞാന്‍ ചാടും എന്ന് പേടിച്ചോ..അതോ എന്‍റെ ഒന്നര അടിക്കു കൈവരിയുടെ നാലടി ഒരു പ്രശ്നമേ  അല്ല എന്ന് പണ്ടേ തെളിയിച്ചതിനാലോ എന്തോ അമ്മ  അങ്ങനെ ഒരു റിസ്ക്‌ അതുവരെ എടുതട്ടില്ല ..

എന്തായാലും ടെറസ്സില്‍ എത്തി ഞാന്‍ അവിടെ ആകെ ഒന്ന് പരതി..കൊള്ളാല്ലോ സ്ഥലം ..അപ്പോളും അശരീരി കേള്‍ക്കാം..പിന്നെ താമസിച്ചില്ല..ഞാന്‍ ടാന്കിലെക്കുള്ള പടികള്‍ ഓരോന്നായി കയറി.10 പടിയോളം കയറി ..ഹോ.എന്തൊരു രസം ..എന്തൊരു കാറ്റ് ..ആകെ ഒരു ആട്ടമോക്കെ തോന്നുന്നുണ്ട്

പക്ഷെ പറ്റിച്ചില്ലേ പണി.. 10-12 പടി കയറിക്കഴിഞ്ഞപ്പോ പിന്നെ ഉള്ള രണ്ടു പടിക്ക് പകരം കമ്പി വളചിട്ടിരിക്കുകയാണ് ..അതില്‍ കയറാന്‍ ഞാന്‍ പഠിച്ച പണി പതിനെട്ടും പയറ്റി...രക്ഷയില്ല ..എനിക്ക് സങ്കടം സഹിച്ചില്ല ..സകല പ്രതിക്ഷേധവും ഉറക്കെ പ്രഖ്യാപിച്ചു ഞാന്‍ കൂവി .." അച്ഛാ"

ടാങ്കിന്റെ ഉള്ളില്‍ ഇരുന്ന അച്ഛനും മുകളില്‍ ഇരുന്നു അച്ഛനെ ഡയറക്റ്റ് ചെയ്തിരുന്ന അമ്മയും ഒരുപോലെ ഞെട്ടി..വടക്കോട്ട്‌  നോക്കി നിന്ന് ഞാന്‍ വീണ്ടും വിളിച്ചു.....അച്ഛാ..അച്ഛാ ..

അച്ഛന്‍ പിന്നെ മടിച്ചില്ല..കളരിപരമ്പര തൈവങ്ങളെ എന്ന് മനസ്സില്‍ നീട്ടി  വിളിച്ചു ..അമിതാബ് ബച്ചന്‍ കൊക്കേല്‍ തുങ്ങികിടന്നു പര്‍വീണ്‍ ബാബിയെ രക്ഷപ്പെടുതന മാതിരി ..വാട്ടര്‍ ടാങ്കിന്റെ വക്കില്‍ തൂങ്ങി എന്‍റെ പിന്നിലത്തെ പടിയില്‍ ഇറങ്ങി എന്നെ തൂക്കിയെടുത്തു.

ഹായി ഇതെന്തു മാജിക് ..വടക്കോട്ട്‌  നോക്കി വിളിച്ച അച്ഛന്‍ തെക്കൂന്നു വരുമോ ..ഇതെന്താ മാനത്തൂന്ന് പൊട്ടി വീണോ

അച്ഛന്‍ എന്നെ നെഞ്ചോട്‌ ചേര്‍ത്ത് അടക്കി പിടിച്ചു. ഹായി  ഇതെന്താ അച്ഛന്‍ ഉടുക്ക് വിഴുങ്ങിയോ..നെഞ്ചിന്റെ ഉള്ളില്‍ പട പട എന്ന് താളം ..എനിക്ക് സന്തോഷം സഹിക്കാന്‍ മേലാഞ്ഞു ഉറക്കെ ഒരു ചിരി ചിരിച്ചു ..

എന്‍റെ ഭാഗ്യം കൊണ്ടോ അച്ഛന്‍റെ നെചിലെ ഉടുക്ക് കൊട്ട് നിരുതാത്തത് കൊണ്ടോ അന്ന് ടാങ്കില്‍ അവര്‍ എന്നേം കൊണ്ട് കയറി. അവിടെ വെള്ളത്തില്‍ കയ്യിട്ടടിച്ചു സന്തോഷം രേഖപ്പെടുത്തുംബോളും എന്‍റെ ഉള്ളില്‍ ഒരു ചോദ്യം ഉണ്ടായിരുന്നു ..അച്ഛന്‍ എന്തിനാ ഉടുക്ക് വിഴുങ്ങിയെ ???

No comments:

Post a Comment