Wednesday, 5 March 2025

വിദ്യ+ അഭ്യാസം

 







ഒരാളുടെ വ്യക്തിത്വം അവർ പഠിച്ച ചുറ്റുപാടിനെ ആശ്രയിക്കും എന്നത് വലിയൊരു സത്യം ആണ്.. ജൻമനാ ഉള്ള കുറുമ്പ് പരിപോഷിപ്പിക്കാൻ ചുറ്റുപാട് വളരെ നന്നായി അനുഗ്രഹിച്ചനുവദിച്ച സ്കൂളും കോളേജും ഈ കുഞ്ഞുക്കുറുമ്പിയെ വാർത്തെടുക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു എന്നതിൽ ആത്മാർഥമായ ചാരിതാർത്ഥ്യം അറിയിച്ചു കൊണ്ട് അടുത്ത കുത്തികുറിക്കൽ തുടങ്ങട്ടെ.....

..............................................................................................................................................................

പ്രേമം സിനിമ ഇരുപത് തവണ കണ്ടത് അതിലെ കഥയോ മലരോ നിവിനോ കാരണം അല്ല... ആ കലാലയം ആ ക്യാമ്പസ് അതൊന്നു മാത്രം വീണ്ടും വീണ്ടും കാണാനുള്ള മോഹം കൊണ്ടാണ് . 

മഹാഗണി നിറഞ്ഞ പഴയ ക്യാമ്പസിൽ ലേഡീസ് റൂം മാറ്റി ഒരു ശിൽപം സ്ഥാപിച്ചതൊഴിച്ചാൽ വലിയ വ്യത്യാസം ഒന്നും ഇല്ല ..

 പറഞ്ഞപ്പോൾ തന്നെ മഹാത്മാഗാന്ധി നട്ട മാവിൻ്റെ മാവിലയുടെ ഗന്ധവും .. മഹാഗണി കായകൾ വീണു തകരുമ്പോൾ ഉള്ള ശബ്ദവും .. കരിയിലയിൽ ചവുട്ടി നടക്കുമ്പോൾ ഉള്ള crunch ശബ്ദവും ആ പൊടി മണവും..മര കോവണിയുടെ കരകര ശബ്ദവും എല്ലാം തൊട്ടറിയുന്ന പോലെ ..ഒത്തിരി ഉണ്ട് എഴുതാൻ .ഓരോ അധ്യായമായി എഴുതാം ...

പ്രവേശനോത്സവം

ചുമന്ന പട്ടുപാവാട ചെളിപറ്റാതെ മാടിപ്പിടിച്ചു

 വെള്ളിക്കുലുസിൻ്റെ മണിനാദവും

 തുമ്പ് കെട്ടിയ നീണ്ട ചുരുണ്ട മുടിയിൽ തിരുകിയ പിച്ചിമാലയുടെ നറുമണവും   

 വലിയ കണ്ണടക്ക് പിന്നിൽ പേടിച്ചു ചറപറ പിടക്കണ കണ്ണുകളും

നെറ്റിലെ ഒട്ടിപ്പോ പൊട്ടിലേക്ക് മഴവെള്ളമൊലിച്ചിറക്കിയ ചന്ദനക്കുറിയും

ഒരു co-ed കലാലയത്തിൽ കാൽ വെച്ച പ്രീഡിഗ്രി ഒന്നാം വർഷക്കാരിയുടെ ചങ്കിടിപ്പും ഭാവവും ...ഇത്രയും fragile ആയി കുഞ്ഞിക്കുറുമ്പിയെ കാണാൻ മറ്റൊരു അവസരവും ഉണ്ടാവില്ല...

പഠിച്ച ആംഗലേയ സ്കൂൾ വളരെ വിഖ്യാതമായ കാരണം മലയാളം മീഡിയം പഠിച്ച മിക്കവാറും ചേട്ടമ്മാരുടെ ഇഷ്ടവിനോദമായിരുന്നു ഇംഗ്ലീഷ് സ്പീക്കിംഗ് പെൺപിള്ളരെ റാഗ് ചെയ്യൽ.. ഒന്നു പറഞ്ഞു രണ്ടാമതൊന്ന് ഇംഗ്ലീഷ് പറയുന്ന  മദാമ്മ കുഞ്ഞുങ്ങളുടെ ഇടയിൽ ഇങ്ങനൊരു അവതാരം അവരും പ്രതീക്ഷിച്ചില്ല ..ആദ്യ ദിവസം തന്നെ പേര് കിട്ടി... തമ്പ്രാട്ടിക്കുട്ടി. തനിക്കൊണം അറിയും മുന്നേ ഏതോ മണ്ടൻ ചാർത്തി തന്ന പേര്...എന്തായാലും എനിക്കത് ശ്ശി ബോധിച്ചു...

