Wednesday, 6 January 2010

കുട്ടി പട്ടാളവും നിധി വേട്ടയും

    അപ്പൂപ്പന്റെ വീട്ടില്‍ രണ്ടു മരുന്ന് പെരയുണ്ട്. പടിഞ്ഞാറെ പേരയില്‍ മരുന്നുണ്ടാക്കുന്നതും ,പിന്നെ വടക്കേ പുരയില്‍ പച്ചമരുന്നും മറ്റും സൂക്ഷിക്കുന്നതും.


പടിഞ്ഞാറെ പുരയില്‍ ഞങ്ങള്‍ കുട്ടിപട്ടാളത്തിന് പ്രവേശനം ഇല്ല. അതിന്റെ കലവറയില്‍ ഒത്തിരി വിലപിടിപ്പുള്ള സാധനങ്ങള്‍ ഉണ്ടത്രേ ..  വലിയ ഭരണിയില്‍ കുങ്കുമാപൂവും, തന്കഭസ്മവും, കസ്തുരിയും പിന്നെ കാണ്ടാ മൃഗത്തിന്‍റെ കൊമ്പും ഒക്കെ ഉണ്ട് . അകത്തെ തളത്തില്‍ ഒത്തിരി  അടുപ്പുകള്‍ ഉണ്ട് .. അതില്‍ വലിയ വാര്‍പ്പില്‍ ലേഹ്യം നെയ്യ് കഷായം എല്ലാം വെട്ടി തിളക്കുന്നുണ്ടാവും. അതിനു വെളിയിലെ വരാന്തയില്‍ കുപ്പികഴുകല്‍ , പച്ചമരുന്നു അരിയല്‍ തുടങ്ങി കുപ്പി സീല്‍ ചെയ്യല്‍ ..അങ്ങനെ പലതും .


ഈ വരാന്തയുടെ അറ്റത്ത്‌ തോമാപ്ലയുടെ ഇരിപ്പിടം. ഒരു മുറം നിറയെ അരച്ച മരുന്ന് വെച്ച് ഗുളിക ഉരുട്ടല്‍ ആണ് പുള്ളിയുടെ പരിപാടി. ഒരേ വലിപ്പത്തില്‍ ഗുളിക  ഉരുട്ടുന്നതില്‍ ഉള്ള പ്രവീണ്യം പോലെ തന്നെ ഞങ്ങളെ ഓരോ കഥകള്‍ പറഞ്ഞു പേടിപ്പിക്കുന്നതിലും കുട്ടിപട്ടാളത്തിന് പ്രവേശനം അനുവദിക്കരുത് എന്നാ അലിഖിത നിയമത്തിന്റെ നടത്തിപ്പിലും ടിയാന്‍ വളരെ ഉഷാരായിരുന്നു . അത് കൊണ്ട് ഇയാളെ ഞങ്ങള്‍ ഗുളികന്‍ അപ്പൂപ്പന്‍ എന്ന് വിളിച്ചിരുന്നു.


ഇതിന്റെ തെക്ക് മാറി വിറകു പുരയുണ്ട് . അതിനു വെളിയില്‍ അന്തോണി വിറകു വെട്ടുന്നുണ്ടാവും. ജീവന്‍ ടോണിന്റെ പരസ്യം പോലെ ഇരിക്കുന്ന അന്തോണി  ഉണ്ണാന്‍ നേരം മാത്രമേ വെട്ടുന്നത് നിറുത്തുക  ഒള്ളു. അങ്ങിനെ ആ കോടാലി നിരന്തരം പ്രവര്‍ത്തിക്കുന്ന കാരണം ആണ് വിറകു പുരയിലെ സാതാന്മാര്‍ പുറത്തു ഇറങ്ങാത്തത് എന്നാണ് ഗുളികനപ്പൂപ്പ്നറെ ഭാഷ്യം.


പേടിച്ചിട്ടല്ല പക്ഷെ ഇത്രേം കൊമ്പ്ലികെഷന്‍ താങ്ങാന്‍ വയ്യാത്ത കൊണ്ട് കുട്ടിപ്പട്ടാളം രജിമെണ്ട് വടക്കേ പുരയിലേക്ക്‌  മാറ്റി സ്ഥാപിക്കപ്പെട്ടു. ഇവിടെ മൂന്ന് അറയുണ്ട്. നടുവിലത്തെ അറയില്‍ കുപ്പി ഭരണിയില്‍ കല്കണ്ടം ഒണക്ക മുന്തിരി തുടങ്ങിയ വിശേഷ ഭോജ്യങ്ങളും മയില്‍‌പീലി തുടങ്ങിയ വിശേഷ വസ്തുക്കളും ഉണ്ട്. ആരെങ്കിലും പച്ചമരുന്നു എടുക്കാന്‍ പൂട്ട്‌  തുറന്നാല്‍  അപ്പൊ കുട്ടിപട്ടാളത്തിന്റെ ടെലിഗേറ്റ് ഉള്ളില്‍ കടക്കും ... അകവുന്നതൊക്കെ സ്മഗ്ഗില്‍ ചെയ്തു താവളത്തില്‍ എത്തിക്കും . 


