കവികള്‍ പാടി .. സിനിമകളില്‍ പ്രേമ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു .. ഒരുപാടു പേരുടെ ചിരികള്‍കും കണ്ണീരിനും സാക്ഷി ആയി പെരിയാറിനെ കണ്ടിട്ടുണ്ടാവും നിങ്ങള്‍ .. എന്റെ ജിവിതത്തിന്റെ ഓരോ ഘട്ടത്തിനും ഇവള്‍ സാക്ഷി ആയിരുന്നു.. എന്റെ കുറുമ്ബുകള്‍ക്കും സ്വപ്നങ്ങല്കും എല്ലാം സാക്ഷി
*******************************************************************************
അച്ഛന്റെ ഒപ്പം നീന്തല്‍ പഠിക്കാന്‍ എന്ന് പറഞ്ഞു മണപ്പുറത്ത് പോയതാണ് ആദ്യ ഓര്‍മ.. എനിക്കന്നു കഷ്ടി 3 വയസ്സ്.. ഇപ്പൊ നീന്തല്‍ പഠിക്കും എന്ന് വാശിയോടെ ആണ് പോയത്..
അന്ന് പെരിയാര്‍ സുന്ദരി ആണ്.. ഇന്നത്തെ പോലെ മണല്‍ വാരി ഉണ്ടാക്കിയ ചതിക്കുഴികള്‍ ഇല്ല .. മലിനീകരണം ഇല്ല .. മണപ്പുറത്ത് നിന്ന് പുഴയില്‍ ഇറങ്ങി നടന്നാലും പതിയെ പതിയെ മാത്രമേ ആഴം കൂടുകയുള്ളു . അതുകൊണ്ടാണ് ഇതിരെ കുറുമ്പി ആണേലും എന്നെ പുഴയില്‍ കൊണ്ടുപോവാന്‍ അച്ഛന്‍ ധൈര്യപെട്ടത് .
തീരെ ആഴം ഇല്ലാത്ത സ്ഥലത്ത് കയ്യും കാലും ഇട്ടടിച്ചു മണ്ണ് കലക്കി വലിയ നീന്തല്‍കാരി ചമയല്‍ ആയിരുന്നു അന്നത്തെ പ്രധാന പരിപാടി.. അച്ഛന്‍ വെള്ളത്തില്‍ മലര്‍ന്നു കിടന്നു ഒഴുകി നടക്കും .. ഞാന്‍ എങ്ങിനെയും വയറ്റത് വലിഞ്ഞു കയറി ഒരു yachting തരപ്പെടുത്തും .. ഇങ്ങനൊരു യാത്ര കഴിഞ്ഞു വന്ന വരവില്‍ മുതച്ചനോട് ഞാന്‍ വീരം പറഞ്ഞപ്പോ ആണ് കുറുംബിന്റെ കാര്യത്തില്‍ ഞങ്ങളുടെ കുടുംബത്തിലെ ഉസ്താദിനെ കുറിച്ച് ഞാന്‍ അറിയുന്നത്.
********************************************************************************* മുത്തച്ഛന്റെ അനിയന്‍ ആണ് ആള്‍.. അച്ഛന്റെ രാധ ചിറ്റപ്പന്‍.പണ്ട് ബോംബയില്‍ കൊക്കോകോള കമ്പനിയില്‍ ആരുന്നു ജോലി. ആള് പഠിക്കുന്ന സമയത്തെ മഹാ വികൃതി ആയിരുന്നു
ആലിങ്കടവിലെ മുട്ടന്‍ ആലിന്റെ മോളില്‍ വല്ലിയില്‍ തുങ്ങി ക്കിടന്നു കുളിക്കാന്‍ വരുന്ന പെണ്ണുങ്ങളെ വിരട്ടും. കുളിയും നനയും ക്ലൈമാക്സില്‍ എത്തി നിക്കുംബോലെ കക്ഷി പ്രകടനം തുടങ്ങു.. തുങ്ങി ആടുന്ന കണ്ടു ഭയന്ന് പെണ്ണുങ്ങള്‍ സ്ഥല കാലം മറന്നു പുഴയില്‍ നിന്ന് കയറി ഓടും.