വലിയ ഓഡിറ്റോറിയം പോലത്തെ ക്ലാസുമുറി...ഉയർന്ന പ്ലാറ്റ്ഫോമിൽ നിന്ന് പഠിപ്പിക്കുന്ന അധ്യാപകർ...

സ്കൂളിൽ തൊട്ടടുത്ത് നിന്ന് ചെവിക്കതിരുമ്മി പഠിപ്പിക്കുന്ന ടീച്ചർമാരെക്കാൾ വളരെ അകലെ ആണ് ഇവർ എന്ന് തോന്നി..

ട്യൂഷൻ ക്ലാസ്സിൽ കേട്ട പാഠങ്ങൾ വീണ്ടും കേൾക്കുന്ന വിരസത വല്ലാതെ ബാധിച്ചു തുടങ്ങിയപ്പോൾ ക്യാമ്പസ് എന്ന് സുന്ദരലോകം ക്ലാസുമുറിയേക്കാളും ആകർഷണീയം ആയി തോന്നി ..

അറ്റേണ്ടൻസ് കൊടുത്തട്ട് ജനിലിൽ കൂടി ചാടുക...കറങ്ങി നടന്ന ശേഷം ലേറ്റ്സ്ലിപ്പ് കൊടുക്കുക.... ഇങ്ങനെ പല കലാപരിപാടികൾ നടത്തി യഥേഷ്ടം കറങ്ങി നടന്നു. ട്യൂഷൻ ഉള്ള കാരണം നല്ല മാർക്കുണ്ടായിരുന്നതിനാൽ അധ്യാപകർക്കും പ്രശ്നമില്ല.

ആദ്യ വർഷം ചെന്ന ഉടനെ ഇലക്ഷൻ ആയതോടെ ആഘോഷങ്ങൾ പാരമ്യത്തിൽ ആയി...ksu...sfi...abvp...aisf...ചേട്ടന്മാർ ഓരോ വിദ്യാർഥി സംഘടനകൾക്കായി വോട്ട് ചോദിച്ചു വന്നു..

 ടിയാൺമെൻ സ്ക്വയറിൽ വിദ്യാർഥികളെ തച്ചതിന് ഇങ്ങു കേരളത്തിൽ sfi ചേട്ടന്മാർ കുരിശിലേറി...  

വിടർന്ന കണ്ണിൽ പുത് പുതു കാഴ്ചകൾ ആവാഹിച്ച് കുഞ്ഞി കുറുമ്പി പാറി നടന്നു ..

ഓഫീസിൽ ജോണിവാക്കർ എന്ന ജോണിചേട്ടൻ...

ലൈബ്രറിയിൽ ഇരുട്ടിൻ്റെ ആത്മാവ് ഫിലിപ് ചേട്ടൻ...

ക്യാൻ്റീനിൽ സോളൂഷൻ ചേട്ടൻ 

ഇങ്ങനെ ചെല്ലപ്പെരുകൾ അന്വാർത്ഥം ആക്കുന്ന ഓഫീസ് ജീവനക്കാരും എല്ലാവരും കുഞ്ഞിക്കുറുമ്പിക്ക് പ്രിയപെട്ടവർ ആയിരുന്നു

ലൈബ്രറിക്ക് പിന്നിലെ പഞ്ചാര മുക്ക്...

ഹോക്കി ഗ്രൗണ്ടിലെ പഞ്ചാരപ്പടികൾ... 

