പ്രേമലേഖനം..
ലൗ ലെറ്റർ...
കേക്കുമ്പോ തന്നെ പണ്ട് നെഞ്ചിൽ ഒരു പിടപിടപ്പ്...കണ്ണിമ ഒരു ബട്ടർഫ്ളൈ പോലെ ഇമവെട്ടും
ഇപ്പോഴത്തെ ടെക്സ്ടും ചാറ്റും ഒന്നും പോലെ അല്ല...വളരെ ലളിതവും സുന്ദരവും ആയ ഒരു ആശയവിനിമയം.
കുഞ്ഞിക്കുറുമ്പി ഒരു പ്രേമ രോഗി ആയിരുന്നോ എന്നാവും... പ്രായത്തിൻ്റെ ചപലതകൾ കുരുത്തക്കെടുകൾ ...ഒരു സംഘടിത അവതാരം ആയിരുന്നു എന്ന് പറയാം... എൻ്റെ കൂട്ടുകാർ പറയും പോലെ ഒരു അരപിരി ലൂസ്
........................................................................
കൗമാരത്തിൽ നിന്ന് തുടങ്ങാം കൊടുക്കൽ വാങ്ങൽ ചരിതം..
യുപി സ്കൂൾ കാലഘട്ടം... പ്രായം അറിയിക്കുന്ന പെൺപിള്ളേരും ...പൊടി മീശ മുളക്കുന്നോ എന്ന് സംശയം തോന്നിക്കുന്ന ആൺ പിള്ളേരും ഒരേ ക്ലാസ്സിൽ ഉള്ള co- ed സംവിധാനം...പ്രേമം മുളപൊട്ടുക സർവസാധാരണം.
ക്ലാസ്സിലെ പലരും പെയർ ആയി ..ചിലർക്ക് സ്കൂളിന് പുറത്ത് പല എർത്ത് പരിപാടി ...ആകെ പ്രേമ കഥകൾ തന്നെ.. പാടാം നമുക്കു പാടാം എന്ന് മോഹൻലാൽ നീട്ടി പാടിയ വർഷം ... എവിടെ തിരിഞ്ഞാലും ലൈൻ വലി തന്നെ..
പക്ഷേ സോഡാക്കുപ്പി കണ്ണടയും ചുരുണ്ട കട്ടി മുടിയും ഉരുണ്ട തടിയൻ ദേഹവും ഉള്ള കുഞ്ഞികുറുമ്പിക്ക് മാത്രം ആരും ഇല്ല..
ഈ പ്രേമസല്ലാപങ്ങൾ കണ്ട് റിയാക്ഷൻ ഇട്ടു മരിക്കാതെ ഒരു വിധം യുപി സ്കൂൾ താണ്ടി ഹൈസ്കൂളിൽ എത്തി.. എന്നട്ടും സ്ഥിതി അതു തന്നെ
മടുത്തു...ഓരോ നിറമുള്ള കഥ കേക്കുമ്പോളും തനിക്കെന്തോ പ്രശ്നം ഒള്ള പോലെ തോന്നി തുടങ്ങി... പറ്റില്ല...അങ്ങനെ തകരാൻ ഞാൻ തയ്യാറല്ല.. എൻ്റെ ഭാവന ഉണർന്നു...സ്വന്തമായി ഒരു കാമുകനെ സങ്കല്പിച്ച് ഒരു പേരും നൽകി "സ്വീറ്റി"... എവിടന്നു കിട്ടി ഈ പേര് എന്ന് എനിക്കും അറിയില്ല.