കടവത് ചിലദിവസം കുളിയും കുശലങ്ങളും പൊടി പൊടിക്കുമ്പോ പെട്ടന്ന് ആലിന്റെ മോളിന്നു വെള്ളത്തില്‍ ചാടി ഊളിയിടും .. നീര്‍നായ ആണെന്ന് കരുതി പെണ്ണുങ്ങള്‍ തലങ്ങും വിലങ്ങും ഓട്ടം പിടിക്കും . ഇതും അല്ലേല്‍ വെള്ളത്തിന് മുകളില്‍ അനക്കമില്ലാതെ ഒഴുകി വരും .. ശവം കടവതടിയുകയാണെന്ന് കരുതി പെണ്ണുങ്ങള്‍ അലറിക്കരയും .. ഈ ശവത്തെ കണ്ടു പനി പിടിച്ച ആള്കാരും ഉണ്ടത്രേ.
പുഴയെ സംബന്ധിക്കുന്നതല്ലെങ്കിലും രാധ ചിറ്റപ്പനെ കുറിച്ച് പറയുമ്പോ ഒരു കഥ പറയാതെ വയ്യ. ബോംബയില്‍ കൊകൊക്കോലയില്‍ ജോലി ഉള്ള കാലം. അവിടെ അവര്‍ക്കൊരു വളര്‍ത്തു പട്ടി ഉണ്ടായിരുന്നു..." സീസര്‍" . കോള എന്നാല്‍ ആ സീസര്‍നു വലിയ ഇഷ്ടാണ്.
രാധ ചിറ്റപ്പന്റെ കൂടുകാരന്‍ ഒരു മാര്‍വാഡി ഉണ്ടാരുന്നു. ടിയാന്‍ ഒരു ഒറക്കം തൂങ്ങി ആയിരുന്നു.. അവസരം കിട്ടിയാല്‍ അപ്പൊ കൂര്‍കം വലി തുടങ്ങും . ഞായറാഴ്ച ചത്തുമലച്ച പോലെ കിടന്നുറങ്ങും. ഉറങ്ങിയാല്‍ പുള്ളിക്ക് ഒരു മാതിരി പെട്ട ശല്യങ്ങള്‍ ഒന്നും ഒരു പ്രശ്നമേ അല്ല .
അങ്ങനെ ഒരു ഉറക്കം പൊടിപൊടിക്കുന്ന ഞായറാഴ്ച.രാധ ചിറ്റപ്പന്‍ സീസറിനെ പുള്ളിയുടെ കാലില്‍ ബന്ധിച്ചു. ചുറ്റോടു ചുട്ടു കാര്‍ട്ടുന്‍ പെട്ടികള്‍ അടുക്കി. എന്നട്ട് ദൂരെ മാറി നിന്ന് കൊകക്കൊള കാട്ടി സിസറിനെ വിളിച്ചു.. ക്ഷമയുടെയും കൊതിയുടെം വള്ളിച്ചരട് പൊട്ടിയ സിസര്‍ കൊകക്കൊലയെ മാത്രം മുന്നില്‍ ക്കണ്ട് ഒരു ചാട്ടം ..പാവം കുംഭകര്‍ണന്‍ മാര്‍വാഡിയുടെ മുകളില്‍ കാര്‍ട്ടുന്‍ പെട്ടികള്‍ പട പടാന്ന് വീണു .. സിസരിന്റെ വലിയില്‍ പാവം മാര്‍വാഡി കട്ടിലില്‍ നിന്ന് ശരവേഗത്തില്‍ തലയും തല്ലി താഴെയും വീണു.. ഉറക്കത്തില്‍ ലോകാവസാനം സ്വപ്നം കണ്ടു കിടന്ന ആള്‍ക്ക് പിന്നെ യാഥാര്‍ത്ഥ്യം മനസിലായപ്പോലെക്കും പനിച്ചു തുടങ്ങിയിരുന്നു.