ലേഡീസ് റൂം വീക്ഷിക്കുന്ന യുപി ബ്ലോക്കിലെ വീക്ഷണകോൺ..( പ്രേമം സിനിമയിൽ മലർ എന്ന് പേര് എഴുതിയ മുറിക്ക് മുന്നിലെ ഹിസ്റ്ററി ക്ലാസ്റൂം )

ചീട്ടുകളി നടക്കുന്ന ചാപ്പൽ പടികൾ

മഴവിൽ വിരിയുന്ന ഫുട്ബോൾ ഗ്രൗണ്ട്

കാറ്റടിച്ചാൽ ചൂളം കുത്തുന്ന സൈക്കോളജി ബ്ലോക്കിലെ ജനലഴികൾ

അങ്ങനെ അങ്ങനെ ഒരു ഭൂഖണ്ഡത്തിൽ വേണ്ട  എല്ലാ ഘടകങ്ങളും ആ ക്യാമ്പസിൽ ഉണ്ടെന്നായിരുന്നു എൻ്റെ പക്ഷം.

ശ്ശോ പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ല... ഇനി പരക്കെ പറച്ചിൽ നിറുത്തി മാറ്ററിൽ വരാം..ഓരോ ഓർമ ഓരോ ഏടായി കുറിക്കാം

കരടി

PT ഡിപ്പാർട്ടുമെൻ്റിൽ അനേക വർഷം സർവീസ് ഉണ്ടായിരുന്ന ആഫ്രിക്കയിൽ പരിശീലനം നേടിയ ഞങ്ങടെ PT മാഷ് 

വെളിനാട്ടിൽ പരിശീലനം നേടിയ കൊണ്ട്( പൊട്ട)ഇംഗ്ലീഷ് നിർബ്ബന്ധം ആയിരുന്നു മാഷിന്..

PT ഡിപ്പാർട്ടുമെൻ്റിൽ വാങ്ങിയ ചൂരലിൻ്റെ കാശ് കൊടുക്കാഞ്ഞതിന് Stick No Bills എന്ന് പ്രിൻസിപ്പലിനെ ശാസിച്ച മാഷ്

Open the window let the atmosphere come in എന്ന് ആഘ്വാനിച്ച് ഒരു ക്ലാസിനു മൊത്തം ജീവവായു നൽകിയ മഹാനുഭാവൻ

സമരം ചെയ്ത് ബ്രിട്ടീഷുകാരുടെ കാലത്ത് പണിത കെട്ടിടം ഇടിഞ്ഞു പൊളിയാതെ സ്റ്റോപ്പ് understanding people will suffer എന്ന് ഉറക്കെ നിലവിളിച്ച മാഷ്

വിളിച്ചാൽ വിളി കേൾക്കാത്ത പെൺകൊച്ചിനെ call girl എന്നുറക്കെ വിളിച്ചുണർത്തിയ മാഷ്

തേങ്ങ തലയിൽ വീണു കുട്ടികൾ അപകടപ്പെടാതെ one coconut came ടപ് two coconut came ട്ടപ് ട്ടപ് എന്ന് വിളിച്ചറിയിച്ച മാഷ്

എന്നാൽ ബാസ്കറ്റ് ബോൾ ഹോക്കി ക്രിക്കറ്റ് ഫുട്ബോൾ എന്നിങ്ങനെ എല്ലാത്തിലും കരുത്തുറ്റ ടീമിനെ ഒരുക്കിയ കായിക താരങ്ങളുടെ പ്രിയപ്പെട്ട മാഷ്.

കഴുതപ്പുലി

രണ്ടാം വർഷ പ്രീഡിഗ്രി പഠിക്കുമ്പോളത്തെ ഞങ്ങളുടെ പ്രിൻസിപ്പാൾ.

പുള്ളി പറയുമ്പോ അത് ശകാരം ആണോ തലോടൽ ആണോ എന്ന് പിടികിട്ടില്ല... നിലപാടില്ലാത്ത അല്ലേൽ നിലപാടിൽ ഉറച്ച് നിക്കാത്തതിനാൽ സീനിയേഴ്സ് ഇട്ടപേരാണ് ...ചിരിക്കുകയാണോ കരയുകയാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത കാഴുതപ്പുലി .

ഇദ്ദേഹത്തിന് കമിതാക്കളെ കാണുന്നത് തന്നെ കലി ആയിരുന്നു.

