Friday, 13 December 2024

നാഗവല്ലി റിലോഡഡ്

  



പ്രേതങ്ങളിൽ വിശ്വാസമുണ്ടോ??? പേടിയുണ്ടോ??? പാര നോർമൽ ആക്ടിവിറ്റി എന്നൊന്നുണ്ടോ...

പെട്ടന്ന് അങ്ങനെ ചോദിച്ചാൽ പുരോഗമന ചിന്തക്കാരി എന്ന മുഖപടത്തിന് പിന്നിൽ രഹസ്യമായി ഞാൻ പറയും.... പേടിയുണ്ട്...നല്ലോണം പേടി ഉണ്ട്

മുഖപടത്തിനു മുന്നിലോട്ടു പറയും...എന്തിന് .. അതൊക്കെ വെറുതെ ..ദൈവ വിശ്വാസം മാത്രേ ഒള്ളു എന്ന്...

കുഞ്ചിക്കുറുമ്പിയുടെ ചുറ്റും നടന്ന അസാധാരണ സംഭവങ്ങൾ ആണ് ഇതിവൃത്തം.

(ദൈവികമാകാം ... സൈക്കോളജിക്കൽ ആകാം ..ഇനി പ്രേതം തന്നെയും ആകാം....അങ്ങനെ ഒരു കഥ)


.............. ............................................................   


മനോരമയിലും മനോരാജ്യത്തിലും മംഗളത്തിലും വരുന്ന പ്രേത കഥകൾ വായിച്ചു ജനാലക്കപ്പുറം കാണുന്ന നിഴലുകളിൽ രൂപങ്ങൾ സങ്കല്പിച്ച് കണ്ണിറുക്കി അടച്ചു "അർജ്ജുനൻ ഫല്ഗുണൻ " ചൊല്ലി ഉറങ്ങിയ കൗമാരം ... ഉറങ്ങും മുന്നേ ഹനുമാൻ സ്വാമിയുടെ മന്ത്രം ജപിച്ച് കിടന്നാൽ പേടിസ്വപ്നം കാണില്ല എന്ന് അച്ഛൻ പറഞ്ഞത് ഇന്നും ഞാൻ വിശ്വസിക്കുന്നു..

........................... ..............................................


കോളജ് വിദ്യാഭ്യാസ കാലം... എഞ്ചിനീയറിംഗ് കോളജ് ഹോസ്റ്റൽ ആണ് സ്ഥലം.. 

കഥയിലെ നായികയെ അമ്മിണി എന്ന് വിളിക്കാം. എന്നെക്കാൾ ഒരു വർഷം ജൂനിയർ

5 അടി 8 ഇഞ്ച് പൊക്കം

അരക്കൊപ്പം ചുരുണ്ട മുടി ... 

വലിയ നീണ്ട കണ്ണും അതിനൊത്ത പുരികങ്ങളും ... 

ആകെ ഒരു ആനച്ചന്തം ഉള്ള കുട്ടി

 ( സത്യമായിട്ടും... ഒരു അഴകുള്ള കുട്ടി..പക്ഷെ കാഴ്ചക്ക് എന്തോ ഒരു പിശക്...) 

രാവിലെ 7 മണിക്ക് നാരായണൻ സാറിൻ്റെ ട്യൂഷൻ ക്ലാസ്സിൽ നിന്ന് ഇറങ്ങിപോയ അമ്മിണി പിന്നെ മെസ്സിൽ ആണ് കാണപ്പെട്ടത്...

സ്വന്തം പാത്രത്തിലെ ഉപ്പുമാവും കടലയും കഴിച്ച് മേശപ്പുറത്തെ ബാക്കി 6 പത്രങ്ങളിൽ വേസ്റ്റ് മൊത്തം കഴിക്കുന്ന കണ്ടപോളാണ് കൂട്ടുകാർക്ക് പന്തികേട് തോന്നിയത്..