അന്ന് പച്ചമരുന്നു
 എടുക്കാന്‍ വന്നത് "അച്ചപ്പം " എന്ന് ഞങ്ങള്‍ വിളിക്കണ മാമന്‍ ആയിരുന്നു . (ആളുടെ അസ്സല്‍ പേര് ഔസേപു എന്നാണ് . ) . പുള്ളി ഉള്ളില്‍ കയറി പച്ചമരുന്നു പെട്ടിയിലേക്ക് കുനിഞ്ഞതും അന്നത്തെ ടെലിഗേറ്റ് ആയ ഞാന്‍ ഉള്ളില്‍ കയറി. ഹാഫ് പാവാട മടക്കികുത്തി ആവോളം കല്‍കണ്ടവും കിസ്സ്മിസ്സും വാരി നിറച്ചു ..പിന്നെ പയ്യെ വെളിയില്‍ ഇറങ്ങാന്‍ നോകിതും "അച്ചപ്പം" തിരിഞ്ഞ്  ആ അറയിലേക്ക് വരുന്നു.


എന്റമ്മോ പിടിക്കപ്പെട്ടാല്‍ നാടുകടത്തും എന്നത് പോട്ടെ പിന്നെ ഈ സ്മഗ്ഗ്ലിംഗ് മൊത്തം വള്ളത്തില്‍ ആവും..  ചൂരല്‍ കഷായവും നാണക്കേടും വേറെകിട്ടും. പിന്നൊന്നും നോക്കില്ല അണ്ടര്‍ ഗ്രൌണ്ട് പോകുക തന്നെ ..അടുത്ത് കിടന്ന ഒരു ചാക്ക് തലവഴി മൂടി ശ്വാസം അടക്കി ഇരിപ്പായി.


അച്ചപ്പം നേരെ വന്നു കല്കന്ടത്തില്‍ കയ്യിട്ടു ഒരെണ്ണം വായിലാക്കി ..അമ്പട കള്ളാ ഇവന്‍ നമ്മുടെ ജെനിസ്സാരുന്നോ.. പിന്നെ കുറുന്തോട്ടി വേര് മുറതിലാക്കാന്‍ തുടങ്ങി. ഇതിനിടെ ചാക്കില്‍ എന്തൊക്കയോ മേത്ത് ചൊറിച്ചില്‍ ഉണ്ടാക്കുന്നുണ്ട്.. മൂക്കും കടിക്കുന്നു.. അയ്യോ തുമ്മല്‍ വരുന്നു .. ഈശ്വരാ പണിയാവുമോ ..സകല കണ്ട്രോളും തരണേ പള്ളിപ്പാട്ട് ഭഗവതിയെ എന്ന് വിളിച്ചു മൂക്കും വായും പൊത്തി പ്പിടിച്ചു ..ദേവി തുണച്ചു എന്ന് തീര്‍ത്തു അങ്ങ്  പറയാന്‍ വയ്യ ..ശീ എന്നൊരു ശബ്ദം മാത്രം വെളിയില്‍ വന്നു .


ശബ്ദം കേട്ടതും അച്ചപ്പം അഞ്ചു ബോബി ചാടിയത്‌ പോലൊരു ചാട്ടം  .. കുറുന്തോട്ടിം മുറവും സമ്മര്‍സോള്‍ട്ട് അടിച്ചു എന്‍റെ തലവഴി വീണു ..
" എന്റമ്മോ പാമ്പ്‌ " എന്ന് പറഞ്ഞു അച്ചപ്പം ഓടെടാ ഓട്ടം .. കിട്ടിയ ലാക്കിനു ഞാനും രംഗത്ത് നിന്നു നിഷ്ക്രമിച്ചു ..


പിന്നെ പറയണ്ടല്ലോ പൂരം .. ആളായി വടിയായി തിരച്ചിലായി ..  പടിഞ്ഞാറേ  കല്പടിയില്‍ ആഞ്ഞിലിയുടെ മറവില്‍ കുട്ടിപ്പട്ടാളം കല്കണ്ടം നുണയുമ്പോ കേക്കാം അച്ചപ്പം വിവരിക്കുന്നത് .. " പാമ്പ്‌ എന്ന് പറഞ്ഞാല്‍ എന്നാ ഒരു പാമ്പാ.. ഒരു ചീറ്റ് അങ്ങോട്ട്‌ ചീറ്റിയിട്ട് വിഷമാ തെറിക്കുന്നെ. കൂടിയ ഇനമാ.എന്‍റെ ആയുസ്സിന്റെ ബലം ..അല്ലാന്ടെന്ന പറയാനാ " 


ഇത് കേട്ടു " പാമ്പ്‌" കല്കണ്ടം നുണഞ്ഞു ഒരു കള്ളചിരി പാസാക്കി  .. അച്ചപ്പത്തിനെ ഒതുക്കാന്‍ പുതിയ അടവ് കിട്ടിയ സന്തോഷത്തില്‍ ..    

5 comments:

  1. It was funny how i read the first line. Appoppante veeetil randu pera undu ( perakka tree )

    ReplyDelete
  2. u didnt see the term" marunnu" pera.. LOL

    thats the desi nomencalture for the factory and store house.. quite a world..

    ReplyDelete
  3. ശെരിക്കും ആസ്വദിച്ചു കേട്ടോ ❤. ഓര്‍മയില്‍, എകദേശം അറുപതോളം വര്‍ഷങ്ങള്‍ പിറകിലേക്ക് എന്നെ കൊണ്ടുപോയി ഈ മനോഹരം ആയ വരികള്‍. വര്‍ണ്ണ തുമ്പി എഴുതല്‍ തുടരണം കേട്ടോ ?

    ReplyDelete