ഈ കഥ കേട്ടപ്പോള്‍ മനസിലായില്ലേ കുഞ്ഞി കുറുമ്പി എന്ത് പാവം ആണെന്ന്.. എന്നാലും കാര്‍ന്നോമാരുടെ പാരമ്പര്യം നമ്മള്‍ കുറച്ചൊക്കെ നില നിര്‍ത്തണ്ടെ ........
*********************************************************************************
ബാല്യത്തില്‍ എന്റെ പദ്ധതികളില്‍ പലയിടത്തും പെരിയാറിനെ ഭാഗമാകിയിരുന്നു. പക്ഷെ അമ്മയുടെ കനത്ത കാവലില്‍ ഇതില്‍ പലതും വെളിച്ചം കണ്ടില്ല. തോര്തിട്ടു മീന്‍ പിടിക്കാനും , വാഴത്തട കെട്ടി ചങ്ങാടം കളിക്കാനും ഒക്കെ പദ്ധതിയിട്ടതാണ് .. അമ്മയുടെ കാവല്‍ കാരണമോ എന്റെ ആയുസ്സിന്റെ ബലം കാരണമോ ഇതൊന്നും നടന്നില്ല.
എന്റെ അമ്മയുടെ തറവാട്ടില്‍ പോകുന്നത് പുഴ കടന്നാണ് . പുഴ കടക്കാതെ പോവണമെങ്കില്‍ ഒരുപാട് വളഞ്ഞു തിരിഞ്ഞു പാടത്തിനു നടുക്ക് കൂടി ഒരു വഴി ഉണ്ട്. മഴക്കലതോരിക്കല്‍ ഈ വഴി വെള്ളം നിരഞ്ഞെന്നരിഞ്ഞു പുഴ വഴി തന്നെ ഒരു ചടങ്ങിനു തറവാട്ടില്‍ പോവാന്‍ ഇട ആയി.
വഴി തടസം ആയ കാരണം വള്ളത്തില്‍ വലിയ തിരക്ക്. 3 - 4 സൈക്കിളുകളും വാഴക്കുലയും പച്ചക്കറി കുട്ടകളും കുറെയേറെ ആള്കരും ആയി വള്ളം നീങ്ങി. വള്ളത്തിന്റെ വക്കില്‍ നിന്ന് വെറും നാലിഞ്ചു താഴെ ആണ് വെള്ളം. ഒന്ന് വള്ളം ഉലഞ്ഞാല്‍ വെള്ളം അകത്തു കയറുന്നുണ്ട്. ഒരാള്‍ ഇരുന്നു തുടരെ ഈ വെള്ളം തേവി കളയുന്നുണ്ട്.
എന്റെ നെഞ്ചിടിപ്പ് എന്റെ കാതില്‍ എനിക്ക് കേള്‍ക്കാം. പണ്ട് നിന്തല്‍ പഠിക്കാന്‍ നേരം അച്ഛന്റെ വയറ്റത് കയറി ഇരുന്നതില്‍ ഞാന്‍ പശ്ചാതപിച്ചു . അപ്പോളേക്കും മഴയും തുടങ്ങി. ഒരു പഹയന്‍ അന്നേരം വലിയ ഒരു കാലന്‍ കുട നിവര്‍ത്തി.
കാറ്റു പിടിച്ചു വള്ളം ഗതി മാറി ഒഴുകാന്‍ തുടങ്ങി. വള്ളക്കാരന്‍ ചീത്തപറഞ്ഞു അയാളെ ക്കൊണ്ട് കുട അടപ്പിച്ചു. സാധാരണ 10 മിനുട്ടില്‍ കടക്കുന്ന കടവ് കടക്കാന്‍ അന്ന് ഞങ്ങള്‍ ഒരു മണിക്കൂര്‍ എടുത്തു. സന്ധ്യക്ക് അമ്മ ചൊല്ലി ഏറ്റു ചൊല്ലിയിരുന്നു നാമങ്ങള്‍ എല്ലാം അന്ന് ഞാന്‍ കാണാപ്പാടം ചൊല്ലി. എന്റെ ആയുസ്സില്‍ ഇത്രയും പ്രാര്‍ത്ഥിച്ച ഒരു ദിവസം വേറെ ഇല്ല. ആദ്യമായി പെരിയാര്‍ എന്നെ ഭയപ്പെടുത്തി.