പിന്നെ ഒരു താണ്ഡവം ആയിരുന്നു... ആടി ഉലഞ്ഞു ഹോസ്റ്റലിൽ ആകെ നടപ്പു തുടങ്ങി.

ചിലരെ തലമണ്ടക്ക് വീക്കി ..ചിലർക്ക് ഒരു പച്ചക്കായ കൊടുത്തു അനുഗ്രഹം ചൊരിഞ്ഞു...ചിലർക്ക് ഒരു കറുത്ത കായകൊടുത് താടിക്ക് ഞ്ഞോണ്ടി ... 

പുറത്ത് കടക്കാതിരിക്കാൻ ഷട്ടർ പൂട്ടിയ ഹോസ്റ്റൽ സെക്രട്ടറിയെ കഴുത്തിനു കുത്തിപ്പിടിച്ച് അര അടി പൊക്കി...തടയാൻ ചെന്ന കുട്ടിയുടെ നൈറ്റി ഒറ്റ പിടിക്ക് വലിച്ചു കീറി...

അലച്ചലറി മെസ്സിൻ്റെ നേരെ വന്നതും, എൻ്റെ മോളെ എന്ത് പറ്റി എന്ന് പരിതപിച്ച ഞങ്ങടെ അമ്മച്ചി കുക്ക് വീപ്പക്കുറ്റിയെ ഹാമർ ത്രോ പോലെ കറക്കി എറിഞ്ഞു..ടിവി റൂമിൻ്റെ മുന്നിലെ ഉരുളൻ തൂണിൽ സ്റ്റിക്കർ പോലെ ഒട്ടിയ അമ്മച്ചി നിരങ്ങി താഴെ വീണു മലച്ചു...

എങ്ങനെയോ അമ്മിണി ഷട്ടർ ലോക്ക് അകത്തി പുറത്ത് കടന്നു..പിറകെ പോയ ഞങ്ങളെ കല്ലെറിഞ്ഞു....ആടി ഉലഞ്ഞു അമ്പലത്തിനു നേരെ തിരിഞ്ഞു .

സംഘത്തിൽ ഉള്ളവർ വടിപയറ്റ് പരിശീലിക്കുന്നതിനിടയിൽ ആണ് അലറിക്കൊണ്ട് അവൾ എത്തിയത്... 

അവർ വടി കൊണ്ട് അടിക്കാൻ ഓങ്ങി... അവള് കല്ലെടുത്ത് എറിഞ്ഞു... ഒരു ചേട്ടൻ്റെ മുന്നിൽ താണ് തൊഴുത് വയ്യാത്ത കുട്ടിയാണ് എന്ന് ഞാൻ അപേക്ഷിചു.

" ഇവൾ ഇവിടെ രാവിലെ ഒപ്പിച്ച പുകിലെന്താണെന്നറിയോ..." ചേട്ടൻ ചീറി....

" ശ്രീകോവിലിൽ കേറാൻ നോക്കി... ഒരു ചേച്ചിയെ തള്ളി അവർ മുഖം ഇടിച്ച് വീണു...നാഗങ്ങളുടെ നടയിൽ വിളക്ക് ഊതിക്കെടുത്തി ...മഞ്ഞള് തൂവിതെറിപ്പിച്ചു...ഇനിയും കയറ്റണോ അകത്ത്...??"

അപ്പോളാണ് ട്യൂഷൻ ക്ലാസ്സിൽ നിന്ന് മുങ്ങി മെസ്സ് ഹാളിൽ പൊങ്ങിയതിനിടയിലെ സംഭവങ്ങൾ ഞങൾ അറിയുന്നത്.

ഒരു വിധം അവിടന്ന് അമ്മിണിയെ വലിച്ച് ഹോസ്റ്റലിൽ എത്തിച്ച് മുറിയിൽ കയറ്റി .. മുറിയിൽ എത്തിയതും ഏറിയ ശക്തിയോടെ ഞങ്ങളെ ഉന്തി വെളിയിൽ ആക്കി അവള് വാതിൽ അടച്ചു.