പ്രണയ ജോഡികൾ ഇരിക്കാൻ സാദ്ധ്യത ഉള്ള സ്ഥലങ്ങളിൽ എല്ലാം കറ്റാർവാഴ വെച്ച് പിടിപിക്കൽ ആയിരുന്നു പ്രധാന വിനോദം.. അവസാനം തടിച്ച കറ്റാർവാഴ തണ്ടിൽ ഇളം തൂശൻ തണ്ട് വെച്ച് i love u എഴുതി കമിതാക്കൾ കോളജ് നിറച്ചു.

കമിതാക്കളെ പിടിച്ച് അച്ഛനമ്മമാരെ കോളജിൽ വിളിപ്പിച്ച് നാണം കെടുത്തുക, ഇനി ആവർത്തിക്കില്ല എന്ന് ബോണ്ട് എഴുതിക്കുക എന്നിങ്ങനെ ശിക്ഷ നടപടികളും തുടർന്ന് പൊന്നു.

ഒരിക്കൽ എൻഎസ്എസ് ഓഫീസിനു സമീപം ഒരു ജോഡിയെ സർ പൊക്കി. വെളുത്ത് ചുമന്ന ഒരു പെൺകൊച്ചും അല്പം നിറം കുറവുള്ളൊരു ആൺകുട്ടിയും...

പിടിച്ച ഉടനെ സർ ഗിരിപ്രഭാഷണം തുടങ്ങി...അച്ഛനമ്മമാർ എന്തിന് ഇങ്ങനെ കഷ്ടപ്പെട്ട് പഠിപ്പിക്കുന്നു...എന്തിന് നിങ്ങൾ പ്രേമിച്ചു പഠിത്തം ഉഴപ്പുന്നു...മാതാപിതാക്കളെ കൊണ്ടുവരാതെ രണ്ടും ക്ലാസ്സിൽ കയറരുത് എന്ന് താക്കീതും. ഈ കുട്ടികൾ കെഞ്ചി പറഞ്ഞു ഞങൾ പറയുന്ന ഒന്നു കേൾക്കൂ സർ...പ്ലീസ് എന്നൊക്കെ...nothing doing എന്ന് ശാസിച്ചു സർ പോയി.

പിറ്റേന്ന് രാവിലെ സാറിൻ്റെ ഓഫീസിൽ അവർ എത്തി... കണ്ടപടി സർ അലറി ഇതെന്താ രണ്ടു പേരോടും പേരൻ്റിനെ കൊണ്ട് വരാൻ പറഞ്ഞതല്ലേ??...

സാർ ഇതാണ് ഞങ്ങളുടെ parents.

 അവർ സഹോദരങ്ങൾ ആയിരുന്നു..കറുത്ത അച്ഛനും വെളുത്ത അമ്മക്കും ഉണ്ടായ മക്കൾ...

ഈ കഥ കാട്ടുതീ പോലെ കോളജിൽ പടർന്നു ..അതോടെ സർ ഒന്നു ഒതുങ്ങി..

ഒരിക്കൽ കുഞ്ഞിക്കുറുമ്പിയും കൂട്ടുകാരും ലൈബ്രറിക്ക് പിന്നിൽ ഫൈനൽ സെൻ്റ് ഓഫ് പാർട്ടി പ്ലാൻ ചെയ്യുന്ന തിരക്കിൽ ആയിരുന്നു...മെനു പരിപാടി മുതൽ ഒരുപാട് കര്യങ്ങൾ സംസാരത്തിൽ ഉണ്ട്..

നാല് ആൺകുട്ടികളും നാല് പെൺകുട്ടികളും ആണ് ഗ്രൂപ്പിൽ. ഒരാള് മലയാളം ഹെഡിൻ്റെ മകൻ..ഒരാൾ ഇക്കണോമിക്സ് ടീച്ചറിൻ്റെ കസിൻ ..അങ്ങനെ പിടിക്കപ്പെട്ടാൽ നിലനിൽപ് പ്രശ്‌നമാവുന്ന  മഹാരഥന്മാർ ഉള്ള ഗ്രൂപ്പ്

തകൃതിയായി കാര്യപരിപാടികൾ ചിട്ടപ്പെടുത്തുന്നതിന്നിടയിൽ ക്രൂര ഭാവത്തോടെ കഴുതപ്പുലി ചാടിവീണു...
ഏതു പിരീഡ് ആണെന്ന ചോദ്യത്തിന് പ്രസവാവധിയിൽ പോയ മേരി ടീച്ചറിൻ്റെ കെമിസ്ട്രി എന്ന തന്ത്രപൂർവ്വം പറഞ്ഞു...

