12 വർഷം കഴിഞ്ഞ് ഒരു തിരിച്ചു വരവ് എന്തെ എന്നാവും...
ഇത് വരെ കുറിച്ചതെല്ലാം വന്ന വഴികളിലൂടെ ഒരു തിരിച്ചു നടപ്പ് ആയിരുന്നു...ഞാൻ നഷ്ടപ്പെടുത്തിയ എൻ്റെ വേരുകൾ തേടിയുള്ള ഒരു യാത്ര..
പക്ഷേ അവിടെ എന്നെ കണ്ട മുഖങ്ങൾക് കുഞ്ഞുകുറുമ്പിയുടെ കുഞ്ഞു കണ്ണുകൾ കണ്ട തെളിമ ഉണ്ടായില്ല
നീട്ടിയ കൈകിരലുകൾ ഒരിക്കലും താങ്ങാനോ തലോടനോ ആയിരുന്നില്ല
കുഞ്ഞി കുറുമ്പി പഴയ വഴികളിൽ എല്ലാം നടന്നു പരതി ...മഞ്ചോട്ടിലും...തേക്കേമുറിയിലും ..മരുന്ന് പുരയിലും ...പേര ചോട്ടിലും എല്ലാം..
ഒടുവിൽ ഒരു ലോഡ് തിരസ്കാരങ്ങളും കുത്തുവാക്കുകളും പിന്നെ കുറെയേറെ ചത്തിക്കുഴികളും മർമാണി പ്രയോഗങ്ങളും ഒക്കെ കിട്ടി ബോധിച്ചു..
അല്പം കരുതൽ തന്ന അച്ഛനും അച്ഛമ്മയും ഇതിനിടെ എന്നെ വിട്ടു പോയി...ഉൾവലിഞ്ഞു ഒതുങ്ങി കൂടി ചിന്തകളുടെ ഇഴ മുറിഞ്ഞു... മനസും ശരീരവും ഒരു പോലെ തളർന്നു..
ചുറ്റും തിരശ്ശീല ഉയർത്തി ഒതുങ്ങി ഒഴിയാൻ വൃഥാ ശ്രമിച്ചു...
കൈകാലിറ്റടിച്ച് തളർന്നപ്പോൾ അച്ഛൻ പണ്ട് പഠിപ്പിച്ച അടവെടുത്തു ...മരിച്ച പോലെ പൊങ്ങുതടിപോലെ ഓളതിനൊപ്പം ഒഴുകി തുടങ്ങി...കാലക്രമേണ തിരശ്ശീല ഒരു വൻ മതിലായി മാറി...
ഇടക്കിടെ മതിലിൽ ഉരസി ദേഹം മുറിഞ്ഞിരുന്നു..ആദ്യം ആദ്യം ചോര കണ്ട് ഞാൻ ഭയന്ന്...മുറിവ് താങ്ങി നിലവിളിച്ചു...
പിന്നെ അതെന്നെ ആഴങ്ങളിൽ വലിച്ചിറക്കും എന്നറിഞ്ഞു ഞാൻ വിസ്മരിക്കാൻ പഠിച്ചു...ഉൾവലിഞ്ഞു...എപ്പോളോ ചിന്തകൾക്കൊപ്പം എൻ്റെ തൂലികയും കളഞ്ഞു പോയി..നീണ്ട 12 വർഷം.. ഞാൻ എന്നെ തന്നെ ഇല്ലാതാക്കിയ 12 വർഷം
ഇനി ഒന്നു മാറ്റി തുഴയാൻ സമയമായി...ദേഹം മുറിപ്പിക്കുന്ന മതിലിൽ ചവുട്ടി തെറിച്ചു വീണ്ടും ഒന്നു നീന്തി നോക്കാം..ചിലപ്പോൾ ദൂരങ്ങൾ താണ്ടും..ചിലപ്പോൾ അഴങ്ങൾ പൂകും ..
കുഞ്ഞിക്കുറുമ്പിയിലെ കുറുമ്പ് എത്രകണ്ട് അവശേഷിക്കും എന്ന് അറിയില്ല
അടുത്ത ഘട്ടത്തിലേക്ക് കടക്കാം യൗവനത്തിലേക്ക്...ഇനി അങ്ങോട്ട് യഥാർഥ പേരുകൾ ഉപയോഗിക്കില്ല.. ആരെയും ഞാനായി ഉപദ്രവിക്കില്ല...പക്ഷെ സ്വന്തം ക്രിയ സ്വയമേ നോവിച്ചാൽ അതിനു ഞാൻ ഉത്തരവാദി ആയിരിക്കില്ല...അതിപ്പോ ആരായാലും..
അപ്പോ തൊടങ്ങാം അല്ലെ..
ഒരു തവണ കൂടി തൂലിക എടുത്തു.. അടുത്ത അധ്യയത്തിന് ആരെക്കാളും കൂടുതൽ ഉദ്വേഗം എനിക്ക് തന്നെ..ഒരു തിരിച്ചു വരവിലേക്ക് ...


No comments:
Post a Comment