ഞങ്ങള് സത്യത്തിൽ വിരണ്ടു പോയി.... വെല്ല കടുംകൈയും ഒപ്പിക്കുമോ എന്ന് ഭയന്നു .ഞങൾ വതിലിനിടയിലൂടെ അവളെ നിരീക്ഷിച്ചു കൊണ്ടിരുന്നു ...ഇടക്ക് അവള് തൻ്റെ സഹമുറിയതി കാർത്തുവിനെ ചോദിച്ചിരുന്നു...അവളെ കാണണം അവളെ കൊല്ലണം ...അവള് കരിനാഗമാണ് എന്നൊക്കെ പുലമ്പിയിരുന്നു..

ചുറ്റും വെള്ളം തൂവി എന്തൊക്കെയോ വാരി വായിലിട്ടു കൊറിച്ച് അവള് മുറിയിൽ അക്ഷമയോടെ ഉലാത്തി ....കാർത്തുവിനെ കിട്ടാത്ത കലി തലയിണയിൽ തീർത്തു ...

ഇതിനിടയിൽ അവളുടെ വീട്ടിൽ വിവരം അറിയിച്ചു...അവർക്ക് ഇത് മുന്നേ അറിയാവുന്ന പോലെ ഒരു തണുപ്പൻ മട്ട്.

മണിക്കൂർ 2 കഴിഞ്ഞു മുറിയടച്ചിരിക്കുന്ന അവൾക് ഞങൾ കാവൽ തുടങ്ങിയിട്ട്...അമ്മിണി വാതിൽ തുറന്നു...സൗമ്യയായി ഞങ്ങളെ അകത്തു വിളിച്ചു..എല്ലാരോടും തറയിലിരുത്തി അവള് കര്യങ്ങൾ വിവരിച്ചു....

....,.......................................................................

ഒരു പഴയ തറവാട്ടിൽ വളർന്ന കുട്ടി... മന്ത്രവാദവും കടുത്ത പൂജവിധികളും ഓർമ വെച്ച കാലം തൊട്ട് ജീവിതത്തിൽ നിത്യ സംഭവം.

 ( അവൾക്ക് ശോഭനയുടെ ഛായ ഉണ്ടോ...??)


അമ്മിണി ഒരു ശിവാഭക്ത ആയിരുന്നു.

 

നല്ല പഠിക്കുന്ന കുട്ടി... പലപ്പോഴും കുഞ്ചിക്കുറുമ്പിയുടെ നോട്സും റെക്കോർഡും അവള് പഠിക്കാൻ വാങ്ങിയിരുന്നു. 

റൂമിൽ കൂടെ ഉള്ള കാർത്തൂ പഠനത്തിൽ അവക്കൊപ്പതിനൊപ്പം മിടുക്കി...സ്വഭാവികമായും അവർ തമ്മിൽ ഒരു മത്സരം ഉണ്ടായി.. കാർതൂ അത് നന്നായി ഉൾകൊണ്ടെങ്കിലും അമ്മിണി അത് വളരെ മാത്സര്യത്തോടെ കണ്ടൂ..

ഒരു വേള എല്ലാ പരീക്ഷക്കും കാർതൂ മുന്നിലവുന്നു എന്ന് തോന്നി ..അതോടെ സൗഹൃദം പയ്യെ ശത്രുത ആയി തുടങ്ങി..പാവം കാർത്തൂ ഇതൊന്നും അറിഞ്ഞില്ല.

ഹോസ്റ്റലിൻ്റെ അടുത്ത് കൃഷ്ണക്ഷേത്രത്തിൽ പാരിജാതത്തിൻ്റെ കീഴെ ഉള്ള ശിവൻ്റെ നട അമ്മിണിയുടെ പരിഭവം നിറഞ്ഞ പ്രാർത്ഥനകൾക്ക് വേദിയായി ..അവസാനം പൊറുതി മുട്ടി ഭഗവാൻ ശിവൻ അവളോട് പറഞ്ഞു...