പറഞ്ഞു തീർന്നില്ല ഇംഗ്ലീഷ് സുവോളജി ഹിന്ദി ഫിസിക്സ് ...മൂന്ന് ഉത്തരം കൂടി ഒപ്പം എത്തി... ബല്ലേഭേഷ് 

ഇത് പോലെ 3 കൂട്ടുക്കാർ...

കഴതപ്പുലിയുടെ കണ്ണിൽ ഇരയെ പിടിച്ച ഭാവം ... 'നാലും എൻ്റെ ഓഫീസിലേക്ക് പോരെ...ഇപ്പൊ തന്നെ...'

മലയാളം സാറിൻ്റെ മോൻ ബോധം കെട്ടു വീണില്ല എന്നെ ഒള്ളു... 

പ്രിൻസിപ്പലിൻ്റെ റൂമിൽ നിരന്നു നിന്നു ഞങൾ 8 എണ്ണം. മേശപ്പുറത്ത് ഞങ്ങളുടെ മാർക്ക് രേഖപ്പെടുത്തിയ രജിസ്റ്റർ... റൂൾ തടി കൊണ്ട് മാർക്ക് തൊട്ടു ഓരോരുത്തരെ ആയി വിചാരണ തുടങ്ങി... 

സാമാന്യം നല്ല മാർക്ക് ഉള്ള കൊണ്ട് കുഞ്ഞിക്കുറിംബിക്ക് വെല്യ ശകാരം കിട്ടിയില്ല...

അടുത്ത ആളുടെ പേര് നോക്കിയതും ...അയ്യോ അമ്മേ എന്ന് വിളിച്ച് അവൾ കുഴഞ്ഞു വീണു...

(പുള്ളിക്കാരി മുമ്പും ഈ പദ്ധതി നടപ്പാക്കിയിട്ടുണ്ട്, വിജയകരമായി, പ്രത്യേകിച്ച് ലാബിൽ അട്ടെൻഡൻസ് എടുത്ത് 
കഴിയുമ്പോൾ)

ഞങൾ പെൺകുട്ടികൾ അവളെ താങ്ങി എടുത്തു...
" അയ്യോ കുട്ടിയെ അങ്ങോട്ടിരുത്തു ..കുടിക്കാൻ വെള്ളം കൊടുക്കു "... സാർ ആകെ വിരണ്ട മട്ടാണ് 

ഒട്ടും സമയം കളഞ്ഞില്ല...സാറിൻ്റെ വിശ്രമ മുറിയിൽ അവളെ ഇരുത്തി ഫാൻ ഇട്ടു കൂജയിലെ തണുത്തവെള്ളം നുണഞ്ഞ് ഞങൾ ഇരുന്നു...ബോധം കെട്ടവൾ ഒരു ഉറക്കവും പാസാക്കി

ആൺപിള്ളേർ നാലെണ്ണം അടുത്ത അര മണിക്കൂർ സാറിൻ്റെ സാരോപദേശം കേട്ടു. കൂട്ടുകാരിയുടെ അവസരോചിതമായ ബോധം കെടൽ അടുത്ത ഒരു പിരീഡ് കൂടി ഉല്ലാസപൂർണമാവാൻ ഇടയാക്കി

മതിൽ ചാട്ടം

സ്പെഷ്യൽ ക്ലാസ്സ് പ്രീഡിഗ്രി അവസാന കാലത്ത് ശനിയാഴ്ച അവധികൾ ഇല്ലാതാക്കുന്ന ഒട്ടും ഇഷ്ടമില്ലാത്ത ഒരു ഏർപ്പാടാണ്...

മെയിൻ റോഡിൽ പോയാൽ രണ്ടു ബസ് കയറണം.. ക്യാമ്പസിനുള്ളിൽ കൂടി ഉള്ള വഴി പോയാൽ കുറച്ച് ദൂരം നടക്കണം പക്ഷെ കുറച്ച് കാശ് ലഭിക്കാം അത് കൊണ്ട് സിപ്പപ്പ് വാങ്ങിക്കാം.