*********************************************************************************
കൌമാരത്തില്‍ പെരിയാര്‍ എന്നാല്‍ ആദ്യം ഉള്ളില്‍ ഓടി വരുന്നത് ശിവരാത്രി ആണ്
നിറയെ വിളക്കുമാലകള്‍ ചാര്‍ത്തി മണപ്പുറം ഒരുങ്ങുമ്പോള്‍ അത് പ്രതിഫലിക്കാന്‍ അവള്‍ അനങ്ങാതെ കിടക്കും. ആ വര്‍ണ്ണ വെളിച്ചം മുഴുവന്‍ അവള്‍ക് ആഭരണം ആയി മാറും
പാലത്തില്‍ നിന്നോ ആലുവ പാലസില്‍ നിന്നോ അപ്പൊ അവളെ കാണാന്‍ എന്ത് ശേലാനെന്നോ . ശിവരാത്രി കാലത്ത് മണപ്പുറം നിറയെ വളക്കടകള്‍ ഉയരും. പലനിറത്തില്‍ ഉള്ള കുപ്പിവളകള്‍ വാങ്ങാന്‍ മാത്രം ഒന്ന് രണ്ടു തവണ മണപ്പുറത്ത് പോവും.. ഇത് സാധിക്കാന്‍ സാമം ദാനം ഭേദം ദേണ്ടം ..എന്ത് മാര്‍ഗം വേണേല്‍ എടുക്കും..
അമ്മക്ക് കുറെ വിരികള്‍ അനിയന് കുറെ കളികോപ്പുകള്‍ അങ്ങനെ അച്ഛന്റെ ഖജനാവ് മൊത്തമായി കൊള്ളഅടിക്കല്‍ അന്ന് ഞങ്ങള്‍ സാധ്യം ആക്കിയിരുന്നു.
*********************************************************************************
ഇന്ന് പുഴയില്‍ കുളിക്കാന്‍ എന്റെ കുട്ടികള്‍ ശാട്യം പിടിക്കുമ്പോള്‍ എനിക്ക് ഉള്ളില്‍ പേടി ആണ്.. ഇവള്കുള്ളിലെ നീരൊഴുക്കില്‍ കാണാക്കയങ്ങളില്‍ കുഞ്ഞുങ്ങളെ നഷ്ടപെട്ട എത്രയോ അമ്മമാരുടെ കഥ എന്നും കാണുന്നു.. എങ്ങിനെ ഞാന്‍ അറിഞ്ഞൊണ്ട് എന്റെ കുഞ്ഞുങ്ങളെ ഇവളുടെ അടുത്തേക്ക് വിടും.
പഴയ സൌമ്യം വെടിഞ്ഞു ഇവള്‍ ക്രൌര്യം മുഖതനിഞ്ഞത് എങ്ങനെ ഞാന്‍ കണ്ടില്ലെന്നു വെക്കും. മറ്റെല്ലാവരും പറയും പോലെ " ഞങ്ങടെ ബാല്യം ആയിരുന്നു നല്ലത്.. ഇന്നത്തെ കുട്ടികള്‍ക്ക് ആ രസം കിട്ടണ്ടോ" എന്ന് ഞാനും പറയുന്നു.. അന്ന് ഞാന്‍ അറിഞ്ഞ സന്തോഷങ്ങള്‍ എന്റെ കുഞ്ഞുങ്ങള്‍ക് കൊടുക്കാന്‍ ആവാതതില്‍ സത്യത്തില്‍ ഞാന്‍ വിഷമിക്കുന്നു.. സ്വിമ്മിംഗ് പൂളിന്റെ തിരയിളക്കത്തില്‍ പെരിയാറിനെ സങ്കല്പിച്ചു അവരും ഇതാ കൌമാരത്തിലേക്ക് കാല്‍ വെക്കുന്നു.
************************************