അല്ലെങ്കിൽ പറഞ്ഞതായി അവൾക് തോന്നി 

." അടുത്ത ശിവരാത്രി നീ ഉറങ്ങരുത്...പിറ്റേന്ന് രാവിലെ നീ അമ്പലത്തിൽ വരിക...ശ്രീകോവിലിൽ കൃഷ്ണനെ കണ്ട് കാര്യം പറഞ്ഞു..11 പ്രദക്ഷിണം വെക്കണം...

എന്നിട്ട് നാഗത്തിൻ്റെ വിളക്കണച്ച് കരി നാഗത്തിൻ്റെ വിളക് കൊളുത്തണം ...ഓർക്കുക മഞ്ഞൾ തൂവി സ്ഥലം ശുദ്ധമാക്കണം..

വിഘ്നങ്ങൾ അനേകം ഉണ്ടാവും ...പക്ഷെ രാവിലെ 7 നും 8 നൂം ഇടയിൽ ഇത് നീ നേടിയാൽ നീ സർവ്വ ശക്തികൾക്കും അധിപ ആവും.. സർവഞ്ഞയാവുമ്പോൾ നിൻ്റെ പഠനം മുടങ്ങും...സാരമില്ല സർവജ്ഞാനി ആയാൽ ദേവകൾക്കൊപ്പമാണ് സ്ഥാനം ...പിന്നെ കരിനാഗമായ കാർത്തുവിൻ്റെ നിഗ്രഹം ആയിരിക്കും നിൻ്റെ പ്രഥമ ദൗത്യം".

(പണ്ട് രാമായണ സീരിയൽ തർജമ മനോരമ പേപ്പറിൽ വയിച്ച ഓർമ ആണ് എനിക്ക് വന്നത്...)

പിന്നെ അവള് അവൾടെ പ്രവൃത്തിയെ വിവരിച്ചു...

കൃഷ്ണനോട് പറയാൻ ശ്രീകോവിലിൽ കയറാൻ ധൂമകേതു (അമ്പലത്തിലെ പൂജാരി) സമ്മതിച്ചില്ല .

അവിടനിന്ന ചേച്ചിയെ പുസ്തകം പിടിക്കാൻ എൽപ്പിച്ചിരുന്നു...ഇവൾടെ മട്ടും ഭാവവും കണ്ട് ചേച്ചി ഈ പുസ്തകം താഴെ വെച്ചു...എന്തെന്നാൽ വിദ്യ അവളിൽ നിന്ന് അകറ്റാൻ സരസ്വതി ദേവിയുടെ ശ്രമം... കൊടുത്തു ചേച്ചിക്ക് മുഖം അടച്ച് ഒരെണ്ണം.

അവിടന്ന് ഓടി നാഗങ്ങളുടെ നടയിലെത്തി മഞ്ഞൾ വാരി വിതറി വിളക്കൂതി കരിനാഗത്തിൻ്റെ വിളക്ക് കത്തിക്കാൻ നോക്കിയതും ആളുകൾ ബഹളം വെച്ചു ഓടിച്ചുവിട്ടു. പദ്ധതികൾ പൊളിഞ്ഞു വിദ്യയും കൈവിട്ടുപോയി...ഇനി കരിനാഗ നിഗ്രഹം മാത്രം വഴി ഒള്ളു...

ഇത്രയും ആയപ്പോഴേക്കും അവളുടെ അമ്മാവൻ എത്തി...കരഞ്ഞു കൂവി ബഹളം കൂട്ടിയവൾ ഒരു പാവക്കുട്ടി പോലെ നടന്നു കാറിൽ കയറിപോയി...

