അവധിക്കാലങ്ങള്‍ മിക്കവാറും അച്ഛമ്മയുടെ വീട്ടില്‍ ആയിരുന്നു ചിലവഴിച്ചിരുന്നത്
ഞങ്ങള്‍ അഞ്ചു പേരാണ് കൂട്ട് . 3 ഇരുകാലികളും 2 നാല്കാലികളും.
എന്നെ കൂടാതെ , എന്‍റെ അമ്മായിയുടെ മകന്‍ കണ്ണന്‍ചേട്ടന്‍ പിന്നെ വീട്ടിലെ പണി ചെയ്യണ മല്ലികയുടെ മകന്‍ സുനി ..ഇവരാണ് ഇരുകാലികള്‍
കറമ്പി പശൂന്‍റെ കിടാങ്ങള്‍ അശ്വതിയും ഭരണിയും ( അവര്‍ ജനിച്ച നാള്‍ തന്നെ ആണ് അവരുടെ പേരും )ആണ് നാല്കാലികള്‍. കിടാങ്ങള്‍ ആണെങ്കിലും എന്‍റെ നല്ല കുട്ടുകാര്‍ ആയിരുന്നു അവര്‍ .. കറമ്പി പശുന് ഈ ചങ്ങാത്തം ഒട്ടും ഇഷ്ടമല്ല .. കറക്കാന്‍ വരണ കാര്‍ത്തു പറയണ പോലെ അവള്‍ ആളൊരു മുഷ്കത്തിയാ .
അശ്വതി പാവമാ ..ഞാന്‍ പറയണ പോലെ ഒക്കെ കേക്കും .. വൈകിട്ട് അവളെ ഞാന്‍ ഡാന്‍സ് ക്ലാസ്സില്‍ പഠിച്ച സ്റ്റെപ് ഒക്കെ പഠിപ്പിക്കും ..അവള്‍ അത് പോലെ കളിക്കും ..(കണ്ണന്‍ ചേട്ടന്‍ കുശുംപന്‍ പറയണത് അത് കാലിലെ ഈച്ചയെ ഓടിക്കാന്‍ കാല്‍ അനക്കുന്നത് ആണെന്നാ.. പക്ഷെ അല്ലാട്ടോ.. അവള്‍ ഒരു കലാകാരിയാ )
ഭരണി പക്ഷെ കുറിമ്പിയാണ്.. ഭരണി പോലത്തെ വയറും എപ്പോളും തിന്നണം എന്ന് കൊതിയുമാ അവള്‍ക്ക് ..അടുത്ത് നിക്കണ സൂക്ഷികണം ഇല്ലേ ഉടുപ്പിന്‍റെ ഒരു ഭാഗം തിന്നു തീര്‍ക്കും. കാടിവെള്ളം കുടിച്ചാല്‍ പിന്നെ അതിന്റെ പാത്രം തലയില്‍ കമഴ്ത്തി തീര്‍നെ എന്ന് തലയാട്ടി പ്രതിക്ഷേധം കാണിക്കുന്ന ഒരു പതിവ് അവള്കുണ്ടാരുന്നു .
ഒളിച്ചു കളി ആണ് അന്ന് പ്രധാന കളി .. വീടിന്റെ തട്ടിന്‍ മുകളില്‍ യെധേഷ്ടം ഭരണികളും പെട്ടികളും ഉണ്ട്. പിന്നെ വൈകോല്‍ പേരയും അതിനോട് ചേര്‍ന്ന തൊഴുതും ഇതിന്റെ മേല്‍ പലക അട്ടിയിട്ടുള്ള തട്ടും ..ചായപ്പും കിനട്ടിങ്കരയിലെ പമ്പ് ഷെഡ് മുറ്റത്ത് പലയിടത്തായുള്ള വൈകോല്‍ തുറു എന്ന് വേണ്ട ഒളിക്കാന്‍ സ്ഥലങ്ങള്‍ ഒരുപാടുണ്ട് . ഞാനും കണ്ണന്‍ ചേട്ടനും സുനിയും കളിക്കാര്‍..അശ്വതിം ഭരണിം കാഴ്ചക്കാര്‍ - അതാണ് പതിവ്.