തികച്ചും വിരസമായൊരു സ്പെഷ്യൽ ക്ലാസ്സ് കഴിഞ്ഞു സിപ്പപ്പ് നുണഞ്ഞ് ചുട്ട വെയിലത്ത് നടന്നു കുഞ്ചിക്കുറുമ്പിയും കൂട്ടുകാരും.

നടന്നു ക്യാമ്പസ് അതിർത്തി എത്തിയപ്പോൾ ഗേറ്റ് പൂട്ടിക്കിടക്കുന്നു . ഇനി ഈ വഴി മുഴുവൻ തിരികെ നടക്കൽ ആലോചിക്കാൻ വയ്യ.

ഗേറ്റ് ചാടിക്കടക്കാൻ തീരുമാനമായി..2 പേർ ചാടി അപ്പുറം എത്തി.. കുഞ്ഞിക്കുറുമ്പിയുടെ ഊഴം ആയി.

വലിഞ്ഞ് കയറി ഒരു കാൽ അപ്പുറത്ത് വെച്ചതും കൈത്തറി തുണിയുടെ നൂൽ ഗേറ്റിൻ്റെ മുകളിലെ കുന്തം പോലുള്ള അഴിയിൽ കുടുങ്ങി. വലിച്ചൂരാൻ നോക്കും തോറും തിരിച്ചു ആയത്തിൽ കുന്തത്തിൽ പതിച്ചു...2 ..3 ആവർത്തി ആയപ്പോളെക്കും കുന്തം ആസനം തുളച്ചു കയറി രക്തം വന്നു. വന്ദനത്തിലെ ജഗദീഷിൻ്റെ അവസ്ഥ.

ഒരു വിധം വലിച്ചൂരി റോഡിലോട്ടു ചാടിയതും  ചെന്നു പതിച്ചത് ഒരു ബന്ധുവിൻ്റെ സ്കൂട്ടറിന് മുന്നിൽ ...അതും അച്ഛൻ്റെ അതേ കമ്പനിയിൽ വർക്ക് ചെയ്യുന്ന ആൻ്റി.

വീടെത്തും മുന്നേ വീടെത്തി എൻ്റെ മതിൽ ചാട്ടത്തിൻ്റെ കമൻ്ററി. മൊബൈൽ ഇല്ലാത്ത കാലമാണെന്നോർക്കണം ... എന്നിട്ടും ഇത്ര വേഗത്തിൽ എങ്ങനെ ഇവർക്ക് വാർത്ത എത്തിക്കാനായി എന്നത് ഒരു സംശയം ആയി അവശേഷിക്കുന്നു.

തുരുമ്പ് കുന്തം തറച്ച ആസനം പൊത്തിയുള്ള എൻ്റെ കരചിലിന് മുന്നിൽ അമ്മയുടെ ദേഷ്യപ്രകടനങ്ങൾ നിഷ്ഭലമായി പോയി

യുവജനോത്സവം 

മൂന്ന് ദിവസം നീളുന്ന യുവജനോത്സവം 

ഒരു യൂണിവേഴ്സിറ്റി യുവജനോത്സവത്തിൽ ഉള്ള എല്ലാ ഇനങ്ങളും പിന്നെ  ഞങ്ങളുടെ കലാലയത്തിൻ്റെ മാത്രം പ്രത്യേകത ആയ ചില ഇനങ്ങളും ഉണ്ടാവും..

കൂവാൻ ഉള്ള സിദ്ധി ഞാൻ നേടിയത് ഇവിടെ ഈ കലാലയത്തിലെ സദസ്സിൽ നിന്നെന്ന് പറയാം ..പിന്നീട് ഉന്നത പഠനകാലത്ത് ഏറെ ഉപകരപെട്ടു ഈ പരിശീലനം.

5 മിനിട്ട് നേരം ലൈറ്റ്മ്യൂസിക് കോംപെറ്റീഷനിൽ പൂക്കൾ പൂക്കൾ എന്ന് മാത്രം പാടി കൂവൽ ഉച്ചസ്ഥായിയിൽ ആക്കിയ ടോണികുട്ടൻ...

Mr. കലാലയം പരിപാടിയിൽ മസ്സിൽ പിടിച്ചപ്പോ നിക്കർ ഊരിപോയ എല്ലുങ്കോലി ബൈജു

ഫാൻസിഡ്രസ് പരിപാടിയിൽ ശ്വാസം വിട്ടപ്പോ വെപ്പ് വയർ ഊരിത്തെറിച്ച കുടവയറൻ 

കൂവിതെളിയൻ വേറെന്ത് വേണം.