കുറച്ചധികം നേരം പിന്നീട് ഹോസ്റ്റലിൽ ആകെ നിശബ്ദത ആയിരുന്നു...ഞങ്ങളിൽ ചിലർ തളർന്നുറങ്ങിപോയി... ഇത്രയും ഡ്രാമ ഇത്രയും ഡാർക് സീൻ ഞങൾ ആരും ഇതിന് മുമ്പ് അനുഭവിചട്ടില്ല...ആകെ ഉള്ള ശബ്ദം കുക്ക് അമ്മച്ചിയുടെ ചളുങ്ങിയ മോന്തയിൽ നിന്നുള്ള തേങ്ങൽ മാത്രം..

പിന്നീട് കുറേക്കാലം അമ്മിണി ചികിത്സയിൽ ആയിരുന്നു....കാർത്തു വിവരങ്ങൾ കേട്ട് ഞെട്ടി ...പക്ഷെ പഠിത്തം തുടർന്നു 

.......................................................................

അടുത്ത സീരീസ് പരീക്ഷയിൽ അവസാന നിമിഷ പഠിത്തത്തിൽ മുഴുകി ഇരിക്കുമ്പോൾ അരികിൽ ആരോ വന്നു പഥോ എന്ന് ബെഞ്ചിൽ പതിച്ചു...

ഞാൻ തിരിഞ്ഞ് നോക്കിയതും ഞെട്ടിപ്പോയി... അമ്മിണി... കവിളുകൾ തുടുത്ത് കലങ്ങിയ കണ്ണും വല്ലാത്ത ഒരു കോടിയ ചിരിയുമായി എൻ്റെ മുഖത്തിൻ്റെ തൊട്ടടുത്ത് അവളുടെ വെലിയ തളിക പോലത്തെ മുഖം...

മണിച്ചിത്രത്താഴിലെ പപ്പു ചോദിക്കും പോലെ ...

" എന്നേകണ്ടിട്ട് എന്തേലും കുഴപ്പം ഉണ്ടോ"


ഉണ്ടെന്ന് പറഞ്ഞാൽ കുഴപ്പം ആയാലോ..

" ഹേയ് എന്തു കുഴപ്പം..."

അമർത്തി ബാസ്സ് കൂട്ടി അടുത്ത ചോദ്യം...

" എന്തെ കുഴപ്പം ഇല്ലേ "

ഞാൻ ആകെ പ്രശ്നത്തിൽ ആയി...ഇനി ഉണ്ടെന്ന് പറഞ്ഞാലും പണിയാവൂല്ലോ...

ഇത്ര ആയപ്പോളെക്കും ഇൻവിജിലേറ്റർ എത്തി അവളെ പുറത്തേക്ക് വിളിച്ചു...

ഞാൻ പഠിച്ചതെല്ലാം ആവി ആയി പോയി...എങ്ങനെയൊക്കെയോ പരീക്ഷ എഴുതി ഞാൻ ഇറങ്ങി ഓടി..പുറകിൽ ചേച്ചി ചേച്ചി എന്ന് അവള് വിളിക്കുന്ന കേട്ടു...ഞാൻ തിരിഞ്ഞു നോക്കിയില്ല.

................................................,...........................

ഇന്ന് വർഷങ്ങൾക്കു ശേഷം മാനസിക ആരോഗ്യത്തെ കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ അവളെ കുറച്ചു കൂടി എനിക്ക് മനസ്സിലാവുന്നുണ്ട്...

പക്ഷെ അമ്മിണി അന്നു ഞാനും നിന്നെ പോലെ തന്നെ ചെറുപ്രായം ആയിരുന്നു... 

മാനസിക വ്യാപാരത്തിൻ്റെ സങ്കീർണത എൻ്റെ ഭയപ്പാടിൻ്റെ മുന്നിൽ എനിക്ക് തെല്ലും പ്രധാനമായിരുന്നില്ല...അമ്മിണി ക്ഷമിക്കണം.

No comments:

Post a Comment