അന്ന് സുനിയാണ് എണ്ണുന്നത് ഞാനും ചേട്ടനും ഒളിച്ചു .തൊഴുത്തിന്റെ മുകളില്‍ ആണ് ഞാന്‍ കയറിയത് .. കറംപിയോടും അശ്വതിയോടും മിണ്ടാതെ നിക്കാന്‍ instruction കൊടുത്ത് ഞാന്‍ അവിടെ പതുന്ഗീ
സുനി എല്ലാടവും തപ്പി ..ആദ്യം ആരെ പിടിക്കുന്നോ അയാള്‍ ആണ് പിന്നെ എണ്ണുന്നത് . അങ്ങനെ ഞാന്‍ അവിടെ പതുങ്ങി ഇരിക്കുമ്പോ .. എന്തോ നിരങ്ങുന ഒരു ശബ്ദം ..ഹിസ് ഹിസ് എന്നും കേക്കുന്നു ..അനങ്ങാതെ ശ്വാസം വിടാതെ തിരിഞ്ഞു നോക്കിയപ്പോ ..എന്റമ്മോ ..ഒരു മഞ്ഞച്ചേര അതും എന്‍റെ വണ്ണം ഉള്ളത് എന്‍റെ അടുതന്നു ഒരടി അകലെ അങ്ങനെ പോവാണ്.. മിണ്ടാന്‍ പറ്റുമോ ..കരയാന്‍ പറ്റുമോ ..രണ്ടാണ് റിസ്ക് ..ഒന്നുകില്‍ സുനി പിടിക്കും അല്ലെ എന്‍റെ കരച്ചില്‍ കേട്ടു ചേര പേടിച്ചാല്‍ അത് ദേഹത്ത് ചുറ്റും ..മിണ്ടാതെ അത് പോവും വരെ ഞാന്‍ അവിടിരുന്നു ..തട്ടിന്റെ മുകളില്‍ പുള്ളികൊഴി ഇട്ട മുട്ട അങ്ങനെ വിഴുങ്ങി ഒരു ഏമ്പക്കവും വിട്ടു ആശാന്‍ പോയപ്പോളെക്കും ഞാന്‍ വിയര്‍ത്തു കുളിച്ചിരുന്നു ..
ഇതിനുള്ളില്‍ കണ്ണന്‍ ചേട്ടന്‍ പിടിക്കപെട്ടതിനാല്‍ ഞാന്‍ ആ കളി ജെയിച്ചു.. പക്ഷെ പാമ്പിനെ കണ്ടു പേടിച്ച കാരണം അന്ന് കളി അതോടെ നിര്‍ത്തി
...............................................................
ഇതുപോലെ തന്നെ ഒരു കളിയുടെ ഇടയില്‍ വൈകോല്‍ പുര ആണ് ഒളിക്കാന്‍ തിരഞ്ഞെടുത്തത്. വൈകോല്‍ പുരയുടെ തട്ടിന് മേലെ കയറി കോണി തള്ളി താഴെ ഇട്ടു ..എന്നട്ട് മേല്‍ വൈകോല്‍ പൊതിഞ്ഞു അനങ്ങാതെ കിടന്നു.. കണ്ണന്‍ ചേട്ടന്‍ മടിയനാ ..മേലെ ഒന്നും കേറി നോക്കില്ല എന്ന് എനിക്ക് നല്ല ധൈര്യമായിരുന്നു
പക്ഷെ അപ്പൊ മറ്റൊരു അമളി പറ്റി.. ആ സമയം മുത്തച്ഛന്‍ വന്നു .." ഇതാരാ ഷെഡ് തുറന്നിട്ടെ ..ഈ പിള്ളേരെ കൊണ്ട് തോറ്റു" ...ഇത്രേം പറഞ്ഞു തട്ടിന്റെ മേലെക്കുള്ള ചെറിയ വാതില്‍ ആദ്യം പൂട്ടി .. പിന്നെ താഴെ പ്രധാന വാതിലും..