എൻ്റെ സങ്കൽപത്തിലെ സ്വീറ്റിക്ക് ഞാൻ തച്ചിന് പ്രേമലേഖനം എഴുതാൻ തുടങ്ങി.. എല്ലാ ദിവസവും ഒരു എഴുത്ത്...ഉച്ചയ്ക്ക് എഴുതി വൈകിട്ട് വീട്ടിൽ പോവും മുന്നേ കീറിക്കളയും
എല്ലാവരും real life പ്രേമം കളിച്ചപ്പോ ..ഞാൻ എൻ്റെ ഭാവനയിൽ കാമുകി ആയി.. പ്രേമിച്ചു...കലഹിച്ചു...പരിഭവിച്ചു... എൻ്റെ ലോകത്ത് ഞാൻ തന്നെ ഒരു വസന്തം ഒരുക്കി ..( വട്ടാണോ എന്നല്ലേ, സ്വാഭാവികം)
എന്തായാലും ഞാൻ ഹാപ്പി ആയിരുന്നു... പക്ഷേ ഒരു ദിവസം എൻ്റെ പ്രേമലേഖനം കീറിക്കളയൻ മറന്നു..നോട്ട്ബുക്കിൽ താളുകളുടെ ഇടയിൽ ഇരുന്നു..
പിറ്റേന്ന് രാവിലെ ഉറക്കം ഉണർന്ന് വന്നപ്പോ ആകപ്പാടെ വീട്ടിൽ ഒരു പന്തികേട്...ഒരു ഇരുണ്ട അന്തരീക്ഷം..മുഖം കോട്ടി ദേഷ്യം കാണിക്കുന്ന അമ്മ...അച്ഛൻ goodmorning പറഞ്ഞില്ല ..മൊത്തം വശ പിശക്
പല്ലുതേച്ചു മുഖം കഴുകി പുസ്തകം എടുത്തു പഠിക്കാൻ ഇരുന്നെങ്കിലും ചെവി അടുക്കളയിൽ അച്ഛനും അമ്മയും എന്താ പറയുന്നെ എന്നായിരുന്നു. അമ്മയുടെ പിൻബലത്തോടെ അച്ഛൻ വന്നു...കയ്യിൽ എൻ്റെ പ്രേമലേഖനം..വളരെ സ്നേഹത്തോടെ ..
" എന്താ മോളെ ഇത്"...
ഞാൻ ഒന്നും പറഞ്ഞില്ല...കണ്ണ് നിറഞ്ഞു വന്നു...എൻ്റെ ആകെ ഒള്ള എൻ്റർടെയ്ൻമെൻ്റ് ആയിരുന്നു...എങ്ങിനെ പറയും വെറുതെ ആണെന്ന്... എൻ്റെ ഭാവന ആണെന്ന്...ആരേലും വിശ്വസിക്കുമോ
അച്ഛൻ്റെ ഉപദേശം ...എൻ്റെ കൃതി അടുപിലിട്ടെരിയിച്ച് അമ്മയുടെ രോഷപ്രകടനം... എല്ലാം അരങ്ങ് തകർക്കുമ്പോൾ ഞാൻ കരഞ്ഞത് മൊത്തം എൻ്റെ അപര്യാപ്തത ഓർത്തായിരുന്നു... കുഞ്ഞിക്കുറുമ്പിയുടെ ഉള്ളം ആർക്കും മനസ്സിലായില്ല...
പ്രേമലേഖനം എഴുതൽ ഞാൻ അതോടെ നിറുത്തി..
................... ......... .............................................
പ്രീഡിഗ്രി പഠിക്കുമ്പോൾ ഒരു ക്രിസ്മസ് കാലത്ത് കിട്ടിയ കുറയേറെ കാർഡ് ഇതുപോലെ ബാഗിൽ നിന്ന് അമ്മ പൊക്കി ..
അതിൽ മനസ് തുറന്ന ഒരു കൂട്ടുകാരൻ്റെ കൃതികൾ ഉണ്ടായിരുന്നു... അതും അടുപിലെ തീയിൽ സമാധി ആയി...കോളജ് പ്രേമം ... ഇൻഫാക്റ്റുവേഷൻ എന്നൊക്കെ ചെല്ലപേര് വിളിച്ച് ഈ കൂട്ടുകാരനും നടന്നു നീങ്ങി ..