അവസാന ഇനമായ മോട്ടോർസൈക്കിൾ പരേഡ് ആണ് താരം.. പ്രച്ഛന്ന വേഷധാരികൾ ആയി മോട്ടോർസൈകിളിൽ ക്യാമ്പസ് മുഴുവൻ പര്യടനം നടത്തും..

ആ വർഷം 15ൽ 5ും വൈശാലിയും ഋഷ്യശ്രിങ്കനും ആയിരുന്നു. പരേഡ് പോകുന്നതിനിടയിൽ വൈശാലികളിൽ രണ്ട് പേരുടെ പക്ഷത്ത് നിന്ന് ഓറഞ്ചും റബർ പന്തും വീഴുന്ന കണ്ട് കൂവി തകർത്തത് കുറച്ചൊന്നും അല്ല...അബദ്ധം മറക്കാൻ ഋഷ്യശ്രിങ്കനെ ഇറുക്കി പുണർന്നിരുന്ന വൈശാലി രംഗ ബോധം തെളിയിച്ചു.

സ്റ്റണ്ട് വീരന്മാർ

അടിയിടി ഇല്ലാതെ എന്ത് ക്യാമ്പസ്

അനേകം അടികൾ കണ്ടിരിക്കുന്നു ..മിക്കവാറും രാഷ്ട്രീയ പ്രേരിതം.. ഹോസ്റ്റലിൽ തുടങ്ങി ക്യാമ്പസിൽ അവസാനിക്കുന്ന അടിയിടികൾ..

ഞങ്ങടെ കോശിച്ചായൻ നയിച്ച അനേകം സ്റ്റണ്ട് രംഗം ഉണ്ടായിട്ടുണ്ട് .. പുള്ളി ഒരാളെ പോലും അടിക്കില്ല...കൊങ്ങക്ക് പിടിച്ച് നിർത്തും...കോശിച്ചായൻ്റെ കയ്യുടെ നീളം കാരണം ഇരക്ക് കൈയ്യോ കാലോ നീട്ടി 
പ്രതിരോധിക്കാൻ എത്തില്ല...ഈ തക്കത്തിന് ബാക്കി പീക്കിരികൾ ഇരയെ ഇടിച്ചു പതം ആക്കും.

തികച്ചും രസകരമായി തോന്നിയ രംഗങ്ങൾ ആയിരുന്നു ഇവയെല്ലാം... എടാ പോട വിളികളും മിതമായ ചീത്തവിളികളും ഉണ്ടാവുമെങ്കിലും തെറിവിളികളോ ആയുധപ്രയോഗമോ രക്തം പൊടിയുക പോലുമോ ചെയ്തിരുന്നില്ല
.......................................

കക്ഷിരാഷ്ട്രീയ ഭേദം ഇല്ലാതെ ആൺപെൺ വ്യത്യാസം ഇല്ലാതെ എല്ലാവരും തല്ലാൻ ഇറങ്ങിയ ഒരു സന്ദർഭം ഉണ്ടായി.

സ്ഥലം സെമിനാരിപ്പടി ബസ് സ്റ്റോപ്പ്. മൂന്നു അൻപത്തിന് വരുന്ന കറുകുറ്റി ബസ്.. 

കറുകുറ്റി സ്വദേശികൾ ആണ് മിക്കവാറും ഇതിൽ ഉള്ളത്...അതുകൊണ്ട് തന്നെ മറ്റു ആളുകൾ കയറിയാൽ ഇവർ വളഞ്ഞു നിന്ന് കളിയാക്കും , മുടി പിടിച്ചു വലിക്കും, നുള്ളും ,ചില്ലറ പൈസ തട്ടിത്തെറിപ്പിക്കും...പയ്യന്മാർ ഇത് ചെയ്യുന്ന കണ്ട് മുതിർന്നവർ ഊറിച്ചിരിക്കും .