സ്വിച്ച് ഓഫ് ചെയ്ത പോലെ അകമാകെ ഇരുട്ടായി.. വൈകൊലില്‍ ഒളിച്ച എനിക്ക് പ്രതികരിക്കാന്‍ പറ്റും മുന്‍പേ എല്ലാം നടന്നു കഴിഞ്ഞു
ഈശ്വരാ ഈ വൈകൊലില്‍ എലി യുണ്ടാവും ..പിന്നെ അവയെ പിടിക്കാന്‍ കൂടിയ ഇനം പാമ്പും .. പിന്നെ അങ്ങേ തൊടിയില്‍ കണ്ടട്ടുണ്ട് എന്ന് പറയണ ചാത്തന്‍.. എന്തോക്കെയവും ഈ ഇരുട്ടില്‍ ..ഓര്‍ത്തപ്പോ എനിക്ക് ദേഹം തരിക്കും പോലെ തോന്നി ..ആരോ തൊട്ടു പിന്നില്‍ നിക്കും പോലെ..ഇരുട്ടില്‍ എന്തോ നീങ്ങും പോലെ .. ഉറക്കെ വിളിച്ചു.. ശബ്ദം പൊങ്ങുന്നില്ല..
ഇതിനിടെ എന്‍റെ കാലിന്റെ തുമ്പത്ത് ഒരു കുഞ്ഞി വെളിച്ചം ..അതിന്റെ പാത നോക്കി ചെന്നിടിച്ചത് ഒരു വാതിലില്‍ ആണ് ..ലോറി കൊണ്ടുവന്നു വൈക്കോല്‍ കയറ്റാന്‍ ഉള്ള വാതില്‍ ആണിത് ..മുറ്റത്ത് നിന്ന ഏകദേശം 12 അടി മുകളില്‍ എന്‍റെ പൊക്കം വരും ഈ വാതിലിനു .. അതിന്റെ വിടവില്‍ വിരലിട്ടു തിക്കി വലിച്ചു നോക്കി ..ഹാവു അത് തുറന്നു
പക്ഷെ അപോളും പ്രോബ്ലം തീരനില്ല ..ഇവടന്ന് താഴെ എങ്ങനെ എത്തും. അപ്പൊ അതാ ഒരു വശത്ത് ഒരു വൈകോല്‍ തുറു . ഞാന്‍ ഉന്നം ചെയ്തു ടാര്‍സന്‍ മാതിരി ഒരു ചാട്ടം ചാടി ..വൈകോല്‍ തുറുവിന്റെ മുകളില്‍ അടക്കാമരത്തിന്റെ തൂണേല്‍ ചെന്നിടിച്ചു നിന്നു. പിന്നെ അവിടന്ന് പയ്യെ ഊര്‍ന്നിറങ്ങി തറയില്‍ എത്തി..
നേരത്തെ പോലെ ഈ കളിയിലും ഞാന്‍ ജയിച്ചു ..അങ്ങനെ ഒരു ഒളിക്കല്‍ അല്ലെ ഒളിച്ചത്.. പക്ഷെ അന്ന് രാത്രി മുഴുവന്‍ ദേഹം ചൊറിഞ്ഞു മതിയായി. വൈകൊലിന്റെ പൊടി ദേഹത്തായി ചൊറിച്ചില്‍ തുടങ്ങിട്ട് ഒരു അന്തവും കുന്തവും ഇല്ലാത്ത ചൊറിച്ചില്‍ ..അമ്മയും അച്ഛനും prickley heat പൌടെരും എല്ലാം സുല്ല് പറഞ്ഞു.. പക്ഷെ അതിന്റെ കാരണം ഞാന്‍ പറഞ്ഞില്ല ..പറഞ്ഞാല്‍ പിന്നെ കളിയ്ക്കാന്‍ വിട്ടില്ലെങ്കിലോ ..
Friday, 4 December 2009
Subscribe to:
Post Comments (Atom)


No comments:
Post a Comment