ഒടുവിൽ എനിക്കുള്ള എൻ്റെ ആൾ വന്നപ്പോൾ ... പേജർ യുഗം ആയിരുന്നു...പ്രേമലേഖനം അപ്രസക്തമായി... അന്ന് ഡയറിയിൽ കുറിച്ച് ഞാൻ എന്നിലെ ലേഖികയെ ഉണർത്തിയിരുത്തി.. ഒരിക്കലും കൈ വിട്ടു പോവരുത് ഈ കല എന്ന് ആത്മാർഥമായി ഞാൻ ആഗ്രഹിച്ചിരുന്നു.
....................................................................................
വർഷങ്ങൾക്കു ശേഷം എൻ്റെ മൂത്ത മകൻ്റെ ആംഗലേയ ഭാഷയിലുള്ള ലിഖിതങ്ങൾ എൻ്റെ കണ്ണിൽ പെട്ടു...ആശ്വാസം മറ്റൊരു ഭാഷ എങ്കിലും ഈ കല ഇപ്പോളും ജീവനോടെ ഉണ്ടല്ലോ...
ഇളയവൻ പത്തിൽ പഠിക്കുന്ന കാലം ...ഉടൻ എത്തുക എന്ന് പ്രിൻസിപ്പാൾ വിളിച്ചപ്പോ ചെക്കൻ എന്തോ കുറുമ്പ് ഒപ്പിച്ചു എന്ന് മനസ്സിലായി..
ഏറെ നേരം കാത്തിരിപ്പിച്ച് ടെൻഷൻ അടിപ്പിച്ച് .... അവസാനം ഒരു കടലാസു കയ്യിൽ തന്നു സർ മൊഴിഞ്ഞു...വായിച്ചു നോക്കൂ മകൻ്റെ കൃതി...
വടിവൊത്ത അക്ഷരത്തിൽ എൻ്റെ ഉണ്ണി സുന്ദരമായി എഴുതിയിരിക്കുന്നു...ഒരു പ്രേമലേഖനം .... എൻ്റെ ഭാവനയിൽ ഉള്ള ലളിതമായ സുന്ദരമായ സ്നേഹർദ്രമായ ഒരു ലേഖനം...
എൻ്റെ കണ്ണ് വികസിച്ചു ....കൺകോണുകൾ നനവ് പടർന്നു...നൊസ്റ്റാൾജിയ ആണോ...അതോ ഇക്കാലത്തും ഈ വക കൃതി കണ്ട സന്തോഷമാണോ....അക്ഷരതെറ്റില്ലാതെ ഇത്രയും നന്നായി ഉണ്ണി എഴുതിയല്ലോ എന്ന സന്തോഷമാണോ എന്നറിയില്ല..ഞാൻ കർണങ്ങളെ എച്ചിലാക്കുന്ന ഒരു ചിരി പാസാക്കി...
"സർ സത്യത്തിൽ ഇത് ഇവൻ എഴുതിയതാണോ...എത്ര നന്നായിരിക്കുന്നു.."
സത്യസന്ധമായ ഒരു പ്രതികരണം ആയിരുന്നു എൻ്റേത്...
പക്ഷെ അച്ചടക്കത്തിൻ്റെ അപ്പോസ്ഥലന്മാർക്ക് അതു തീരെ പിടിച്ചില്ല...എന്നെ ഗെറ്റൗട്ട് അടിച്ചു
ആ കല മരിച്ചിട്ടില്ല..സിംപിൾ ആയ നിർമലമായ പ്രേമലേഖനങ്ങൾക്ക് ഇപ്പോളും സ്കോപ്പ് ഉണ്ട്...
സമയം കിട്ടിയാൽ ഒരിക്കൽ കൂടി ഭാവന ഉണർത്തി കുറിക്കണം... നിർമലപ്പ്രണയിത്തിൻ്റെ തൂലികയിൽ ഒരു പ്രേമലേഖനം ✒️. 💗💗💗💗💗

No comments:
Post a Comment