പലർക്കും ഈ അനുഭവം വന്നപ്പോൾ ഒരിക്കൽ ഒരു കുട്ടി പ്രതികരിച്ചു. ..അവളെ വല്ലാതെ അശ്ലീലം പറയുന്ന കണ്ട് എതിർത്ത ആൺകുട്ടിയെ അവർ കൈയേറ്റം ചെയ്തു..ഷർട്ട് വലിച്ച് കീറി.

5 പേരുണ്ടായിരുന്നു പ്രധാനികൾ...5 പേരും തകർത്താടി.

പിറ്റേന്ന് ക്യാമ്പസിൽ ഈ വിവരം എത്തി... ഒരു മൊബൈലോ പേജറോ ഇല്ലാത്ത കാലത്ത് വായ്‌മൊഴിയായി ഈ വാർത്ത പരന്നു..

മൂന്നരക്ക് കോളജ് വിടുമ്പോൾ ഒരു ക്യാമ്പസ് മുഴുവൻ  സെമിനാരിപ്പടിയിലേക്ക് നീങ്ങി...ഒരേ വികാരത്തോടെ...ഈ അക്രമം ഇന്ന് അവസാനിപ്പിക്കണം എന്ന് ഒറ്റ ഉദ്ദേശത്തോടെ.

സെമിനാരിപ്പടിയിൽ അന്ന് ട്രാഫിക് പോലീസ് സ്റ്റേഷൻ ഉണ്ട്...പോലീസ് ചേട്ടന്മാർ ഞങ്ങൾക്കൊപ്പം നിന്ന്.

കെഎസ്ആർടിസി കറുകുറ്റി ബസ് വന്നതും പോലീസ് കൈകാട്ടി നിറുത്തി...കുട്ടികൾ ചുറ്റും വളഞ്ഞു...5 വില്ലന്മാർ ഒഴികെ മറ്റെല്ലാവരും ഇറങ്ങി സ്ഥലം വിടാൻ പറഞ്ഞു ..അവരെല്ലാം പോകും വരെ 5 പേരുമാത്രം ബസ്സിൽ.പുറത്ത് നല്ല ചീത്തവിളി

ബസ്സ് കത്തിക്കും എന്ന് അവന്മാർ ഭയന്നു...പോലീസും പിള്ളാരും  മാത്രം ആയ സമയം അവന്മാരെ പുറത്തിറക്കി...എല്ലാവരുടെയും മുന്നിൽ കസേര ഇല്ല കസേരയിൽ ഇരുത്തി അവരെക്കൊണ്ട് സോറി പറയിച്ചു...എല്ലാവരും കേൾക്കെ പോലീസ് അവരെ താക്കീത് ചെയ്തു.

കുട്ടികൾ ആർത്ത് കൂവി പോലീസിന് ജയ് വിളിച്ച്...ചോര ചീന്താതെ ...ബസ് കത്തിക്കാതെ...ഒരു അടി പോലും പൊട്ടിക്കാതെ ഒരുമിച്ച് നിന്നൊരു പകരം വീട്ടൽ...ഈ തൃപ്തി ഇന്നത്തെ ന്യൂജൻ പിള്ളാർക്ക് മനസ്സിലവുമോ എന്തോ

ജനറേഷൻ ഗ്യാപ്പ്

കൗതുകം തോന്നും ഇപ്പൊ ഒള്ള കുട്ടികളുടെ വികാരപ്രക്ഷോഭങ്ങൾ കാണുമ്പോൾ. എന്തിനാണ് ഇത്ര ക്ഷണികമായ ഏറ്റവും സുന്ദരമായ സമയത്തെ ഇങ്ങനെ വിരോധങ്ങളും പോർവിളികളും കൊണ്ട് വികലമാക്കുന്നത്...

നാളെ ഒരിക്കൽ പറഞ്ഞു ചിരിക്കാൻ ഒരു പിടി ഓർമകൾ കൈമുതലാക്കുന്നത്തിന് പകരം ക്യാമ്പസ് പ്രക്ഷോഭങ്ങൾ നടത്തി മുറിവുകളും വൈകല്യങ്ങളും എന്തിന് മരണം പോലും ഉണ്ടാവുന്ന സ്ഥിതി കുഞ്ചിക്കുറുമ്പിക്ക് മനസ്സിലാവുന്നെ ഇല്ല...

ചിലപ്പോ ഇതാവും ജനറേഷൻ ഗ്യാപ്പ്

.................................................................

No comments:

Post a Comment